
താമരശേരി: പൂനൂരില്‍ മധ്യവയസ്കന് വെട്ടേറ്റു. പൂനൂര് കക്കാട്ടുമ്മല് അബ്ദുല്‍ മജീദിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് നേരെ വീശിയ കത്തി തടഞ്ഞ അവസരത്തിലാണ് കൈക്ക് വെട്ടേറ്റത്. തന്റെ പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറഞ്ഞു. പ്രസാദിന് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും പഴയ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നുപറഞ്ഞ് പ്രസാദും സുഹൃത്തായ പ്രകാശും പൂനൂരിന് സമീപം പെരിങ്ങളം വയലിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് മദ്യം നല്കിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വീശുകയുമായിരുന്നെന്നുമാണ് മജീദ് പറയുന്നത്.
കൈ മുട്ടിന് മീതെയായി ആഴത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് ഒഴുകുന്ന നിലയില്‍ കണ്ട ഇയാളെ ഓട്ടോ ൈഡ്രവറും നാട്ടുകാരും ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






