
എവിയാന്‍-ലെ-ബെയ്ന്‍സ്(പാരീസ്): ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍, സഹായിക്കാന്‍ യു.എസ്. അവിടെയുണ്ടാകുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആരെങ്കിലും ഈ മനുഷ്യനെ ആക്രമിച്ചാല്‍, ഞങ്ങള്‍ അവിടെയുണ്ടാകും.
എന്നാല്‍ ഒരു പുതിയ നേതാവാണ് വരുന്നതെങ്കില്‍, എനിക്ക് ഉറപ്പില്ല'.- മോദിയെ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു, 'അദ്ദേഹം മികച്ച സംഭാഷകനാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഏറ്റവും കഠിനനായ വ്യക്തികളില്‍ ഒരാളാണ്. കാണാന്‍ വളരെ ഭംഗിയുള്ള മനുഷ്യനാണ്. വളരെ നന്നായിരിക്കുന്നു. ഒരു മാലാഖയെപ്പോലെയുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അദ്ദേഹം അത്രതന്നെ കര്‍ക്കശക്കാരനുമാണ്. ഭാവിയില്‍ എപ്പോഴെങ്കിലും ഞാന്‍ ഇന്ത്യയിലേക്ക് പോകും'.- ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ഇന്ത്യന്‍ നാവികരെക്കുറിച്ചുള്ള ചോദ്യത്തിന് ' താന്‍ അതിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും' ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ഇന്ത്യന്‍ നാവികരുടെ സുരക്ഷാ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണെന്ന് മോദി പറഞ്ഞു. ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറിന്റെയും പ്രധാന ഭാഗമായി നാവികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
'ലക്ഷക്കണക്കിന് ഇന്ത്യന്‍ നാവികരാണ് സമുദ്രമേഖലയില്‍ ജോലി ചെയ്യുന്നത്; അവരുടെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ട്രംപിനോട് മോദി പറഞ്ഞു. കഴിഞ്ഞ ആഴ്ച എംടി സെറ്റബെേല്ലാ കപ്പലിന് നേരെ യു.എസ്. നാവികസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നന്ദി അറിയിക്കുകയും സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.



