
മിയാമി: നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ടീമിലേക്ക്, പരിക്കേറ്റ ലിയോണാര്‍ഡോ ബാലെര്ഡിക്ക് പകരം ഡിഫെന്‍ഡര്‍ മാര്‍ക്കോസ് സെനേസിയെ ഉള്‍പ്പെടുത്തിയതായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് വ്യാഴാഴ്ച അറിയിച്ചു.
വലത് കാല്‍മുട്ടിന് താഴെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയുടെ താരമായ ബാലെര്ഡിയെ ശനിയാഴ്ച അര്‍ജന്റീനയുടെ 26 അംഗ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബേണ്‍മൗത്തുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് 29-കാരനായ സെനേസി പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറില്‍ ചേര്‍ന്നിരിക്കുകയാണ്. രാജ്യാന്തര തലത്തില്‍ അര്‍ജന്റീനയ്ക്കായി ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരേയൊരു മത്സരം മാത്രം നഷ്ടപ്പെടുത്തിയ സെനേസി, ബേണ്‍മൗത്തിനെ ലീഗില്‍ ആറാം സ്ഥാനത്തെത്തിക്കുന്നതിലും ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഗ്രൂപ്പ് ജെ യിലെ ആദ്യ മത്സരം ചൊവ്വാഴ്ച അള്‍ജീരിയയ്ക്കെതിരെയാണ്. ഇതിനുശേഷം ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെയും അവര്‍ നേരിടും.





