
ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയ ഏറ്റവും കൂടുതല്‍ വികസിച്ചിട്ടുള്ള കേരളത്തില്‍, ആദിവാസി വിഭാഗത്തില്‍നിന്ന് ഒരു മന്ത്രിയെ യു.ഡി.എഫ്. ടീമില്‍ ഉള്‍പ്പെടുത്താനാവാതെ പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യം പ്രസക്തമാണ്. ആദിവാസി വികസന പ്രശ്നങ്ങളെ ഇന്നും പൊതു രാഷ്ട്രീയ അജന്ഡയാക്കിയും പൊതുസമൂഹത്തിന്റെ മുഖ്യധാര പ്രശ്ങ്ങളില്‍ ഒന്നാക്കിയും മാറ്റാനായിട്ടില്ല.
ലഭ്യമായ സെന്‍സസ് കണക്ക് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണ് ആദിവാസി ജനസംഖ്യ. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത് വയനാട്ടിലാണ് (31.24%). ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലും (1.36%). സംസ്ഥാനത്തെ 4,84,839 ആദിവാസികളുടെ ഈ വികേന്ദ്രീകരണ വിതരണം രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ പ്രശ്നങ്ങളില്‍ നിര്‍ണായക ഘടകമാണ്.
37 ആദിവാസി വിഭാഗങ്ങളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ 1,00,897 ആദിവാസി കുടുംബങ്ങള്‍ 4645 ൈട്രബല്‍ ഊരുകളിലാണ് താമസിക്കുന്നത്. ഇത് ആദിവാസി ജനസംഖ്യയുടെ 93 ശതമാനം വരും. ഇതില്‍ 85 ശതമാനം പേരും കര്‍ഷക തൊഴിലാളികളും കൂലിവേലക്കാരുമാണ്. ആദിവാസി വിഭാഗങ്ങളിലെ കൃഷിക്കാരുടെ ദേശീയ ശരാശരി 44.7 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തിലേത് 11.2 ശതമാനം ആണ്.
1986 മുതല്‍ കേരളത്തിലെ ആദിവാസികളുടെ പ്രത്യേക ഘടക പദ്ധതികളുടെ ആസൂത്രണം ജില്ലാതലത്തിലേക്കു മാറ്റി. കേന്ദ്രീകൃതമായി സംസ്ഥാനതലത്തില്‍ ചെയ്യുന്നതിനുപകരം അതത് ജില്ലകളില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പദ്ധതികള്‍ രൂപീകരിക്കുക എന്നതായിരുന്നു മാറ്റം. ആദിവാസി മേഖലയുടെ സമഗ്ര വികസനവും ശാക്തീകരണവും ലക്ഷ്യമിടുമ്പോള്‍, അതിന് ആദ്യം വേണ്ടത് അവനെ കേള്‍ക്കുക, അടുത്തറിയുക, ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്. അത് നമുക്ക് കഴിഞ്ഞിട്ടില്ല.
ഭൂരാഹിത്യം എന്നത് ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നമാണ്. ഭൂവുടമസ്ഥതയിലധിഷ്ഠിതമായ ആദിവാസി നയരൂപീകരണത്തിന് പുതിയ സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതുണ്ട്. ഭൂവധികാരത്തിനൊപ്പം, രാഷ്ട്രീയാധികാരവും ആദിവാസി നേടേണ്ടതുണ്ട്. ഭൂവധികാരം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം, നിയമനിര്‍മാണം, നിര്‍വഹണം എന്നിവ അടക്കം എല്ലാ മേഖലയിലും ആദിവാസികളുടെ സാന്നിധ്യം ഉറപ്പിക്കാനാകണം.
കേരളത്തിലെ ആദിവാസി ജീവിതത്തിന്റെ പൊതു ചിത്രം ഇതായിരിക്കെ, പുതിയ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ രൂപീകരിക്കാനായി 'ഊര്ജദ്ദ്' എന്ന പേരില്‍ അട്ടപ്പാടിയില്‍ ആദിവാസി നേതാക്കളുടെ യോഗം ചേര്‍ന്നു. അറുപതോളം ആദിവാസി നേതാക്കള്‍ പങ്കെടുത്തു.
അഞ്ചു മേഖലകളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച നടത്തിയത്. സാമൂഹിക നീതി, ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം. ആരോഗ്യം, രോഗങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍. ഭക്ഷ്യസുരക്ഷ, പോഷകാഹാരം, മാതൃശിശു ക്ഷേമം. കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം. ശുചിത്വം, കുടിവെള്ളം, ജീവിത സാഹചര്യങ്ങള്‍ എന്നിവയായിരുന്നു അവ.
യോഗം 17 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു.
കേരളത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെയുള്ള ഭൂവുടമസ്ഥത ഉറപ്പുവരുത്തുക.
ആദിവാസി ജനതയുടെ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക പൈതൃക മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആദിവാസി മേഖലകള്‍ പെസ നിയമത്തിന്റെ (1996) പരിധിയില്‍ കൊണ്ടുവരിക.
വനാവകാശനിയമം2006 അര്‍ഹിക്കുന്ന ഗൗരവത്തോടെ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക. സാമൂഹിക വനാവകാശത്തിന് മുന്‍തൂക്കം നല്കി നിയമം നടപ്പിലാക്കുക.
അന്യാധീനപ്പെട്ട ഭൂമി ഉള്‍പ്പെടെയുള്ള ആദിവാസികളുടെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക.
ആദിവാസികള്‍ പാര്‍ക്കുന്ന മേഖലകള്‍ക്ക് 'ഉന്നതി' എന്ന് നാമകരണം ചെയ്തതു പിന്‍വലിച്ച് 'ഊര്' എന്ന പേര് തിരിച്ചുനല്‍കുക.
ആദിവാസികളുടെ ഉന്നമനത്തിനായി നടപ്പാക്കിയ, എന്നാല്‍ പാളിപ്പോയ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കൂക.
ആദിവാസി മേഖലകളില്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍, നിയമങ്ങള്‍ എന്നിവയെ സംബന്ധിച്ച് തനത് ഭാഷയില്‍ ബോധവല്കരണ ക്യാമ്പയിന് നടത്തുക.
ആറു മാസത്തിലൊരിക്കല്‍ സ്കൂള്‍/ഹോസ്റ്റല്‍/കോളജ് തലത്തില്‍ മേഖലയിലെ കുട്ടികളുടെ അനീമിയ ടെസ്റ്റ് നടത്തുക.
ന്യൂട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ പദ്ധതി അടിസ്ഥാന സൗകര്യങ്ങളോടെ സ്ഥിരം സംവിധാനമാക്കുക.
ആദിവാസികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്ന 'ൈട്രബല്‍ പ്ലസ്' പദ്ധതി വീഴ്ചയില്ലാതെ നടപ്പിലാക്കുക.
അംഗന്‍വാടി അധ്യാപകര്‍, ജീവനക്കാര്‍, ആരോഗ്യ ജീവനക്കാര്‍, ഊര് ആശമാര്‍, പഠനമുറി അധ്യാപകര്‍ എന്നിവര്‍ക്ക് ആദിവാസി ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കുക.
താലൂക്ക് ൈട്രബല്‍ സ്പെഷാലിറ്റി ആശുപത്രി എച്ച്.എം.സിയില്‍ ആദിവാസി സംഘടനാ പ്രതിനിധികളെ അംഗങ്ങളാക്കുക.
സ്കൈബ് സംവിധാനം നിര്‍ത്തലാക്കുക. എസ്.സി.ഇ.ആര്.ടി. പാഠ്യപദ്ധതി കമ്മിറ്റിയില്‍ ആദിവാസി പ്രാതിനിധ്യം ഉറപ്പുവരുത്തുക.
ആദിവാസി സംരംഭകത്വ ഇന്‍സ്റ്റിറ്റ്യൂട്ട്, ആദിവാസി കലാകേന്ദ്രം (മ്യൂസിയം), ആദിവാസി സ്പോര്‍ട്സ് സ്കൂള്‍ എന്നിവ സ്ഥാപിക്കുക.
കില അങ്കണം ആദിവാസി യൂണിവേഴ്സിറ്റിയായി വികസിപ്പിക്കുക.
ഗോത്രസാരഥി പദ്ധതിക്കു പകരം ടി.എസ്.പി. ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂള്‍ ബസ്സുകള്‍ വാങ്ങാവുന്നതാണ്.
ആദിവാസി മേഖലയില്‍ ശുദ്ധമായ കുടിവെള്ളം സാധ്യമാക്കണം.
രാജേന്ദ്രപ്രസാദ്





