
ദോഹ: മേഖലയിലെ സംഘര്‍ഷത്തിനു വിരാമം കുറിച്ച് അമേരിക്കയും ഇറാനുമായി ജനീവയില്‍ നടക്കുന്ന ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ ഖത്തര്‍ പങ്കാളിത്തം ഉറപ്പാക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമസമ്മേളനത്തില്‍ മന്ത്രാലയ ഔദ്യോഗിക വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ദീര്‍ഘകാല നയതന്ത്ര സമീപനത്തിന്റെ ഭാഗമാണ് ഖത്തറിന്റെ പങ്കാളിത്തമെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
സുരക്ഷാ ഉത്തരവാദിത്വങ്ങളെ ഖത്തര്‍ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇരുപക്ഷത്തെയും സമവായത്തിലെത്തിക്കുന്നതില്‍ നയതന്ത്രപരമായ പങ്ക് വഹിക്കാന്‍ ഖത്തറിനായി. സമാധാനം നിലനിര്‍ത്തുന്നതിനും ബഹുപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പിന്തുണ ഖത്തര്‍ തുടരുമെന്നും ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പല്‍ ഗതാഗതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ക്ക് ഏകീകൃത രൂപം നല്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകള്‍ കൂടി മുന്‍നിര്‍ത്തിയാണ് പുരോഗമിച്ചത്. ആഗോള ഊര്‍ജവിതരണം, സമുദ്ര സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവടെക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ഈ നയതന്ത്ര മുന്നേറ്റത്തിലൂടെ സാധിക്കുമെന്നും വക്താവ് പ്രത്യാശ പ്രകടിപ്പിച്ചു.
ലെബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഖത്തറിന് വിട്ടുവീഴ്ചയില്ലാത്ത 'ചുവപ്പ് രേഖ' ആണെന്ന് വക്താവ് ആവര്‍ത്തിച്ചു. ലബനീസ് ഭൂപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നടക്കുന്ന തുടര്‍ച്ചയായ സൈനിക നീക്കങ്ങളെ ഖത്തര്‍ അപലപിച്ചു.
ഗാസ മുനമ്പില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും മാനുഷിക പ്രതിസന്ധികള്‍ക്കു പരിഹാരം കാണാനുമായി ഈജിപ്തില്‍ തുടരുന്ന പ്രാദേശികഅന്തര്‍ദേശീയ ചര്‍ച്ചകളില്‍ ഖത്തര്‍ സജീവമായി പങ്കാളിയാകുന്നുണ്ടെന്നും ഡോ. മാജിദ് ബിന്‍ മുഹമ്മദ്അല്അന്സാരി പറഞ്ഞു.
ഷഫീക്ക് അറയ്ക്കല്‍



