
ആലുവ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയാനുള്ള റൂറല്‍ ജില്ലാ പോലീസിന്റെ ഓപ്പറേഷന് പി.ഹണ്ട് പരിശോധനയില്‍ അസം സ്വദേശി പിടിയിലായി. അസം സ്വദേശി ദിലുകുമാര് (24) ആണ് പെരുമ്പാവൂരില്‍ നിന്നും പിടിയിലായത്. വിവിധ പോണ് സൈറ്റുകളില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുകയും, സ്വന്തം ഉപകരണങ്ങളില്‍ സൂക്ഷിക്കുകയും, സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നാണ് കേസ്.
ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് 19 ഇടങ്ങളിലാണ് പോലീസ് ഒരേസമയം റെയ്ഡ് നടത്തിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സൈബര്‍ സംഘമാണ് പരിശോധനയ്ക്ക് ചുക്കാന്‍ പിടിച്ചത്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലുകുമാറിനെ കുടുക്കിയത്.
കുട്ടികളുടെ അശ്ലീല ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതര കുറ്റമാണ്. അത്തരക്കാരെ സാങ്കേതികമായി ട്രാക്ക് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഓപ്പറേഷന് പി.ഹണ്ടിന്റെ സന്ദേശം. പരിശോധന തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും റൂറല്‍ പോലീസ് വ്യക്തമാക്കി.






