
ബെയ്ജിങ്: ഒന്നു വിളിച്ചാല്‍ മതി ടോയ്ലറ്റ് അരികില്‍ ഓടിയെത്തും. സ്വയം വൃത്തിയാക്കാനും അതിനു കഴിയും!. ചൈനീസ് ടെക് ബ്രാന്‍ഡായ യുബാനാണ് ആധുനിക ടോയ്ലറ്റ് വിപണിയിലെത്തിച്ചത്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ അല്ലെങ്കില്‍ ഒരു വോയ്സ് കമാന്‍ഡ് (ശബ്ദ നിര്‍ദേശം) നല്കിയാല്, ഈ ഉപകരണം അടുത്തേക്ക് ഉരുണ്ടു നീങ്ങിയെത്തും. ഉടമസ്ഥന് എഴുന്നേറ്റ് നടക്കേണ്ട ആവശ്യംപോലുമില്ല. ഉപയോഗത്തിന് ശേഷം അതിനു സ്വയം ഫ്ലഷ് ചെയ്യാനും വൃത്തിയാക്കാനും കഴിയും. ലിറ്റില്‍ കംപാനിയന് (ചെറിയ കൂട്ടുകാരന്) എന്നര്‍ത്ഥം വരുന്ന സിയാബോബാന് എന്നാണു ടോയ്ലറ്റിനു നല്‍കിയിരിക്കുന്ന പേര്. 4,05 ലക്ഷം രൂപയാണു വില. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയാണ് ഈ റൊബോട്ട് ടോയ്ലറ്റ് നിര്‍മിച്ചിരിക്കുന്നതെന്ന് യുബാന് അറിയിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ഉടമയെ ബാത്ത്റൂം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത് സഹായിക്കും.
കടുത്ത മടിയന്മാര്ക്കിടയിലും സിയാബോബാന് വലിയ തോതില്‍ ജനപ്രിയമാകുമെന്നു സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തമാശയായി പറയുന്നുണ്ട്. മുതിര്‍ന്നവര്‍ക്കായി ഉണ്ടാക്കിയതാണെങ്കിലും, യുവാക്കളായിരിക്കും ഇത് യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പോകുന്നതെന്നു യുബാന് വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: 'നിര്‍മിത ബുദ്ധി(എഐ) സാങ്കേതികവിദ്യയിലൂടെ തടസങ്ങളില്ലാത്ത സമൂഹം വളര്‍ത്തിയെടുക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അതിലൂടെ എല്ലാവര്ക്കും തുല്യമായ പരിചരണം ലഭിക്കും.' - അദ്ദേഹം പറഞ്ഞു.
പ്രായമായവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന' റിമോട്ട് കണ്ട്രോള് വഴിയോ ശബ്ദ നിര്‍ദേശങ്ങളിലൂടെയോ സിയാബോബാന് ടോയ്ലറ്റ് പ്രവര്‍ത്തിപ്പിക്കാം. വൈഫൈ കണക്ഷന് വിച്ഛേദിക്കപ്പെട്ടാലും ഉപയോക്താക്കള്‍ ബുദ്ധിമുട്ടാതിരിക്കാന്‍ ഇതിലെ വോയ്സ് റെക്കഗ്നിഷന്‍ സിസ്റ്റം ഓഫ്ലൈനായും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിര്‍ദേശം ലഭിച്ചുകഴിഞ്ഞാല്‍, സിയാബോബാന് അതിന്റെ എഐ 3ഡി ഒബ്സ്റ്റക്കിള്‍ അവോയ്ഡന്‍സ് സിസ്റ്റം ഉപയോഗിച്ച് ഉപയോക്താവിന്റെ അടുത്തേക്ക് നേരിട്ട് എത്തിച്ചേരും. ചുറ്റുപാടിന്റെ ഒരു മാപ്പ് തയാറാക്കാനും വഴിയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും ഇതില്‍ ലിഡാര്‍ അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്.
വഴി കണ്ടെത്താന്‍ ഇതിന് ക്യാമറകളുടെ ആവശ്യമില്ലാത്തതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും സുരക്ഷിതമായിരിക്കുമെന്ന് യുബാന് വ്യക്തമാക്കുന്നു. ഉപയോഗത്തിന് ശേഷം, ഉപയോക്താവിനെ വൃത്തിയാക്കാന്‍ ചെറുചൂടുള്ള വെള്ളമുള്ള ബിഡെ വാഷും ഉണക്കാനായി എയര്‍ ബ്ലാസ്റ്റും ഉണ്ട്.
ഇതിന് പിന്നാലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ അള്‍ട്രാവയലറ്റ് ലൈറ്റും തെളിയും. അനാവശ്യ ഗന്ധങ്ങള്‍ ഇല്ലാതാക്കാന്‍ ഫോം ഷീല്‍ഡും ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ഫില്‍ട്ടറും അടങ്ങിയ 'ഹെവിഡ്യൂട്ടി ഓഡര്ന്യൂട്രലൈസിങ് സിസ്റ്റം' ഈ ടോയ്ലറ്റിലുണ്ടെന്ന് കമ്പനി പറയുന്നു. ആവശ്യം കഴിഞ്ഞാല്‍ ഉപയോക്താവിന് അതില്‍നിന്നും മാറിനിന്നശേഷം സിയാബോബാനിിനോട് അതിന്റെ ഡോക്കിങ് സ്റ്റേഷനിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കാം.
എന്നാല്‍ ഡോക്കിങ് സ്റ്റേഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, സിയാബോബാന് മാലിന്യം സാധാരണ ടോയ്ലറ്റ് ബൗളിലേക്ക് നേരിട്ട് തള്ളാനും കഴിയും. മടക്കി വയ്ക്കാവുന്ന യന്ത്രകരം ഉപയോഗിച്ച് ടോയ്ലറ്റിലേക്കു മാലിന്യം പുറന്തള്ളുന്നത് എന്‍ജിനീയര്‍മാര്‍ പ്രദര്‍ശിപ്പിച്ചു. ജോലി കൂടുതല്‍ എളുപ്പമാക്കാന്‍ സിയാബോബാന് സ്വയം വൃത്തിയാക്കുകയും ചെയ്യും. പ്രഷറൈസ്ഡ് വാട്ടര്‍ ജെറ്റുകളും യുവി ലൈറ്റും ഉപയോഗിച്ചാണു സിസ്റ്റം വൃത്തിയാക്കുന്നത്, ഇത് അടുത്ത ഉപയോഗത്തിന് പൂര്‍ണമായും ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കുന്നു.



