
സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുണ്ട്. രാജ്യത്തുടനീളം സംഘടനാ സാന്നിധ്യമുണ്ട്. രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവുണ്ട്. ഇന്ത്യാ മുന്നണി എന്ന വിശാല പ്രതിപക്ഷ സഖ്യവുമുണ്ട്. എന്നിട്ടും ബി.ജെ.പിക്ക് ബദലായ ഒരു ദേശീയ രാഷ്‌ട്രീയ ശക്‌തിയായി കോണ്‍ഗ്രസ് ഉയര്‍ന്നുവരുന്നില്ല. എന്തുകൊണ്ട്?
ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി ശ്രമിക്കുകയും അതിനനുസരിച്ചുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയും വേണം. കാരണം ബി.ജെ.പിയെ വിമര്‍ശിക്കുന്നത് കൊണ്ടോ ഭരണവിരുദ്ധ വികാരങ്ങളെ ആശ്രയിക്കുന്നത് കൊണ്ടോ മാത്രം ഒരു ദേശീയ ബദല്‍ രൂപപ്പെടില്ല. രാജ്യത്തെ എങ്ങോട്ട് നയിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നതിന് വ്യക്‌തമായ മറുപടിയാണ് ജനങ്ങള്‍ തേടുന്നത്. ദേശീയ ബദലായി വളരാന്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശ്വസനീയമായ, ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ദര്‍ശനം ആവശ്യമാണ്.
ബി.ജെ.പിയുടെ വളര്‍ച്ചയെ പലരും തെരഞ്ഞെടുപ്പ് വിജയങ്ങളുടെ അടിസ്‌ഥാനത്തിലാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി.ജെ.പിയുടെ യഥാര്‍ത്ഥ വിജയം അതല്ല. അവര്‍ ഇന്ത്യയിലെ രാഷ്‌ട്രീയ സംവാദത്തിന്റെ കേന്ദ്രം മാറ്റി.
ഒരുകാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയം ദാരിദ്ര്യം, ഭൂമി, കൃഷി, തൊഴിലില്ലായ്‌മ, വികസനം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്ന് ദേശീയ അഭിമാനം, സാംസ്‌കാരിക സ്വത്വം, സുരക്ഷ, ഇന്ത്യയുടെ ആഗോള സ്‌ഥാനം, നാഗരികതയുടെ പുനരുജ്‌ജീവനം എന്നിവയാണ് രാഷ്‌ട്രീയ ചര്‍ച്ചകളുടെ കേന്ദ്രം.
ജനങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ നല്‍കിയതുകൊണ്ടല്ല, പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതുകൊണ്ടാണ് ബി.ജെ.പി വിജയിച്ചത്. അവിടെയാണ് കോണ്‍ഗ്രസ് പിന്നിലായത്. കോണ്‍ഗ്രസ് ഇപ്പോഴും കഴിഞ്ഞ കാലത്തിന്റെ രാഷ്‌ട്രീയ ഭാഷയിലാണ് സംസാരിക്കുന്നത്. എന്നാല്‍, പുതിയ തലമുറയുടെ ആശങ്കകളും ആഗ്രഹങ്ങളും ചോദ്യങ്ങളും മാറിക്കഴിഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസിന്റെ സംഭാവന ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ അധ്യായങ്ങളിലൊന്നാണ്. എന്നാല്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചരിത്രം അതിന്റെ ഭാവിക്കുള്ള ഉറപ്പല്ല. ഇന്നത്തെ യുവാക്കള്‍ വോട്ട് ചെയ്യുന്നത് ചരിത്രം നോക്കിയല്ല, തന്റെ ഭാവി നോക്കിയാണ്. കൃത്രിമ ബുദ്ധിയുടെ കാലത്ത് തൊഴില്‍ എങ്ങനെയായിരിക്കും? വിദ്യാഭ്യാസത്തിന്റെ സ്വഭാവം എങ്ങനെ മാറും? കാലാവസ്‌ഥാ വ്യതിയാനം ഇന്ത്യയെ എങ്ങനെ ബാധിക്കും? ലോക സമ്പദ്‌വ്യവസ്‌ഥയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ യുവജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്‌തവും വിശ്വസനീയവുമായ രാഷ്‌ട്രീയ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയുന്ന പാര്‍ട്ടിക്കാണ് ഭാവിയുള്ളത്. ഇവിടെയാണ് കോണ്‍ഗ്രസ് ഒരു വലിയ ചിന്താപരമായ മാറ്റത്തിന് തയാറാകേണ്ടത്.
കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ വലിയൊരു ഭാഗം ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്നതിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടമ എന്ന നിലയില്‍ അത് ആവശ്യമാണ്. പക്ഷേ വിമര്‍ശനം മാത്രം ഒരു രാഷ്‌ട്രീയ ബദല്‍ സൃഷ്‌ടിക്കില്ല. 'മോദിക്ക് പകരം ആര്?' എന്ന ചോദ്യത്തേക്കാള്‍ പ്രധാനമാണ് 'ഇന്ത്യയുടെ അടുത്ത ദിശ എന്താണ്?' എന്നത്.
ഇന്നത്തെ ജെന്‍സി തലമുറ നേതാക്കളുടെ അനുയായികളാകാന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ പങ്കാളികളാകാനാണ് ആഗ്രഹിക്കുന്നത്. അവര്‍ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ മാത്രമല്ല, തീരുമാനങ്ങളില്‍ പങ്കാളികളാകാനാണ് ആഗ്രഹിക്കുന്നത്.
ഓരോ സര്‍വകലാശാലയിലും, ഓരോ നഗരത്തിലും, ഓരോ ജില്ലയിലും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കണം. ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെക്കുറിച്ചുള്ള ദേശീയ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായി മാറണം. വിദ്യാഭ്യാസം, പരിസ്‌ഥിതി, ഡിജിറ്റല്‍ സാക്ഷരത, പൊതുജനാരോഗ്യം, പ്രാദേശിക വികസനം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് വര്‍ഷം മുഴുവന്‍ ഇടപെടലുകള്‍ നടത്തണം.
ഇന്ന് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുക എന്നതല്ല, കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ സ്വഭാവം തന്നെ മാറ്റുക എന്നതാണ്. അദ്ദേഹം ഒരു തെരഞ്ഞെടുപ്പ് നേതാവിനേക്കാള്‍ ഒരു രാഷ്‌ട്രീയ പരിവര്‍ത്തനത്തിന്റെ നേതാവാകണം. അതിനായി ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള വലിയ ദേശീയ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
കോണ്‍ഗ്രസിന്റെ പ്രതിസന്ധി വോട്ടുകളുടെ പ്രതിസന്ധിയല്ല, അത് ദര്‍ശനത്തിന്റെ പ്രതിസന്ധിയാണ്. നേതൃത്വത്തിന്റെ പ്രതിസന്ധിയല്ല, അത് രാഷ്‌ട്രീയ ഭാവനയുടെ പ്രതിസന്ധിയാണ്. ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ പഴയ കോണ്‍ഗ്രസിന്റെ പുനരുജ്‌ജീവനം മാത്രം മതിയാകില്ല. പുതിയ ഇന്ത്യയ്‌ക്ക് അനുയോജ്യമായ പുതിയ കോണ്‍ഗ്രസ് രൂപപ്പെടണം.
ജയന്‍ ബി. തെങ്ങമം
(മാധ്യമ പ്രവര്‍ത്തകനും ഇ.വി. കൃഷ്‌ണപിള്ള ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനറുമാണ് ലേഖകന്‍. ഫോണ്‍: 8921633565)





