
തിരുവനന്തപുരം: പസഫിക് സമുദ്രത്തിലെ 'എല്‍നിനോ' പ്രതിഭാസത്തേത്തുടര്‍ന്ന് മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്‌ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം.
30 വരെ, വൈകിട്ട് ആറിനും രാത്രി 12-നുമിടയില്‍ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെ.എസ്.ഇ.ബിയുടെ അറിയിപ്പ്.
മഴ കുറഞ്ഞതിനാല്‍ വൈദ്യുതി ഉത്‌പാദനത്തില്‍ 900 മെഗാവാട്ട് കുറവുണ്ടായി. പവര്‍ എക്‌സ്‌ചേഞ്ചിലൂടെ കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി. എല്‍നിനോ മൂലമുള്ള ഉയര്‍ന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വര്‍ധനയും പ്രതിസന്ധിക്ക് കാരണമായി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ അധികോത്‌പാദനം സാധ്യമല്ല. മാര്‍ച്ച്-ഏപ്രിലില്‍ ഇതരസംസ്‌ഥാനങ്ങളില്‍നിന്നു വായ്‌പ വാങ്ങിയ
വൈദ്യുതി തിരിച്ചുനല്‍കേണ്ട സാഹചര്യവുമുണ്ട്.
സംസ്‌ഥാനത്തു കാലവര്‍ഷം ശക്‌തിപ്പെടാത്തതിനാല്‍ വൈദ്യുതിയുടെ ആവശ്യം അപ്രതീക്ഷിതമായി 4900 മെഗാവാട്ട് വരെ ഉയര്‍ന്നു. വൈദ്യുതി ഉപയോഗത്തില്‍ 10 ദശലക്ഷം യൂണിറ്റ് വര്‍ധന രേഖപ്പെടുത്തി. ഇതോടെ ജൂണ്‍ 16-30 വരെ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിക്കുറവ് നേരിടേണ്ടിവരും.
സാഹചര്യം വിലയിരുത്താന്‍ മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ദൈനംദിനക്കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എന്നാല്‍, ദേശീയതലത്തില്‍ത്തന്നെ വൈദ്യുതി ലഭ്യത കുറഞ്ഞതു വന്‍വെല്ലുവിളിയാണ്. ക്ഷാമം രൂക്ഷമായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.






