
കൊട്ടാരക്കര: കേരളത്തിലും ടി.വി.കെ. ചുവടുറപ്പിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ജന്മദിനത്തില്‍ കേരളത്തിലെ 14 ജില്ലകളിലും അംഗത്വ വിതരണം നടത്തും. 22 നാണ് ജന്മദിനം. അന്നേ ദിവസം തെരത്തെടുത്ത അനാഥമന്ദിരങ്ങളില്‍ അന്നദാനം നടക്കും. രക്‌തദാന സേന രൂപവത്‌കരണവും ഉണ്ടാകും. ഇതിനായി രക്‌തദാന ക്യാമ്പുകള്‍ നടത്തും.
ഈ മാസം അവസാനത്തോടെ സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റി സജ്‌ജമാകും. വിവിധ പാര്‍ട്ടികളിലുള്ളവര്‍ ടി.വി.കെയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
നിലവിലുള്ള വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ മണ്‌ഡലം അടിസ്‌ഥാനത്തിലാണ്. ഇതിനെ ഏരിയ, യൂണിറ്റ് കമ്മിറ്റികളാക്കി മാറ്റും. വിവിധ പാര്‍ട്ടികളില്‍നിന്ന് എത്തുന്ന നേതാക്കളെയും പരിചയസമ്പന്നരെയും ഉള്‍പ്പെടുത്തി സംസ്‌ഥാന, ജില്ല, ഏരിയ, യൂണിറ്റ് കമ്മിറ്റികള്‍ക്കു രൂപംനല്‍കും. വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപവത്‌കരണം. പ്രമുഖരെ ഉള്‍പ്പെടുത്തി ഭാരവാഹികളെ നിശ്‌ചയിക്കും. ഓഗസ്‌റ്റോടെ സംസ്‌ഥാനതല സമ്മേളനം ചേര്‍ന്നു വിജയ്‌യെ കൊണ്ട് പാര്‍ട്ടി പ്രഖ്യാപനം നടത്തിക്കാനാണു ശ്രമം.
14 ജില്ലകളിലും വര്‍ക്കിങ് സെക്രട്ടറിമാരായിട്ടുണ്ട്. അടുത്ത മാസം സംസ്‌ഥാന വര്‍ക്കിങ് സെക്രട്ടറിയെ തെരഞ്ഞെടുക്കും. തിരുവനന്തപുരം: ഷെമീര്‍ ഖാന്‍, കൊല്ലം: അനന്ദു പടിക്കല്‍, പത്തനംതിട്ട: അമര്‍ രാജ്, ആലപ്പുഴ: സംഗീത്, കോട്ടയം: ഷിജോ, എറണാകുളം: അനില്‍കുമാര്‍, പാലക്കാട്: കാജ ഹുസൈന്‍, തൃശൂര്‍: ബിജു, ഇടുക്കി: സലിം രാജ, വയനാട്: റെജിന്‍, മലപ്പുറം: പ്രദീപ്, കോഴിക്കോട്: നസറു, കണ്ണൂര്‍: നിതീഷ്, കാസര്‍ഗോഡ്: സോണിറ്റ് എന്നിവരാണ് ജില്ല വര്‍ക്കിങ് സെക്രട്ടറിമാര്‍.
മോഹനന്‍ പൂവറ്റൂര്‍






