
അഞ്ജു അരവിന്ദിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട്നിരവധി സിനിമകളിൽ നായിക, സഹോദരി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമകൾക്ക് പുറമേ സീരിയലുകളിലും സജീവമായിരുന്നു താരം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും താരം പിന്നീട് തിളങ്ങി.
വർഷങ്ങൾക്ക് ഇപ്പുറവും പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന കഥാപാത്രങ്ങളിലൂടെ താരം ആരാധകർക്ക് മുന്നിലെത്താറുണ്ട്. നർത്തകി കൂടിയായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും തന്റെ വ്ലോഗിലൂടെയും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ തനിക്കേറെ പ്രിയപ്പെട്ടയാളുടെ വിയോഗവാർത്ത ഏറെ നൊമ്പരത്തോടെ പങ്കിടുകയാണ് അഞ്ജു അരവിന്ദ്. അഞ്ജുവിന്റെ അമ്മയുടെ അനിയത്തിയാണ് വേര്‍പെട്ടത്. നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതിനാൽ തന്റെ ആന്റിക്ക് ശരിയായ ചികിൽസ ലഭിക്കാൻ വൈകിയെന്നും എന്തെങ്കിലും ചെറിയ സംശയം തോന്നിയാൽ തന്നെ വിദഗ്ധ പരിശോധന നടത്തണമെന്നും അഞ്ജു അരവിന്ദ് കുറിക്കുന്നു.
‘‘രാജാന്റി.. അമ്മയുടെ അനിയത്തി മാത്രമല്ല, എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. എന്റെ ജീവിതത്തിലെ ഒരു വലിയ റോൾ മോഡൽ.
ആന്റി സാരി ഉടുത്ത് നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഇന്നത്തെ പോലെ അല്ല, അന്നത്തെ കാലത്ത് ഹീൽ ചെരുപ്പ് ധരിച്ച് ആത്മവിശ്വാസത്തോടെ നടന്നിരുന്ന ഒരാളായിരുന്നു ആന്റി. ഞാൻ ആദ്യമായി അത് കണ്ടതും ആന്റിയിലൂടെയായിരുന്നു.
എന്റെ നൃത്തപഠനകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. ആദ്യമായി കുച്ചിപ്പുടി പഠിച്ചപ്പോൾ ഡ്രസ്സ് തുന്നാൻ പോലും വഴിയില്ലാതിരുന്ന സമയത്ത് ആന്റി തന്റെ സാരി തന്നു. ആ സാരി സ്റ്റിച്ച് ചെയ്താണ് എന്റെ ആദ്യ നൃത്തവേഷം ഒരുക്കിയത്. ആ വേഷം ധരിച്ച് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത ഞാൻ സ്റ്റേറ്റ് ലെവൽ വരെ എത്തി.
ഇന്ന് ഞാൻ സ്വയംപര്യാപ്തയായി, സ്വന്തം കാലിൽ നിൽക്കി ജോലി ചെയ്ത് ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റും രാജാന്റിക്കാണ്.
ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് മാതൃഭൂമിയിൽ വന്ന ഒരു പരസ്യം ആൻ്റി എനിക്ക് കാണിച്ചുതന്നു. ആ കോളേജിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിലൂടെയാണ് ഞാൻ ഭരതനാട്യത്തിൽ ബി.എ എടുത്തത്. പിന്നീട് ആര്.എല്‍.വിയിൽ നിന്ന് എം.എ യും പൂർത്തിയാക്കി. എന്റെ സിനിമാജീവിതത്തിലേക്കുള്ള യാത്രയ്ക്കും നിമിത്തമായത് രാജാന്റി തന്നെയാണ്.
പക്ഷേ, നാട്ടിലെ ഡോക്ടറെ അമിതമായി വിശ്വസിച്ചതാണ് നമുക്ക് പറ്റിയ വലിയ തെറ്റ്. ആന്റി വയറുവേദനയെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഗ്യാസ് ട്രബിൾ ആണെന്ന് പറഞ്ഞ് മരുന്ന് കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഏറെ വൈകിയാണ് അത് നാലാം ഘട്ട കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തിൽ തന്നെ ഒരു സ്കാനിംഗ് നിർദേശിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രാജാന്റി ഇന്നും നമ്മളോടൊപ്പം ഉണ്ടായേനേ. ഒരു രോഗിയോട് ഒരു ഡോക്ടറും ഇങ്ങനെ ചെയ്യാൻ പാടില്ല.
ഇന്ന് എല്ലാം അവസാനിച്ച് ആന്റിയെ അവസാനമായി ഒരുക്കിക്കൊടുക്കുമ്പോൾ മനസ്സ് തകർന്നുപോയി. വാക്കുകൾക്കതീതമായ ഒരു ശൂന്യത...
തീരാത്ത കടപ്പാടും അളവറ്റ സ്നേഹവും മാത്രം ബാക്കി...പ്രണാമം...’’ എന്നാണ് ആന്റിയുടെ ചിത്രങ്ങള്‍ പങ്കിട്ട് അഞ്ജു അരവിന്ദ് കുറിച്ചത്.






