ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം അവസാനത്തിലേക്ക് നീങ്ങുമ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നാണ് നിര്‍മിത ബുദ്ധി (എ.ഐ.). വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ബാങ്കിങ്, മാധ്യമരംഗം തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും എ.ഐ. സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. അതിന്റെ സ്വാഭാവിക തുടര്‍ച്ചയായി നീതിന്യായ മേഖലയിലേക്കും എ.ഐ. പ്രവേശിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി കഴിഞ്ഞ മൂന്നാം തിയതി കോടതികളില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതു സംബന്ധിച്ച ചില കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന രേഖയാണിത്. കോടതികളില്‍ എ.ഐ. എങ്ങനെ ഉപയോഗിക്കണം, എവിടെയെല്ലാം ഉപയോഗിക്കാം, എവിടെയെല്ലാം ഉപയോഗിക്കരുത്, ഉത്തരവാദിത്വം ആരുടെതായിരിക്കും, സ്വകാര്യത എങ്ങനെ സംരക്ഷിക്കണം എന്നീ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഈ കരട് ചട്ടങ്ങള്‍ മറുപടി നല്കുന്നു.
സാങ്കേതികവിദ്യയും നീതിയും
നീതി എന്നത് നിയമത്തിന്റെ യാന്ത്രിക പ്രയോഗം മാത്രമല്ല. മനുഷ്യജീവിതം, സാഹചര്യങ്ങള്‍, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയുടെ സംയോജനമാണ് നീതിനിര്‍വഹണം. അതുകൊണ്ടുതന്നെ എ.ഐ. എത്ര വികസിച്ചാലും മനുഷ്യബുദ്ധിയെയും മനഃസാക്ഷിയെയും പൂര്‍ണമായി പകരം വയ്ക്കാന്‍ കഴിയില്ല.
ഇതേ തത്വമാണ് സുപ്രീം കോടതിയുടെ കരട് ചട്ടങ്ങളുടെ അടിത്തറ. എ.ഐ. ഒരു സഹായിയാണ്;തീരുമാനകര്ത്താവല്ല. ജഡ്ജിയുടെ പദവിയിലേക്ക് എ.ഐയെ ഉയര്‍ത്താന്‍ കഴിയില്ല. നിയമത്തിന്റെയും നീതിയുടെയും അന്തിമ വിധികര്‍ത്താവ് മനുഷ്യന് തന്നെയായിരിക്കും.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ജാമ്യനിര്ണയം, ശിക്ഷാനിര്ണയം, പ്രതികളുടെ അപകടസാധ്യതാ വിലയിരുത്തല്‍ തുടങ്ങിയ മേഖലകളില്‍ എ.ഐ. ഉപയോഗിച്ചിട്ടുള്ള അനുഭവങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഡേറ്റയിലെ മുന്‍വിധികള്‍ കാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വിവേചനം വര്‍ധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച സമീപനം കൂടുതല്‍ ജാഗ്രതയോടെയും ഭരണഘടനാപരമായ മൂല്യങ്ങളോടെയും കൂടിയതാണെന്ന് പറയാം.
കോടതികളിലെ സാധ്യതകള്‍
ഇന്ത്യയിലെ കോടതികളില്‍ കോടിക്കണക്കിന് കേസുകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. കേസുകളുടെ കാലതാമസം നീതിന്യായ വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
എ.ഐ. ഫലപ്രദമായി ഉപയോഗിച്ചാല്‍ നിരവധി മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിയും. കോടതി നടപടികളുടെ ട്രാന്‍സ്ക്രിപ്ഷന്‍, വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം, മുന്പുണ്ടായിട്ടുള്ള വിധികളുടെ ശേഖരണം, നിയമ ഗവേഷണം, കേസ് മാനേജ്മെന്റ്, കോസ് ലിസ്റ്റ് തയാറാക്കല്‍, രേഖകളുടെ സംഗ്രഹം എന്നിവയില്‍ എ.ഐ. വലിയ സഹായമാകും.
കേരളം പോലുള്ള ബഹുഭാഷാ സംസ്ഥാനങ്ങളില്‍ വിവര്‍ത്തന രംഗത്ത് എ.ഐ. വലിയ മാറ്റം സൃഷ്ടിക്കാനിടയുണ്ട്. ഇംഗ്ലീഷിലുള്ള സുപ്രീം കോടതി വിധികള്‍ അതിവേഗം മലയാളത്തിലേക്ക് ലഭ്യമാകുന്നത് നീതിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കൂടുതല്‍ എളുപ്പമാക്കും.
എ.ഐയുടെ വരവോടെ അഭിഭാഷകവൃത്തിയിലും ഗണ്യമായ മാറ്റങ്ങള്‍ സംഭവിക്കും. നിയമ ഗവേഷണത്തിന് മണിക്കൂറുകളോ ദിവസങ്ങളോ വേണ്ടിവന്നിരുന്ന സാഹചര്യങ്ങള്‍ മാറും. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് വിധികള്‍ പരിശോധിച്ച് ബന്ധപ്പെട്ട നിയമതത്വങ്ങള്‍ കണ്ടെത്താന്‍ എ.ഐ. സഹായിക്കും.
എന്നാല്‍ അതോടൊപ്പം പുതിയ ഉത്തരവാദിത്വങ്ങളും ഉണ്ടാകും. എ.ഐ. സൃഷ്ടിച്ച വിവരങ്ങള്‍ മനുഷ്യന് പരിശോധിക്കാതെ കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ എ.ഐ. സൃഷ്ടിച്ച വ്യാജ വിധികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എ.ഐ. ഉപയോഗിക്കുന്ന അഭിഭാഷകര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിവരും.
ഭാവിയില്‍ 'എ.ഐ. വിദ്യാഭ്യാസം' എന്നത് ഒരു അഭിഭാഷകന്റെ പ്രഫഷണല്‍ കഴിവിന്റെ പ്രധാന ഘടകമായി മാറാന്‍ സാധ്യതയുണ്ട്.
സ്വകാര്യതയുടെ വെല്ലുവിളി
കോടതികളിലെ വിവരങ്ങള്‍ സാധാരണ ഡേറ്റയല്ല. കുടുംബവഴക്കുകള്‍, ലൈംഗികാതിക്രമ കേസുകള്‍, കുട്ടികളുമായി ബന്ധപ്പെട്ട നടപടികള്‍, ക്രിമിനല്‍ വിചാരണകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങി അതീവസൂക്ഷ്മമായ വിവരങ്ങളാണ് കോടതികളുടെ കൈവശമുള്ളത്.
ഇത്തരം വിവരങ്ങള്‍ എ.ഐ. പരിശീലനത്തിനായി ഉപയോഗിക്കുമ്പോള്‍ സ്വകാര്യതയും ഡേറ്റാ സുരക്ഷയും സംബന്ധിച്ച വലിയ വെല്ലുവിളികള്‍ ഉയരും. കരട് ചട്ടങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രത്യേകിച്ച് കോടതി ഡേറ്റ സ്വകാര്യ കമ്പനികള്‍ക്ക് അനിയന്ത്രിതമായി കൈമാറുന്നതിനെതിരേ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്.
എ.ഐ. യുടെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത വിവരങ്ങള്‍ സൃഷ്ടിച്ച് ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന പ്രവണത. നിയമരംഗത്ത് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാം. നിലവിലില്ലാത്ത നിയമവ്യവസ്ഥകള്‍, വ്യാജ കോടതി വിധികള്‍, തെറ്റായ നിയമവ്യാഖ്യാനങ്ങള്‍ എന്നിവ എ.ഐ. സൃഷ്ടിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. ഇതിനാലാണ് എ.ഐ. സൃഷ്ടിക്കുന്ന എല്ലാ വിവരങ്ങളും മനുഷ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുന്നത്. സാങ്കേതിക വിദ്യയിലുള്ള അമിതവിശ്വാസം നീതിന്യായ മേഖലയില്‍ അപകടകരമാകാമെന്ന തിരിച്ചറിവ് ഈ സമീപനത്തില്‍ കാണാം.
മനുഷ്യകേന്ദ്രിത നീതിന്യായത്തിന്റെ
പ്രഖ്യാപനം
ഈ കരട് ചട്ടങ്ങളുടെ ഏറ്റവും വലിയ സവിശേഷത മനുഷ്യകേന്ദ്രിതമായ സമീപനമാണ്. എ.ഐ. യെ നിരസിക്കുന്നില്ല;എന്നാല്‍ മനുഷ്യനേക്കാള്‍ ഉയര്‍ന്ന സ്ഥാനത്തും എത്തിക്കുന്നില്ല. ഭരണഘടന, മനുഷ്യാവകാശങ്ങള്‍, സ്വകാര്യത, നീതിന്യായ സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ സംരക്ഷിച്ചുകൊണ്ടാണ് എ.ഐ. യെ സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. ഇത് സാങ്കേതിക പുരോഗതിയും ജനാധിപത്യ മൂല്യങ്ങളും തമ്മിലുള്ള സന്തുലിതമായ സമീപനത്തിന്റെ ഉദാഹരണമാണ്.
നീതിന്യായ വ്യവസ്ഥയുടെ ഭാവി നിര്‍ണയിക്കുന്ന ഒരു ചരിത്രരേഖയാണ് സുപ്രീം കോടതിയുടെ എ.ഐ. കരട് ചട്ടങ്ങള്‍. കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നീതി ജനങ്ങളിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തിക്കാനും എ.ഐ. സഹായകമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ നീതിയുടെ ആത്മാവ് യന്ത്രങ്ങളിലല്ല, മനുഷ്യരുടെ വിവേകത്തിലും ന്യായബോധത്തിലുമാണ് നിലനില്‍ക്കുന്നത്.
അതുകൊണ്ടുതന്നെ ഈ കരട് ചട്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഒറ്റവാചകത്തില്‍ പറയാം:
കോടതികളില്‍ എ.ഐ. ഉണ്ടാകും; പക്ഷേ നീതി നിര്‍വഹിക്കുന്നത് മനുഷ്യന് തന്നെയായിരിക്കും.
അഡ്വ. കെ. സുരേഷ് കുമാര്‍ കുറത്തികാട്





