ടൊറന്റോ: ഇംഗ്ലണ്ടിനു പിന്നാലെ എല്‍ ഗ്രൂപ്പില്‍ ജയമറിഞ്ഞത് ഘാനയാണ്. ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പനാമയെയാണ് അവര്‍ തോല്‍പ്പിച്ചത്.
ഗോള്‍രഹിതമായി അവസാനിക്കേണ്ട മത്സരത്തില്‍ കാലെബ് യിറെങ്കിയാണു ഗോളടിച്ചത്. ടൊറന്റോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 95-ാം മിനിറ്റിലായിരുന്നു കാലെബിന്റെ ഗോള്‍. കളിയുടെ 63 ശതമാനം സമയത്തും പന്ത് സ്വന്തമാക്കി വച്ചെങ്കിലും ഗോളടിക്കാന്‍ ഘാനയ്‌ക്കായിരുന്നില്ല. പനാമയും മികച്ചു നിന്നെങ്കിലും ഗോളടിക്കാന്‍ കഴിയാത്തതു തിരിച്ചടിയായി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ പനാമ ഘാന ഗോള്‍ മുഖത്തെത്തി. സെസീലിയോ വാട്ടര്‍മാന്റെ മുന്നേറ്റം പക്ഷേ ഗോളായില്ല. പനാമയുടെ തുടരന്‍ ആക്രമണം കാരണം ഘാന പ്രതിരോധത്തിലായി.
ഗോള്‍ കീപ്പര്‍ ലോറന്‍സ് അതി സിഗിയുടെയും പ്രതിരോധക്കാരുടെയും മികവ് ഘാനയെ തുണച്ചു. ഒന്നാം പകുതിയില്‍ പനാമയാണ് മികച്ചുനിന്നത്. രണ്ടാം പകുതിയില്‍ ഘാന ഉണര്‍ന്നു കളിച്ചു.പകരക്കാരെ കളത്തിലിറക്കിയ സംഘം മുന്നേറ്റങ്ങളും നടത്തി.
64-ാം മിനിറ്റില്‍ പനാമയുടെ സീസര്‍ ബ്ലാക്ക്‌മാന്റെ ഗോളായില്ല. ഇഞ്ചുറി ടൈമില്‍ പനാമയെ ഞെട്ടിച്ച് ഘാനയുടെ ഗോളെത്തി. ഇടതുവിങ്ങില്‍നിന്നു മുന്നേറിയ ബ്രാന്‍ഡന്‍ തോമസിന്റെ ക്രോസ് കാലെബ് യിറെന്‍കി അനായാസം വലയിലാക്കി.





