വാഷിങ്ടണ്‍: വെനിസ്വേലന്‍ ക്രിമിനല്‍ സംഘമായ ട്രെന് ഡെ അരാഗ്വ മേധാവി നിന്യോ ഗ്വിരേറോ(ഹെക്ടര്‍ റസ്റ്റന്‍ഫോര്‍ഡ് ഗ്വിരേറോ ഫേ്ലാറസ്)യെ വധിച്ചെന്നു യു.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സതേണ്‍ കമാന്‍ഡ് നടത്തിയ വ്യോമാക്രമണത്തിലാണ് അയാള്‍ കൊല്ലപ്പെട്ടതെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ കുറ്റവാളി സംഘങ്ങളിലൊന്നാണു ട്രെന് ഡെ അരാഗ്വ. ഈ സംഘടനയെ യു.എസ്. ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
വ്യോമാക്രമണത്തിന്റേതെന്ന് കരുതുന്ന ഒരു ദൃശ്യവും ട്രംപ് പങ്കുവച്ചു. പച്ചനിറത്തിലുള്ള കെട്ടിടവും അതിനടുത്തുള്ള ഷെഡും തകരുന്നതും അവശിഷ്ടങ്ങള്‍ വായുവില്‍ തെറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വെനിസ്വേലയിലെ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്ത;െന്ന് ട്രംപ് പറഞ്ഞു.
വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി ട്രെന് ഡെ അരാഗ്വയ്ക്ക് ബന്ധമുണ്ടെന്നാണു യു.എസ്. നിലപാട്. കഴിഞ്ഞ ജനുവരിയില്‍ മഡുറോയെ വെനസ്വേലയില്നിന്നു യു.എസ്. സേന പിടിച്ചുകൊണ്ടുപോയിരുന്നു.
മനുഷ്യക്കടത്ത്, വാടക കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ പേരില്‍ കുപ്രസിദ്ധമാണു ട്രെന് ഡെ അരാഗ്വ .
തുടക്കത്തില്‍ ജയില്‍ സംഘമായിരുന്നുവെന്നും എന്നാല്‍ നിന്യോ ഗ്വിരേറോ ഇതിനെ ഒരു 'രാജ്യാന്തര ക്രിമിനല്‍ സംഘടന'യാക്കി മാറ്റുകയുമായിരുന്നുവെന്നും യു.എസ്. പറയുന്നു. 2013ല്‍ വെനസ്വേലന്‍ സര്‍ക്കാര്‍ ഗ്വിരേറോയെ അറസ്റ്റ് ചെയ്തിരുന്നു. അയാളെ അടച്ച ടോകോറോണ്‍ ജയില്‍ ഗ്വിരേറോ വിനോദ കേന്ദ്രമാക്കി മാറ്റി. മൃഗശാല, റെസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബ്്, ബെറ്റിങ് ഷോപ്പ്, നീന്തല്‍ക്കുളം എന്നിവയെല്ലാം ഈ ജയിലിനുള്ളില്‍ ഉണ്ടായിരുന്നു. 2023 സെപ്റ്റംബറില്‍ അന്നത്തെ പ്രസിഡന്റ് മഡുറോ, ജയിലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ 11,000 സൈനികരെ അയച്ചു. എന്നാല്‍ ഗ്വിരേറോ അവിടെനിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു.




