
താജ്പൂര്‍: സൂര്യവംശി കുടുംബത്തില്‍ നിന്നുള്ള മറ്റൊരു ബാറ്റര്‍ കൂടി തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ അത് വൈഭവ് അല്ല, പകരം അദ്ദേഹത്തിന്റെ അനിയനായ ആശിര്‍വാദ് സൂര്യവംശിയാണ്. വൈഭവ് അന്താരാഷ്ട്ര തലത്തില്‍ തന്റെ പേര് ഉറപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍, ബീഹാറിലെ സമസ്തിപൂരില്‍ നടന്ന ഒരു പ്രാദേശിക പരിശീലന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ആശിര്‍വാദ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു.
'ക്രിക്കറ്റ് അക്കാദമി താജ്പൂരി'ന് വേണ്ടി കളിച്ച ആശിര്‍വാദ് വെറും 87 പന്തില്‍ നിന്നാണ് 103 റണ്‍സ് അടിച്ചുകൂട്ടിയത്. 20 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു 118.39 സ്ട്രൈക്ക് റേറ്റിലുള്ള ഈ ഇന്നിംഗ്സ്. ആശിര്‍വാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ, വൈഭവ് സൂര്യവംശി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അനിയന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. മത്സരത്തിന്റെ സ്കോര്‍കാര്‍ഡ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചാണ് വൈഭവ് അനിയനെ അഭിനന്ദിച്ചത്.
ഐ.പി.എല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വൈഭവിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളി എത്തിയിരുന്നു. ടൂര്‍ണമെന്റിലെ 16 മത്സരങ്ങളില്‍ നിന്നായി 776 റണ്‍സ് അടിച്ചുകൂട്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വൈഭവ് മാറിയിരുന്നു. സായ് സുദര്ശന്, ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവരെയെല്ലാം പിന്നിലാക്കിയാണ് വൈഭവ് ഐ.പി.എല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
ജൂണ്‍ 6-ന് വൈഭവിന് ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നതോടെ ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലുള്ള അദ്ദേഹത്തിന്റെ ഗ്രാമമായ താജ്പൂര്‍ പൂര്‍ണ്ണമായും ഉത്സവലഹരിയിലായി. അയല്‍ക്കാരും ബന്ധുക്കളും നാട്ടുകാരും വൈഭവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയും, ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിടുകയും ചെയ്തു.






