
തിരൂർ : തീരദേശ ഗ്രാമങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിലച്ചിട്ട് ഒരു ദശാബ്ദം പിന്നിടുമ്പോഴും സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടിയില്ല. 2011ലാണ് തിരൂരിൽനിന്ന് തീരദേശത്തേക്ക് വിവിധ സർവീസുകൾ നടത്തിയിരുന്നത്. തിരൂർ – ആലിങ്ങൽ – പുറത്തൂർ, തിരൂർ – ആലത്തിയൂർ – പുറത്തൂർ, മംഗലം – കൂട്ടായി അഴിമുഖം,വെട്ടം ചീർപ്പ് – വൈരങ്കോട്, പുറത്തൂർ – മലപ്പുറം, വെട്ടം – കോഴിക്കോട്, തൃപ്രങ്ങോട് ശിവക്ഷേത്രം – മലപ്പുറം തുടങ്ങിയ സർവീസുകളാണ് നടത്തിയത്. മുൻ എംഎൽഎമാരായ പി.പി.അബ്ദുല്ലക്കുട്ടിയാണ് സർവീസുകൾ തുടങ്ങി.
ലാഭം മാത്രം നോക്കിയതോടെ 2016ൽ ഈ സർവീസുകളെല്ലാം കെഎസ്ആർടിസി അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ സ്വകാര്യ ബസ് സർവീസുകളാണ് തീരദേശ ഗ്രാമങ്ങളിലേക്കുള്ളത്. കെഎസ്ആർടിസിയുടെ സർവീസുകൾ തീരദേശ ഗ്രാമങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, ജോലിക്കാർ, വനിതകൾ എന്നിവർക്കെല്ലാം ഏറെ സഹായമായിരുന്നു.
ഈ പാതകളിൽ വീണ്ടും കെഎസ്ആർടിസി ബസുകൾ ഓടിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച, വനിതകൾക്കുള്ള സൗജന്യ യാത്ര കൂടുതൽ പേർക്കിടയിൽ എത്തണമെങ്കിലും ഈ സർവീസുകൾ വീണ്ടും ആരംഭിക്കണം. പൊതുവേ കെഎസ്ആർടിസി ബസുകൾ കുറവുള്ള മേഖലയാണ് തിരൂരിനോടു ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങൾ.





