
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യുമായുളള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം തിരുച്ചിറപ്പളളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണിത്. സംസ്ഥാന സെക്രട്ടറിയറ്റുമായുളള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂര്‍ മണ്ഡലം നിലനിര്‍ത്തുകയും തിരുച്ചിറപ്പളളി ഈസ്റ്റ സീറ്റ് ഒഴിയുകയും ചെയ്തു. ഈ ഒഴിവിലേക്ക് രാഘവ ലോറന്‍സ് ടിവികെ സ്ഥാനാര്‍ഥിയായി എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
നിങ്ങളുടെ കടമകള്‍ ഫലപ്രതീക്ഷയില്ലാതെ ആത്മാര്‍ത്ഥമായി ചെയ്യുക. എനിക്ക് നിങ്ങളുടെ ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമുണ്ട്. രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പണമുണ്ടാക്കാനോ ഏതെങ്കിലും പദവികള്‍ നേടിയെടുക്കാനോ എനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. ഞാന്‍ വിശ്വസിക്കുന്ന, എനിക്ക് പ്രിയപ്പെട്ട ആരെങ്കിലും രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍, അവര്‍ക്കൊപ്പം നിലകൊള്ളാനും, ഞാന്‍ ഇപ്പോള്‍ വ്യക്തിപരമായി ചെയ്യുന്നതിനേക്കാള്‍ വലിയ തോതില്‍ സമൂഹത്തെ സേവിക്കാനും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.
എന്നാല്‍ ഇന്ന്, സാഹചര്യങ്ങള്‍ എന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ഒരു ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ 10:00 മണിക്ക് ഞാന്‍ പങ്കുവെക്കുന്ന വീഡിയോയില്‍, രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്, അത് എങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു, രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ അമ്മയുടെ വീക്ഷണം, എന്റെ ഈ യാത്രയെ രൂപപ്പെടുത്തിയ ചില പ്രധാനപ്പെട്ടതും കൗതുകമുണര്‍ത്തുന്നതുമായ സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും കൂടി എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ സംസാരിച്ചിട്ടുണ്ട്.
നിങ്ങള്‍ എല്ലാവരും ഈ വീഡിയോ പൂര്‍ണ്ണമായി കാണണമെന്നും നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നോട് പങ്കുവെക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാന്‍ ഈ സുപ്രധാന ചുവടുവെപ്പ് നടത്തുമ്പോള്‍, നിങ്ങളുടെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്. രാഘവ ലോറന്‍സ് കുറിച്ചു.
കൊറിയോഗ്രാഫര്‍, നടന്‍ , സംവിധായകന്‍ , നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ വ്യക്തിയാണ് രാഘവ ലോറന്‍സ്. സിനിമയ്ക്ക് പുറമെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബെന്‍സ് എന്ന ചിത്രത്തിനെറ തിരക്കിലായിരുന്ന അദ്ദേഹം, ആ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കിയത്.






