
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴികളുടെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതോടൊപ്പം, അതിലൂടെ കടന്നുപോകുന്ന ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സജീവമാണ്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സംയുക്ത സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ശക്തമായ മഴ’യായി കണക്കാക്കുന്നത്.






