
ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തറ എവിടെയാണ്? പാര്‍ലമെന്റിലോ, കോടതികളിലോ, കോര്‍പറേറ്റ് സ്‌ഥാപനങ്ങളിലോ, ഫാക്‌ടറികളിലോ മാത്രമല്ല. ഓരോ വീട്ടിലും കുടുംബത്തിന്റെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അനേകം സ്‌ത്രീകളുടെ അദൃശ്യമായ അധ്വാനത്തിലുമാണ് ആ അടിത്തറ നിലകൊള്ളുന്നത്. എന്നാല്‍, നൂറ്റാണ്ടുകളായി ഈ അധ്വാനം സമൂഹവും സാമ്പത്തിക വ്യവസ്‌ഥയും കണക്കിലെടുത്തിട്ടില്ല. ചരിത്രപരമായ ആ അനീതിക്കെതിരായ ശക്‌തമായ ഇടപെടലായാണ് സുപ്രീം കോടതിയുടെ പുതിയ വിധിയെ കാണേണ്ടത്.
വാഹനാപകടത്തില്‍ മരിച്ച ഒരു വീട്ടമ്മയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം വര്‍ധിപ്പിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഒരു നിയമവിധിയുടെ പരിധികള്‍ക്കപ്പുറത്തേക്ക് കടക്കുന്നതാണ്. വീട്ടമ്മമാര്‍ 'രാഷ്‌ട്ര നിര്‍മാതാക്കള്‍' ആണെന്ന കോടതിയുടെ വിശേഷണം ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്ന ഒരു സാമൂഹിക പ്രഖ്യാപനമാണ്.
വാഹനാപകട നഷ്‌ടപരിഹാര കേസുകളില്‍ കുടുംബത്തിന്റെ പരിപാലന നഷ്‌ടം കണക്കാക്കുമ്പോള്‍ പ്രതിമാസം കുറഞ്ഞത് 30,000 രൂപയെ അടിസ്‌ഥാനമാക്കണമെന്നും, ഈ തുക മൂന്ന് വര്‍ഷത്തിലൊരിക്കല്‍ 10 ശതമാനം വീതം വര്‍ധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കുന്നു. ഇതുവരെ ഇത്തരം കേസുകളില്‍ വീട്ടമ്മമാരുടെ സേവനത്തിന് നാമമാത്രമായ തുക മാത്രമാണ് കണക്കാക്കിയിരുന്നത്. പലപ്പോഴും അവരുടെ അധ്വാനം ഒരു വരുമാനവുമില്ലാത്ത പ്രവര്‍ത്തനമായി പരിഗണിക്കപ്പെട്ടു. അതിനാല്‍തന്നെ ഈ വിധി നഷ്‌ടപരിഹാര നിയമശാസ്‌ത്രത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവാണ്.
സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രധാന വസ്‌തുത, വീട്ടുജോലിയുടെ മൂല്യം പണമായി കണക്കാക്കുക എന്നത് മാത്രമല്ല ലക്ഷ്യമെന്നതാണ്. സമൂഹം വിലമതിക്കാതെ പോയ ഒരു അധ്വാനത്തെ അംഗീകരിക്കുകയും അതിന്റെ സാമൂഹിക പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ ഉദ്ദേശ്യം. ഇതിന് വലിയ പ്രസക്‌തിയുണ്ട്. കാരണം വീട്ടുജോലികള്‍ പലപ്പോഴും 'സ്വാഭാവികമായ സ്‌ത്രീധര്‍മം' എന്ന നിലയിലാണ് സമൂഹം കണ്ടിരുന്നത്. അതിന് സാമ്പത്തിക മൂല്യമോ ഉത്‌പാദനക്ഷമതയോ ഉണ്ടെന്ന ചിന്ത പോലും പലപ്പോഴും ഉണ്ടായിരുന്നില്ല.
കോടതി ചൂണ്ടിക്കാട്ടുന്നതുപോലെ, സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ അദൃശ്യ അടിത്തറ ഒരുക്കുന്നത് വീട്ടമ്മമാരാണ്. ഒരു വ്യവസായി തന്റെ സ്‌ഥാപനത്തിലേക്കോ, ഒരു തൊഴിലാളി തന്റെ ജോലിസ്‌ഥലത്തേക്കോ, ഒരു രാഷ്‌ട്രീയനേതാവ് പൊതുപ്രവര്‍ത്തനത്തിലേക്കോ, ഒരു അഭിഭാഷകന്‍ കോടതിയിലേക്കോ പോകുമ്പോള്‍ അവരുടെ ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു അദൃശ്യ ശക്‌തിയുണ്ട്. കുടുംബസംരക്ഷണവും പരിചരണവും ഏറ്റെടുത്തിരിക്കുന്ന സ്‌ത്രീകളുടെ അധ്വാനമാണത്. ആ സംഭാവനയെ സാമ്പത്തിക കണക്കുകൂട്ടലുകളില്‍നിന്ന് ഒഴിവാക്കുന്നത് സമൂഹത്തിന്റെ യഥാര്‍ഥ ഉത്‌പാദനശേഷിയെ തന്നെ കുറച്ചുകാണിക്കുന്നതിനു തുല്യമാണ്.
ഇന്ത്യയുടെ ടൈം യൂസ് സര്‍വേ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ സ്‌ത്രീകള്‍ പ്രതിദിനം ഏഴു മണിക്കൂറിലധികം സമയം പ്രതിഫലമില്ലാത്ത ഗാര്‍ഹിക ജോലികള്‍ക്കായി ചെലവഴിക്കുന്നതായി വ്യക്‌തമാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അവര്‍ ഏകദേശം 2.6 മടങ്ങ് കൂടുതല്‍ പരിചരണ ജോലികള്‍ നിര്‍വഹിക്കുന്നു. ചില പഠനങ്ങള്‍ ഈ അദൃശ്യ അധ്വാനത്തിന്റെ മൂല്യം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 15 മുതല്‍ 17 ശതമാനം വരെ വരാമെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, ഈ സംഭാവന ദേശീയ വരുമാന കണക്കുകളില്‍ പ്രതിഫലിക്കുന്നില്ല. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ നിരീക്ഷണം ഒരു നഷ്‌ടപരിഹാര തര്‍ക്കത്തിന്റെ പരിഹാരമെന്നതിലുപരി സാമ്പത്തിക നീതിയെക്കുറിച്ചുള്ള ഒരു വിശാലമായ ചര്‍ച്ചയ്‌ക്ക് തുടക്കമിടുന്നതാണ്.
ഈ വിധിയുടെ മറ്റൊരു ശ്രദ്ധേയമായ വശം ഭാഷയുടെയും സാമൂഹിക മനോഭാവത്തിന്റെയും മാറ്റത്തെ കോടതി പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. 'ഹൗസ്‌വൈഫ്' എന്നതിനുപകരം 'ഹോംമേക്കര്‍' എന്ന പ്രയോഗം പ്രചാരത്തിലായതിനെ കോടതി എടുത്തുപറഞ്ഞു. വീട്ടമ്മയെ സാമ്പത്തികമായി ആശ്രിതയായ ഒരാളായി കാണുന്ന സമീപനത്തില്‍നിന്ന് കുടുംബത്തെയും സമൂഹത്തെയും നിര്‍മിക്കുന്ന സജീവ പങ്കാളിയായി കാണുന്ന സമീപനത്തിലേക്കുള്ള മാറ്റം അനിവാര്യമാണ്.
2001ല്‍ വാഹനാപകടത്തില്‍ മരിച്ച 35 വയസുകാരിയുടെ കുടുംബത്തിന് ആദ്യം മോട്ടോര്‍ അപകട നഷ്‌ടപരിഹാര ട്രിബ്യൂണല്‍ അനുവദിച്ച 2.42 ലക്ഷം രൂപയും പിന്നീട് ഹൈക്കോടതി വര്‍ധിപ്പിച്ച 8.43 ലക്ഷം രൂപയും മതിയാകില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ഒടുവില്‍ 62.77 ലക്ഷം രൂപയായി നഷ്‌ടപരിഹാരം ഉയര്‍ത്തിയ കോടതി, കുടുംബപരിപാലനത്തിന്റെ മൂല്യം എത്രത്തോളം ഗൗരവത്തോടെ കാണേണ്ടതാണെന്ന് രാജ്യത്തിന് മുന്നില്‍ വ്യക്‌തമാക്കിയിരിക്കുന്നു.
ഇന്ത്യന്‍ കോടതികള്‍ പലപ്പോഴും സാമൂഹിക പുരോഗതിയുടെ വഴികാട്ടികളായി മാറിയിട്ടുണ്ട്. സ്‌ത്രീകളുടെ അവകാശങ്ങള്‍, സ്വകാര്യത, വ്യക്‌തിസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ സുപ്രീം കോടതി നടത്തിയ ഇടപെടലുകള്‍ അതിന് ഉദാഹരണമാണ്. വീട്ടമ്മമാരുടെ അദൃശ്യ അധ്വാനത്തെ അംഗീകരിച്ചുകൊണ്ടുള്ള ഈ പുതിയ വിധിയും അത്തരം ചരിത്രപരമായ ഇടപെടലുകളുടെ നിരയില്‍ സ്‌ഥാനം പിടിക്കും.
ഈ വിധിയെ സ്വാഗതം ചെയ്യേണ്ടത് വീട്ടമ്മമാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിട്ടു മാത്രമല്ല. കുടുംബത്തെയും സമൂഹത്തെയും നിലനിര്‍ത്തുന്ന അധ്വാനത്തിന് അര്‍ഹമായ ബഹുമാനം നല്‍കാനുള്ള സാംസ്‌കാരിക പ്രഖ്യാപനമായി കൂടിയാണ് അതിനെ കാണേണ്ടത്.





