
മിര്‍പൂര്‍: രണ്ടാം ഏകദിന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്ക് എതിരെ ഒരു ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍, 21 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയക്കെതിരെ ഒരു ഏകദിന വിജയം ബംഗ്ലാദേശ് കുറിച്ചിരുന്നു.
ആറ് തവണ ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയക്കെതിരെ ഇതിനുമുമ്പ് കളിച്ച നാല് ഏകദിന പരമ്പരകളും 3-0 എന്ന നിലയിലാണ് ബംഗ്ലാദേശ് തോറ്റിരുന്നത്. 2005-ല്‍ ഇംഗ്ലണ്ട് ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലാണ് ബംഗ്ലാദേശ് ഇതിനുമുമ്പ് ഓസ്ട്രേലിയയെ ഒരു ഏകദിനത്തില്‍ തോല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി നേടിയ രണ്ട് വിജയങ്ങളോടെ, 2021-ലെ ടി20 പരമ്പര വിജയത്തിന് പിന്നാലെ ആദ്യമായി ഒരു ഏകദിന പരമ്പര വിജയവും അവര്‍ സ്വന്തം പേരില്‍ കുറിച്ചു.
മഴമൂലം ഓസ്ട്രേലിയന്‍ ഇന്നിങ്സ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന്, ഡിഎല്‍എസ് നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 41 ഓവറില്‍ 192 റണ്‍സായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ തന്‍സിദ് ഹസന് തമീമിനെ (0) നഷ്ടമായി. തുടര്‍ന്ന് ഒന്നിച്ച സൗമ്യ സര്‍ക്കാരും (42) നജ്മുല്‍ ഹൊസൈന്‍ ശാന്തോയും (41) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും പെട്ടെന്ന് പുറത്തായതോടെ ബംഗ്ലാദേശ് 98-3 എന്ന നിലയിലായി.
പിന്നീട് തൗഹീദ് ഹൃദോയിയുടെയും (40*) ക്യാപ്റ്റന്‍ മെഹ്ദി ഹസന് മിറാസിന്റെയും (22*) മികച്ച ബാറ്റിംഗ് പ്രകടനം ആറ് ഓവറുകള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശിനെ വിജയതീരത്ത് എത്തിച്ചു. ബാറ്റിംഗിനിറങ്ങിയ മെഹ്ദി ഹസന് നാഥന് എല്ലിസിന്റെ ബൗണ്‍സര്‍ തലയിലിടിച്ച് പരിക്കേറ്റിരുന്നു. സ്ട്രെച്ചര്‍ വിളിക്കേണ്ടി വന്നെങ്കിലും താരം കളംവിടാതെ ബാറ്റിംഗ് തുടരുകയായിരുന്നു. മിച്ച് മാര്‍ഷ്, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ഓസ്ട്രേലിയ, മഴയെത്തും മുന്‍പ് 42 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് എടുത്തത്.
കളിയുടെ ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ 3 വിക്കറ്റുകള്‍ ഓസ്ട്രേലിയക്ക് നഷ്ടമായി. അന്താരാഷ്ട്ര പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 4,975 മത്സരങ്ങളില്‍, ഒരു ടീമിന് റണ്‍സൊന്നും എടുക്കുന്നതിന് മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുന്നത് ഇത് നാലാം തവണ മാത്രമാണ്.
തുടര്‍ന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ ജോഷ് ഇംഗ്ലിസ് (34 റണ്‍സ്) ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. മാര്‍നസ് ലബുഷെയ്ന് പുറത്താകാതെ 55 റണ്‍സെടുക്കുകയും, സേവ്യര്‍ ബാര്ട്ട്ലെറ്റുമായി (52) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 103 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. മഴയെത്തുന്നതിന് തൊട്ടുമുമ്പ് ബാര്‍ട്ട്ലെറ്റും ആഡം സാംപയും പുറത്തായത് ഡിഎല്‍എസ് നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം കുറയ്ക്കാന്‍ കാരണമായി. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച മിര്‍പൂരില്‍ നടക്കും.






