ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തെപ്പറ്റിയുള്ള വിശേഷണം കഴിഞ്ഞാല്‍ സംസ്‌ഥാനത്തു ഏറ്റവും പ്രചാരം ലഭിച്ച പ്രഖ്യാപനമാണ്, സര്‍ക്കാര്‍ റവന്യൂവിന്റെ സിംഹഭാഗവും ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കപ്പെടുന്നു എന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്‌ഥിതി അനാവരണം ചെയ്‌തു നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍, വരവിന്റെ 77.6% ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന് രേഖപ്പെടുത്തിയതോടെ, കാലങ്ങളായി സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴൊക്കെ ഉയര്‍ന്നു വരാറുള്ള മേല്‍ സൂചിപ്പിച്ച പരാമര്‍ശം, സംസ്‌ഥാനത്ത് വീണ്ടും പ്രതിധ്വനിക്കുന്നു.
വരുമാനത്തിന്റെ ഭൂരിഭാഗവും ഒരു ഭരണകൂടത്തിന്, ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി ചെലവിടേണ്ടിവരുന്നത് വ്യത്യസ്‌ത കാരണങ്ങളാല്‍ സംഭവിക്കാം. സൗജന്യമായോ തുച്‌ഛനിരക്കിലോ കൂടുതല്‍ സേവങ്ങള്‍ നല്‍കുക, ക്രമാതീതമായ തോതില്‍ വര്‍ധിച്ച ആനുകൂല്യങ്ങള്‍ ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുക, സര്‍ക്കാരിന് വേണ്ടത്ര വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയാതിരിക്കുക എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം. ഈ വിഷയങ്ങള്‍ ഇഴകീറി നോക്കുന്നതിനൊപ്പം, ഉദ്യോഗസ്‌ഥര്‍ക്ക് ശമ്പളം നല്‍കുന്നതിലൂടെ ഇക്കൂട്ടര്‍ക്ക് ജീവിതമാര്‍ഗം എന്നതുമാത്രമേ കൈവരിക്കുന്നുള്ളോ പൊതു സമൂഹത്തിനു നേട്ടമൊന്നും ഉണ്ടാകുന്നില്ലേ എന്നതു കൂടി പരിശോധിക്കണം.
ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസം, ക്രമസമാധാനപാലനം, റവന്യൂ, നീതിന്യായം, പൊതുവിതരണം, വനസംരക്ഷണം, ഗതാഗതം, കൃഷി തുടങ്ങി നിരവധി മേഖലകളിലെ അടിസ്‌ഥാന സേവനങ്ങള്‍ ഒരുക്കുന്നതിലേക്ക് സര്‍ക്കാര്‍ ചെലവിടുന്ന തുക, സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് ശമ്പളം നല്‍കാന്‍ എന്ന നിലയില്‍ ചെലവിടുന്നതായി വിവക്ഷിക്കപ്പെടേണ്ട ഒന്നല്ല. പൊതുജനങ്ങള്‍ക്കുള്ള സേവങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്ന തുകയാണ്. വിവിധ മേഖലകളിലെ സേവനങ്ങളുടെ ഗുണഭോക്‌താവ് പൊതുജനമാണ്.
സേവനം നിവൃത്തിക്കുന്ന ഉദ്യോഗസ്‌ഥര്‍, കര്‍ത്തവ്യ നിര്‍വഹണം അവരുടെ ഉപജീവനമാര്‍ഗം കൂടി ആണെന്നതിനാല്‍, ശമ്പളം കൈപ്പറ്റുന്നു എന്നത് കൊണ്ട് ഇത്തരം അടിസ്‌ഥാന സേവനങ്ങള്‍ക്കുള്‍പ്പടെ സര്‍ക്കാര്‍ നടത്തുന്ന ചെലവുകളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കായി ചെലവാക്കുന്നവ എന്ന് സ്‌ഥാപിക്കുന്നത് വാസ്‌തവ വിരുദ്ധമാണ്. ഇത്തരം ഒരു പിഴവാര്‍ന്ന നിര്‍വചനം ആണ് റവന്യൂ വരവിന്റെ സിംഹഭാഗം ഉദ്യോഗസ്‌ഥര്‍ക്ക് എന്ന തെറ്റായ ധാരണ പൊതു സമൂഹത്തില്‍ പ്രബലപ്പെടാന്‍ പ്രധാന കാരണം. വരുമാനം ഉദ്യോഗസ്‌ഥര്‍ എന്നയൊരു കൂട്ടര്‍ക്കായി ചെലവഴിക്കുകയല്ലെന്നും, വിവിധ മേഖലകളില്‍ ആവശ്യമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ഉദ്യോഗസ്‌ഥര്‍ക്ക് തൊഴില്‍ ദാതാവ് എന്ന നിലയില്‍ വേതനം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നുമുള്ള വസ്‌തുത പലപ്പോഴും വേണ്ടത്രരീതിയില്‍ പൊതുസമൂഹം ശ്രദ്ധിക്കാതെ പോകുന്നു.
വര്‍ത്തമാനകാല സാമ്പത്തിക-സാമൂഹിക വ്യവസ്‌ഥിതിക്ക് അനുസൃതമായി, ഉദ്യോഗസ്‌ഥര്‍ക്ക് ന്യായമായി നല്‍കേണ്ടതിനേക്കാള്‍ വളരെ ഉയര്‍ന്ന വേതനം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്നുവെങ്കില്‍, അഥവാ അങ്ങനെ ക്രമാതീതമായ തോതില്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നതാണ് ശമ്പളം-പെന്‍ഷന്‍ ചെലവുകള്‍ സര്‍ക്കാരിന്റെ റവന്യു വരവില്‍ നല്ല പങ്കും ചെലവഴിക്കപ്പെടുന്നതിനു കാരണമെങ്കില്‍, അത് വിമര്‍ശന വിധേയമാക്കേണ്ടതു തന്നെയാണ്. സേവനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ്- കുറഞ്ഞപക്ഷം അവയുടെ മുഖ്യപങ്ക് എങ്കിലും - ഗുണഭോക്‌താക്കളില്‍നിന്ന് ഈടാക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ സ്‌ഥിതി വിഭിന്നമായിരിക്കും എന്ന ഒറ്റ വസ്‌തുതയില്‍നിന്നും, നിര്‍ബന്ധിത ചെലവുകള്‍ വരുമാനത്തിന്റെ സിംഹഭാഗമാകുന്നതിനു കാരണം ഉദ്യോഗസ്‌ഥരുടെ വേതനം ക്രമത്തിലധികം ഉയര്‍ന്നു നില്‍ക്കുന്നതല്ല എന്ന് ഉറപ്പിക്കാം. പൊതുമേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്‌ഥാപനങ്ങളുടെ സാമ്പത്തിക സ്‌ഥിതി പരിശോധിച്ചാല്‍ ഈ വസ്‌തുത കൂടുതല്‍ വ്യക്‌തമാകും.
ധനകാര്യ മേഖലയില്‍ ഏതു സേവനത്തിനും ഉപയോക്‌താക്കള്‍ ഫീസ് നല്‍കേണ്ടതുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ബാങ്കുകള്‍ കോടികളുടെ ലാഭം ഉണ്ടാക്കുന്നതിന്റെ കണക്ക് പതിവായി കാണാം. സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെക്കാള്‍ ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബാങ്കുകള്‍ ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും, വരുമാനത്തിന്റെ വലിയൊരു ഭാഗം ഉദ്യോഗസ്‌ഥ വേതനത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കുന്നെന്ന ആക്ഷേപം അവിടെ ഉണ്ടാകുന്നില്ല. ബാങ്കുകളുടെ ചെറിയ സേവനങ്ങള്‍ സൗജന്യമായോ, തുച്‌ഛമായ നിരക്കിലോ നല്‍കിയാല്‍ സ്വാഭാവികമായും ഇതായിരിക്കില്ല അവസ്‌ഥ. ധനകാര്യ മേഖലയില്‍ ഈടാക്കുന്ന രീതിയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് ചുമത്തിയാല്‍ ഇപ്പോഴത്തേതുപോലെ ശമ്പളം പെന്‍ഷന്‍ ചെലവ് സര്‍ക്കാരിന്റെ റവന്യൂവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഭൂരിപക്ഷം ആവുകയുമില്ല. പക്ഷേ, സേവനങ്ങള്‍ക്ക് അങ്ങനെ ഫീസ് ചുമത്തുക ആയിരിക്കില്ല ജനാഭിലാഷം.
വമ്പന്‍ വ്യാവസായിക കേന്ദ്രങ്ങള്‍ ഇല്ലാത്ത സംസ്‌ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തദ്ദേശിയരില്‍നിന്നുള്ള നികുതിപ്പണമായിരിക്കും പ്രധാന വരുമാന സ്രോതസ്സ്. വ്യാവസായിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലൂടെ വന്‍തോതില്‍ ഇതര നാട്ടുകാരുടെ പണം നേടി ഖജനാവ് പുഷ്‌ടിപ്പെടുന്ന സര്‍ക്കാരുകളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ് ഈ അവസ്‌ഥ. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു വേണം തദ്ദേശിയരില്‍നിന്നുള്ള നികുതിപ്പണം മാത്രം ആശ്രയമായ സര്‍ക്കാരുകള്‍ നികുതിഘടനയും ജനപ്രിയ പദ്ധതികളുമൊക്കെ പരുവപ്പെടുത്താന്‍. ആരോഗ്യം, പൊതു വിദ്യാഭ്യാസം, ക്രമസമാധാനപാലനം, നീതിന്യായം, വനസംരക്ഷം, പൊതുഗതാഗതം, മൃഗസംരക്ഷണം, തുടങ്ങി ഒട്ടനവധി രംഗത്തെ സൗജന്യ നിരക്കിലുള്ള സേവനങ്ങള്‍, റവന്യൂ വരവ് കുറവാണെങ്കിലും, സര്‍ക്കാരിന് ഒഴിവാക്കാനാവാത്തതാണ്. അത് കൊണ്ടുതന്നെ റവന്യൂ വരവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത്യാദി അടിസ്‌ഥാന സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചിലവഴിക്കപ്പെടുന്ന തുകയുടെ തോത് അധികമായിരിക്കും.
സംസ്‌ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ - അത് സേവനങ്ങള്‍ ആണെന്നതു കൊണ്ടു തന്നെ - ആ സേവനങ്ങള്‍ക്കായി വേണ്ടിവരുന്ന ചിലവ് ഗൗനിക്കാതെ, സൗജന്യമായോ, അല്ലെങ്കില്‍ തുച്‌ഛമായ നിരക്കിലോ നല്‍കുന്നത്, സര്‍ക്കാരിന്റെ കുറഞ്ഞ റവന്യൂവിന് നിമിത്തമാകുന്നു. സേവനമായതിനാല്‍, വരുമാനം ലക്ഷ്യമിടാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, സേവനം ഒരുക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്ന വേതനം, അവിടെയുണ്ടാകുന്ന വരുമാനവുമായി തട്ടിച്ചു നോക്കിയാല്‍ സിംഹഭാഗമാകുന്നത് തികച്ചും സ്വാഭാവികം. ഇത് ജനകീയ സര്‍ക്കാറുകളുടെ ജനപക്ഷ നയങ്ങളുടെ സൃഷ്‌ടിയാണ്.
അവശ്യസേവനങ്ങള്‍ക്കും ജനപ്രിയ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍ സ്വാഭാവികമായി ഭവിക്കുന്ന റവന്യൂ ശോഷണത്തിന്റെ ഉത്തരവാദിത്വം നയരൂപീകരണം നിര്‍വഹിക്കുന്ന ഭരണാധികാരികള്‍ക്കാണ്. ജനപ്രിയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ ഇതര വരുമാനസ്രോതസുകള്‍ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. ദീര്‍ഘവീക്ഷണത്തോടും ഉള്‍ക്കാഴ്‌ചയോടും കൂടി സംസ്‌ഥാനത്തിന്റെ ധനസ്രോതസ് കാലാനുസൃത വളര്‍ച്ച കൈവരിക്കാനുതകുന്ന വന്‍കിട പദ്ധതികള്‍ ആവശ്യമായതോതില്‍ ആവിഷ്‌കരിക്കുന്നതില്‍ കലാകാലങ്ങളിലെ ഭരണാധികാരികള്‍ക്ക് കഴിയാതെ പോയതിന്റെ സൃഷ്‌ടിയാണ്, ഇന്നിപ്പോള്‍ നിര്‍ബന്ധിത - സ്‌ഥിരം ചെലവുകള്‍ക്കായി സംസ്‌ഥാന വരവിന്റെ നാലില്‍മൂന്നും വേണ്ടിവരുന്ന അവസ്‌ഥ.
സര്‍ക്കാരുകളുടെ, ധനസ്‌ഥിതി നോക്കാതെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ജനപ്രീണന പരിപാടി മൂലവും, ഒപ്പം റവന്യൂ വരുമാനം കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പദ്ധതികള്‍ ആവശ്യമായ തോതില്‍ ആസൂത്രണം ചെയ്യാനുള്ള ഉള്‍ക്കാഴ്‌ചയും അവ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഇച്‌ഛാശക്‌തിയും കലാകാലങ്ങളിലെ ഭരണ നേതൃത്വങ്ങള്‍ക്ക് കുറഞ്ഞു പോയതുകൊണ്ടും, സേവന നിര്‍വഹണത്തിനുള്ള ശമ്പളം-പെന്‍ഷന്‍ തുടങ്ങിയ സ്‌ഥിരം ചെലവുകള്‍ക്ക് ആവശ്യമായതില്‍ കൂടുതലായി ഏറെയൊന്നും റവന്യൂ സമാഹരിക്കപ്പെടുന്നില്ല എന്നതാണ് വസ്‌തുത. അതിനെ വരുമാനത്തിന്റെ സിംഹഭാഗവും ഉദ്യോഗസ്‌ഥര്‍ക്കായി ചെലവഴിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നതു ശരിയല്ല. സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ വ്യവസ്‌ഥാപിത മാര്‍ഗങ്ങളിലൂടെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥര്‍ അവരുടെ കൃത്യനിര്‍വഹണത്തില്‍ കാര്യക്ഷമതയും സത്യസന്ധതയും പുലര്‍ത്തുന്നിടത്തോളം ആ രീതിയില്‍ വിചാരണ ചെയ്യപ്പെടേണ്ടതില്ല.
ജിജി ജോണ്‍ തോമസ്
(ലേഖകന്റെ ഫോണ്‍: 9447702786)





