
കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഒന്‍പത് മണിക്കൂറോളം ചോദ്യംചെയ്‌തു. ഇന്നലെ രാവിലെ പത്തരയ്‌ക്ക് ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എയ്‌ക്കൊപ്പമാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ വീണ എത്തിയത്.
ഇ.ഡി. ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥസംഘമാണ് വീണയെ ചോദ്യംചെയ്‌തത്. രാത്രി എട്ടോടെ ഇ.ഡി. ഓഫീസില്‍നിന്ന് പുറത്തിറങ്ങിയ വീണ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെ കാറില്‍ കയറി മടങ്ങി. ചില കാര്യങ്ങളില്‍ വ്യക്‌തത വരുത്താന്‍ വീണയെ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് സൂചന.
വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സേവനമൊന്നും നല്‍കാതെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍നിന്ന് 2.78 കോടി രൂപയും സഹോദരസ്‌ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്‌റ്റ്‌മെന്റ് കമ്പനിയില്‍നിന്ന് 50 ലക്ഷം രൂപ വായ്‌പയും നേടിയെന്നാണ് കേസ്. വീണ മാസപ്പടിയായി വന്‍തുക കൈപ്പറ്റിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതാണ് ഇ.ഡി. കേസിന് ആധാരം. വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ക്ക് ഐ.ടി. സേവനം നല്‍കുന്ന എക്‌സാലോജിക് എന്തു സേവനമാണ് കരിമണല്‍ കമ്പനിക്ക് നല്‍കിയതെന്ന ചോദ്യമാണ് വീണ പ്രധാനമായും നേരിട്ടത്. സി.എം.ആര്‍.എലില്‍നിന്നു വീണയ്‌ക്കും എക്‌സാലോജിക്കിനും പണം ലഭിച്ചത് സേവനമൊന്നും നല്‍കാതെയാണെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസിന്റെയും (എസ്.എഫ്.ഐ.ഒ) ഇ.ഡിയുടെയും കണ്ടെത്തല്‍. തെളിവായി എസ്.എഫ്.ഐ.ഒ. ശേഖരിച്ച രേഖകള്‍ കോടതി ഉത്തരവിലൂടെ ഇ.ഡിക്ക് ലഭ്യമായിരുന്നു. അവയുടെ അടിസ്‌ഥാനത്തിലുള്ള ചോദ്യങ്ങളാണ് വീണയോട് ചോദിച്ചതെന്നാണ് സൂചന.
ആദ്യഘട്ടം ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും വീണയെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. സാമ്പത്തികകുറ്റകൃത്യത്തിനു വീണയ്‌ക്കെതിരേ തെളിവുണ്ടെന്നാണ് ഇ.ഡി. നിലപാട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനില്‍നിന്ന് അനധികൃതസഹായങ്ങള്‍ ലഭിക്കാനാണ് മകള്‍ക്കു മാസപ്പടിയായി 2.78 കോടി രൂപ കരിമണല്‍ കമ്പനി നല്‍കിയതെന്നാണ് ആരോപണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വീണ ആര്‍ജിച്ച സ്വത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു.
വീണയെ ചോദ്യംചെയ്‌ത ഇ.ഡി. ഓഫീസിനു പുറത്ത് കേന്ദ്രസേന ശക്‌തമായ സുരക്ഷയൊരുക്കിയിരുന്നു. കഴിഞ്ഞ 12-ന് ഹാജരാകാന്‍ വീണയ്‌ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ചോദിച്ചു. തുടര്‍ന്നാണ് ഇന്നലെ ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചത്. സി.എം.ആര്‍.എല്‍. മുന്‍ മാനേജിങ് ഡയറക്‌ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തായുടെ ഭാര്യ ജയ കര്‍ത്താ, മകനും കമ്പനി ജോയിന്റ് ഡയറക്‌ടറുമായ ശരണ്‍ എസ്. കര്‍ത്താ, മകള്‍ ഷീബ എസ്. കര്‍ത്താ എന്നിവരെ കഴിഞ്ഞദിവസങ്ങളില്‍ ഇ.ഡി. ചോദ്യംചെയ്‌തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളും വീണയോടുള്ള ചോദ്യങ്ങളായി.






