
മകൾ വേദയുടെ ഒന്നാം ജന്മദിനത്തിൽ മകളുടെ മുഖം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി ടെലിവിഷൻ താരദമ്പതികളായ ഇഷിത ദത്തയും വത്സൽ ഷേത്തും. കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങളിലെല്ലാം ഹാർട്ട് ഇമോജി ഉപയോഗിച്ച് കുഞ്ഞിന്റെ മുഖം മറച്ചിരുന്ന ദമ്പതികൾ, വേദയുടെ ഒന്നാം പിറന്നാൾ ദിനത്തിലാണ് ആ സർപ്രൈസ് ആരാധകർക്കായി വെളിപ്പെടുത്തിയത്.
"അങ്ങനെ അവൾക്ക് ഒരു വയസ്സായിരിക്കുന്നു. ജന്മദിനാശംസകൾ വേദ" എന്ന അടിക്കുറിപ്പോടെ ഇഷിതയും വത്സലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മനോഹരമായ കുടുംബചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള മനോഹരമായ ഫ്രോക്ക് ധരിച്ച്, രണ്ട് വശത്തും കുടുമ കെട്ടി അതീവ സുന്ദരിയായാണ് വേദക്കുട്ടി ചിത്രങ്ങളിലുള്ളത്. മകളുടെ ഈ പ്രത്യേക ദിനത്തിൽ മാതാപിതാക്കളായ ഇഷിതയും വത്സലും ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കാർട്ടൂൺ തീമിലുള്ള ഒരു ബർത്ത്ഡേ കേക്കും ആഘോഷങ്ങളുടെ ചിത്രങ്ങളിൽ കാണാം.
'റിഷ്ടൺ കാ സൗദാഗർ - ബാസിഗർ' എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ ഇഷിതയും വത്സലും 2017 ലാണ് വിവാഹിതരാകുന്നത്. 2023 ജൂലൈയിലാണ് ഇവർക്ക് ആദ്യത്തെ മകൻ 'വായു' ജനിക്കുന്നത്. തുടർന്ന് തൊട്ടടുത്ത വർഷം ജൂണിൽ രണ്ടാമത്തെ കൺമണിയായി വേദയും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. 'രണ്ടിൽ നിന്ന് നാല് ഹൃദയങ്ങൾ ഒന്നായി സ്പന്ദിക്കുന്നു. ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർണ്ണമായിരിക്കുന്നു,' എന്നായിരുന്നു വേദയുടെ ജനനസമയത്ത് ഇവർ കുറിച്ചത്.
പ്രിയതാരങ്ങളുടെ മകൾക്ക് ജന്മദിനാശംസകളും സ്നേഹവും നേർന്ന് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് കമന്റ് ബോക്സിൽ എത്തിക്കൊണ്ടിരിക്കുന്നത്.






