
പാരീസ്: ലില്ലിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിനൊരുങ്ങി. മിന്നും ഫോമിലുള്ള വിംഗര്‍ മൈക്കല്‍ ഒലീസെയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്കാണ് ഫ്രാന്‍സിന് ഈ തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഫ്രാന്‍സിന്റെ പരിശീലകനെന്ന നിലയില്‍ ദിദിയര്‍ ദെഷാംപ്സിന് നാട്ടില്‍ അവസാന മത്സരം കൂടിയായിരുന്നു.
അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഫ്രാന്‍സ് കളിച്ച ഈ അവസാന വാം-അപ്പ് മത്സരത്തില്‍ ഒലീസെയുടെ ഒറ്റയാള്‍ പ്രകടനമാണ് ഫ്രാന്‍സിനെ തുണച്ചത്. കളിയുടെ 43-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. ഉസ്മാന് ഡെംബെലെയുടെ ഒരു ഷോട്ട് ഡിഫ്ലെക്റ്റ് ചെയ്ത് ബയേണ്‍ മ്യൂണിക് വിംഗറായ ഒലീസെയുടെ മുന്നിലേക്ക് എത്തുകയായിരുന്നു. ഒലീസെ അത് കൃത്യമായി വലയിലാക്കി. ആദ്യ ഗോളില്‍ ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നെങ്കില്, രണ്ടാമത്തെ ഗോള്‍ മനോഹരമായ ഒരു ഫിനിഷിംഗായിരുന്നു.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളില്‍ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒലീസെ പായിച്ച വെടിയുണ്ട പോലെയുള്ള ഷോട്ട് പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് തുളച്ചുകയറി. ശരാശരി 22.6 വയസ്സ് പ്രായമുള്ള യുവതാരങ്ങളുമായി ഇറങ്ങിയ മൈക്കല്‍ ഒ നീലിന്റെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ടീം തങ്ങളുടെ പോരാട്ടവീര്യത്തിന് 64-ാം മിനിറ്റില്‍ ഫലം കണ്ടു. ഷിയാ ചാള്‍സ് ബോക്സിലേക്ക് കുതിച്ചുകയറി നല്കിയ പാസില്‍ നിന്ന് പാട്രിക് കെല്ലി ക്ലോസ് റേഞ്ചിലൂടെ ഗോള്‍ മടക്കി.
മത്സരം അവസാനിക്കാന്‍ 15 മിനിറ്റ് ശേഷിക്കെ 20 വാര അകലെ നിന്ന് ഒരു തകര്‍പ്പന്‍ കേളിങ് ഷോട്ടിലൂടെ ഒലീസെ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കുകയും ഫ്രാന്‍സിന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു. ഒലിവിയര്‍ ജിറൂഡിനൊപ്പം ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന് എന്ന റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ഒരു ഗോള്‍ മാത്രം അകലെയുള്ള ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെക്ക് ഇന്ന് ഭാഗ്യമുണ്ടായിരുന്നില്ല.
ഡിസയര്‍ ഡൗ ഓഫ്സൈഡായതിനെ തുടര്‍ന്ന് എംബാപ്പെയുടെ ഒരു ഗോള്‍ റഫറി നിഷേധിച്ചു. കൂടാതെ നിരവധി അവസരങ്ങള്‍ താരം പാഴാക്കുകയും ചെയ്തതോടെ റെക്കോര്‍ഡ് നേട്ടത്തിനായി ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വരും. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജാമി ഡോണ്‍ലിയുടെ ഗോളും റഫറി അനുവദിച്ചില്ല. പന്ത് ഹെഡ്ഡ് ചെയ്ത് നല്കിയ റുവാരി മക്കോണ്‍വില്ലെ ഫ്രഞ്ച് താരം തിയോ ഹെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിനാണ് ഗോള്‍ നിഷേധിച്ചത്.
14 വര്‍ഷത്തെ സേവനത്തിന് ശേഷം ഫ്രഞ്ച് മണ്ണില്‍ അവസാനമായി ടീമിനെ നയിച്ച കോച്ച് ദെഷാംപ്സിന് ഇത് വൈകാരികമായ ഒരു രാത്രിയായിരുന്നു. കോച്ച് എന്ന നിലയില്‍ തന്റെ രണ്ടാം ലോകകപ്പ് കിരീടം നേടുക എന്നതിലാകും ഇനി അദ്ദേഹത്തിന്റെ ശ്രദ്ധ. ജൂണ്‍ 16-ന് ന്യൂജേഴ്സിയില്‍ സെനഗലിനെതിരെയാണ് ലെ ബ്ലൂസിന്റെ ആദ്യ ലോകകപ്പ് മത്സരം. ഗ്രൂപ്പ് ഐ-യില്‍ ഇറാഖും, എര്‍ലിംഗ് ഹാലന്‍ഡിന്റെ നോര്‍വേയുമാണ് ഫ്രാന്‍സിന്റെ മറ്റ് എതിരാളികള്‍.






