
'വികസിത ഇന്ത്യ 2047' എന്ന കാഴ്‌ചപ്പാടിലേക്കുള്ള യാത്രയില്‍, രോഗങ്ങളെ ചികിത്സിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യസംവിധാനം മതിയാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും തടയാനും കഴിയുന്ന, തുല്യതയിലും നൂതനാശയങ്ങളിലും അധിഷ്‌ഠിതമായ ഒരു സംവിധാനമാണ് രാജ്യത്തിന് ആവശ്യം. അതിന് അടിത്തറയാകുന്നത് ആരോഗ്യഗവേഷണത്തോടുള്ള പുതിയ സമീപനമാണ്. ശാസ്‌ത്രീയ തെളിവുകളെ നയതീരുമാനങ്ങളുമായി കൂട്ടിയിണക്കുകയും, ആ തീരുമാനങ്ങളെ ജനങ്ങളുടെ ജീവിതത്തില്‍ അളക്കാവുന്ന മാറ്റങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സമീപനം.
കോവിഡ്19 മഹാവ്യാധിയില്‍നിന്ന് ലഭിച്ച പാഠങ്ങളുടെ പശ്‌ചാത്തലത്തില്‍, ഇന്ത്യയിലെ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ പരമോന്നത സ്‌ഥാപനമായ ദേശീയ വൈദ്യശാസ്‌ത്ര ഗവേഷണസമിതി (ഐ.സി.എം.ആര്‍.) വിപുലമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്‌ഥാപനങ്ങളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതുമുതല്‍ ഗവേഷണ ധനസഹായ സംവിധാനങ്ങളും ഗവേഷണഫലങ്ങള്‍ പൊതുജനാരോഗ്യ രംഗത്ത് പ്രയോജനപ്പെടുത്തുന്ന രീതികളും നവീകരിക്കുന്നതുവരെയാണ് ഈ മാറ്റങ്ങള്‍ വ്യാപിക്കുന്നത്. വ്യക്‌തിഗത ഗവേഷകരുടെ നേതൃത്വത്തില്‍ ചിതറിക്കിടന്ന പഠനങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിരുന്ന പഴയ സമീപനത്തില്‍നിന്ന്, സാങ്കേതികവിദ്യയുടെ പിന്തുണയോടെ ദേശീയ മുന്‍ഗണനകള്‍ ലക്ഷ്യമിടുന്ന ദൗത്യാധിഷ്‌ഠിത ഗവേഷണ മാതൃകയിലേക്കാണ് ഐ.സി.എം.ആര്‍. നീങ്ങുന്നത്.
ഈ പരിവര്‍ത്തനത്തിന്റെ പ്രധാന അടിത്തറ ഐ.സി.എം.ആറിന്റെ സ്‌ഥാപനഘടനയില്‍ വരുത്തിയ പുനഃക്രമീകരണമാണ്. സമീപകാല പരിഷ്‌കാരങ്ങളിലൂടെ പല ഗവേഷണ സ്‌ഥാപനങ്ങളുടെയും പ്രവര്‍ത്തനപരിധി വിപുലീകരിക്കുകയും, അവയെ ബഹുവിഷയ ഗവേഷണ ഹബ്ബുകളാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്. ഡിജിറ്റല്‍ ആരോഗ്യം, ഡേറ്റാ സയന്‍സ്, സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, രക്‌തരോഗപ്രതിരോധ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള ഈ വ്യാപനം, രാജ്യത്തെ ആരോഗ്യ വെല്ലുവിളികളിലും സാങ്കേതിക ശേഷികളിലും സംഭവിക്കുന്ന മാറ്റങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയിലെ ദിബ്രൂഗഢ് മുതല്‍ പടിഞ്ഞാറന്‍ മേഖലയിലെ ജോധ്‌പുര്‍വരെ ദേശീയ ആരോഗ്യ ഗവേഷണ സ്‌ഥാപനങ്ങളുടെ ശൃംഖല രൂപവത്‌കരിക്കുന്നതും ശ്രദ്ധേയമായ നടപടിയാണ്. സംസ്‌ഥാനജില്ലാ ആരോഗ്യ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തന ഗവേഷണങ്ങള്‍ നടത്തുന്നതിലൂടെ, പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രസക്‌തമായ പഠനങ്ങള്‍ നടക്കുകയും അവയുടെ ഫലങ്ങള്‍ ആരോഗ്യ സേവനങ്ങളില്‍ പ്രായോഗികമായി ഉപയോഗിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. നിര്‍മിതബുദ്ധി, ജീനോമിക്‌സ്, തത്സമയ ഡേറ്റാ സംവിധാനങ്ങള്‍ എന്നിവ പൊതുജനാരോഗ്യ തീരുമാനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാകുന്ന പുതിയ സാഹചര്യത്തിലേക്ക് ഗവേഷണ സംവിധാനത്തെ സജ്‌ജമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണിവ.
ഒറ്റപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട ദേശീയ ഗവേഷണ ശൃംഖലയിലേക്കുള്ള മാറ്റവും ഈ പരിഷ്‌കാരങ്ങളുടെ പ്രധാന ഘടകമാണ്. ആന്റിമൈക്രോബിയല്‍ പ്രതിരോധം, മഹാവ്യാധികള്‍, സാംക്രമികേതര രോഗങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ പരസ്‌പരം ബന്ധപ്പെട്ടും സങ്കീര്‍ണവുമായ സാഹചര്യത്തില്‍, ഇത്തരം ഏകോപിത സമീപനം അനിവാര്യമാണ്.
സ്‌ഥാപനഘടനയിലെ മാറ്റങ്ങള്‍ക്കൊപ്പം ഗവേഷണ ധനസഹായ സംവിധാനവും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ട്രാമ്യൂറല്‍ ഗവേഷണങ്ങള്‍ സ്‌ഥാപനങ്ങളുടെ നിശ്‌ചിത പ്രവര്‍ത്തനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപ്പാക്കുമ്പോള്‍, എക്‌സ്‌ട്രാമ്യൂറല്‍ ഗവേഷണങ്ങളെ ആശയരൂപീകരണം, കണ്ടെത്തല്‍, വികസനം, വിതരണം എന്നിങ്ങനെ നാല് ഘട്ടങ്ങളുള്ള ഒരു നൂതനാശയ ചക്രത്തിന്റെ ഭാഗമായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കണ്ടെത്തി അവയെ വിപുലമായ തലത്തില്‍ പ്രയോജനപ്പെടുത്താവുന്ന പരിഹാരങ്ങളാക്കി മാറ്റുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
ലബോറട്ടറി കണ്ടെത്തലുകള്‍മുതല്‍ ജനസംഖ്യാതലത്തിലുള്ള വിതരണംവരെയുള്ള ഈ സംയോജിത തുടര്‍ച്ച, പദ്ധതികള്‍ക്കു ധനസഹായം നല്‍കുന്നതില്‍നിന്ന് പ്രതിവിധികള്‍ പ്രാപ്‌തമാക്കുന്നതിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധം, ക്ഷയരോഗം, മാനസികാരോഗ്യം, പോഷകാഹാരം, അടിയന്തര പരിചരണം എന്നിവ ഉള്‍പ്പെടുന്ന 13 മുന്‍ഗണനാമേഖലകളെ കേന്ദ്രീകരിച്ച ദേശീയ ആരോഗ്യ ഗവേഷണ പരിപാടി (എന്‍.എച്ച്.ആര്‍.പി.) ഇതിനു കൂടുതല്‍ കരുത്തുപകരുന്നു.
സാങ്കേതികവിദ്യയും ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. രോഗനിര്‍ണയം, നിരീക്ഷണം, പദ്ധതിനിര്‍വഹണം എന്നിവയിലേക്കുള്ള എ.ഐയുടെ സംയോജനം നഗരഗ്രാമ ആരോഗ്യപരിപാലന രംഗങ്ങള്‍ക്കിടയിലെ വിടവ് നികത്താന്‍ സഹായിക്കുന്നു. ക്ഷയരോഗം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ കണ്ടെത്തുന്നതിനുള്ള എ.ഐ. അധിഷ്‌ഠിത സങ്കേതങ്ങള്‍ ഇതിനകം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്തുണയേകുന്നുണ്ട്. വാക്‌സിന്‍ വിതരണത്തില്‍നിന്ന് അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കുന്നതുവരെയുള്ള ഐഡ്രോണ്‍ പദ്ധതി, സാങ്കേതികവിദ്യക്ക് ഭൂമിശാസ്‌ത്രപരമായ തടസ്സങ്ങളെ മറികടന്ന് ആരോഗ്യപരിപാലനം ജനങ്ങളിലേക്കു കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്.
മെഡിക്കല്‍ ഉപകരണങ്ങളും രോഗനിര്‍ണയ സംവിധാനങ്ങളും മുതല്‍ അടുത്ത തലമുറ വാക്‌സിനുകളും ചികിത്സാരീതികളും വരെയുള്ള മെഡ്‌ടെക് മേഖലയിലെ പുരോഗതികള്‍ കൂടുതല്‍ ലക്ഷ്യാധിഷ്‌ഠിതവും രോഗീകേന്ദ്രീകൃതവുമായ ഇടപെടലുകള്‍ സാധ്യമാക്കുന്നു. ഫസ്‌റ്റ് ഇന്‍ ദ് വേള്‍ഡ് ചലഞ്ച്, മെഡ്‌ടെക് മിത്ര, വൈദ്യശാസ്‌ത്ര നൂതനാശയങ്ങള്‍പേറ്റന്റ് മിത്ര തുടങ്ങിയ പദ്ധതികള്‍ ഗവേഷണ ഘട്ടത്തില്‍നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നു.
എങ്കിലും, ഈ പരിഷ്‌കാരങ്ങളുടെ യഥാര്‍ഥ അളവുകോല്‍ പൊതുജനാരോഗ്യത്തില്‍ അവ ചെലുത്തുന്ന സ്വാധീനത്തിലാണ്. ഇന്ത്യ രക്‌തസമ്മര്‍ദ നിയന്ത്രണ സംരംഭം, മൊബൈല്‍ സ്‌ട്രോക്ക് യൂണിറ്റുകള്‍, ദ്രുതഗതിയിലുള്ള ഹൃദ്രോഗ പ്രതികരണ സംവിധാനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ തെളിവുകളിലധിഷ്‌ഠിതമായ ആരോഗ്യപരിപാലനത്തിന്റെ സാധ്യതകള്‍ തെളിയിച്ചിട്ടുണ്ട്. വിപുലീകരിച്ച രോഗനിര്‍ണയ ശൃംഖലകളും തദ്ദേശീയ സാങ്കേതികവിദ്യകളും വിവിധ രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ശക്‌തി പകരുന്നു.
ആരോഗ്യ ഗവേഷണം എന്നത് ഒറ്റപ്പെട്ട ശ്രമമല്ല;മറിച്ച്, രാജ്യത്തിന്റെ കൂട്ടായ സംരംഭമാണ്. ഐ.സി.എം.ആറില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പരിവര്‍ത്തനം, ശാസ്‌ത്രം സമൂഹത്തിന് കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ ഉപകരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ്. പരിഷ്‌കരിക്കപ്പെട്ട ആരോഗ്യ ഗവേഷണ സംവിധാനം അതിന്റെ അന്തിമ ലക്ഷ്യമല്ല;കൂടുതല്‍ ആരോഗ്യകരവും തുല്യതയിലധിഷ്‌ഠിതവും കരുത്തുറ്റതുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണ്.
ഡോ. രാജീവ് ബഹല്‍
(ലേഖകന്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐ.സി.എം.ആര്‍. ഡയറക്‌ടര്‍ ജനറലുമാണ്)





