
മൂന്നാര്‍: ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ വീട്ടിലും ജീവിതത്തിലും ഇനി രക്ഷനും രക്ഷനയ്ക്കും കൂട്ട് മാതാപിതാക്കളുടെ ഓര്‍മകളാണ്. ഇന്നലെ രാവിലെ മാരിയമ്മളും ഇളയ മകന് രക്ഷനുമാണ് വീട്ടില്‍നിന്നും സ്കൂളിലേക്ക് ഇറങ്ങിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ രക്ഷിണ പുറകെ ഇറങ്ങുന്നതേയുള്ളൂ.
മകന്റെ കൈപിടിച്ച് കനത്ത മഴയിലും മൂടല്‍മഞ്ഞിലും അമ്മ ചെന്ന് പെട്ടത് കാട്ടാനക്കൂട്ടത്തിന് മുന്നില്‍. കലിപൂണ്ട ആന രക്ഷനെ തുമ്പിക്കൈയില്‍ ചുഴറ്റി എറിഞ്ഞു. ചെന്നുവീണത് പുല്ലില്‍ ആയതിനാല്‍ കാര്യമായ പരുക്കേറ്റില്ല. ഇതിനുശേഷമാണ് മാരിയമ്മാളിനെ ആന ചവിട്ടി കൊല്ലുന്നത്. പിന്നാലെ ഇതുവഴി ഓട്ടോയില്‍ എത്തിയ ഇവരുടെ ഒരു ബന്ധുവാണ് നടുക്കുന്ന ദൃശ്യം ആദ്യം കാണുന്നത്.
ഇതിനുപിന്നാലെ സ്കൂള്‍ ബസ് കയറുന്നതിനായി എത്തിയ രക്ഷിണ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ്. അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. സഹോദരന് സമീപത്ത് പരുക്കുകളോടെ കിടക്കുന്നു. ഇതിനുശേഷമാണ് നാട്ടുകാരും ആര്.ആര്.ടി സംഘവും ചേര്‍ന്ന് രക്ഷനെ അടി മാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ നടത്തിയ പരിശോധനയ്ക്കും പ്രാഥമിക ചികിത്സയ്ക്കുംശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. എന്നാല്‍ അമ്മ മരണപ്പെട്ട വിവരം രക്ഷന് ഇപ്പോഴും അറിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷമാണ് മാരിയമ്മന്റെ ഭര്‍ത്താവ് രാജ മരണപ്പെട്ടത്.
കൂലിവേല ചെയ്തും വാഹനങ്ങളോടിച്ചുമാണ് രാജ കുടുംബം പോറ്റിയിരുന്നത്. രാജയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന്റെ ഉത്തരവാദി ത്തമേറ്റെടുത്ത മാരിയമ്മ ഏലത്തോട്ടത്തില്‍ തൊഴിലാളിയായി ജോലി ചെയ്യുക യായിരുന്നു.
ഇതിനിടെയാണ് ഇന്നലെ കൊല്ലപ്പെടുന്നത്. ചിന്നക്കനാല്‍ ഗവ. ഹൈസ്കൂളിലെ പത്താംക്ാസ് വിദ്യാര്‍ഥിനിയാണ് രക്ഷിന. ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനുജന് രക്ഷന്. ഇരുവരുടെയും പഠന ചിലവ് വനംവകുപ്പ് ഏറ്റെടുക്കും എന്നാണ് ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനം.
ഈ തീരുമാനം നടപ്പിലാക്കിയില്ലെങ്കില്‍ തന്റെ രണ്ടു മക്കളോടൊപ്പം ഇവരെയും താന്‍ ഏറ്റെടുക്കുമെന്ന ദേവികുളം എം.എല്‍.എ. എഫ് രാജയുടെ വാക്കും ഞങ്ങളൊപ്പമുണ്ടെന്ന് നാട്ടുകാരുടെ ചേര്ത്തുനില്പ്പുമാണ് ഈ കുട്ടികള്‍ക്ക് ഇനി ആശ്വാസം.






