വാഷിങ്ടണ്‍: സ്കൈ ഡൈവിങ് വിമാനം തകര്‍ന്ന് അമേരിക്കയില്‍ കൊല്ലപ്പെട്ട 12 പേരില്‍ ഇന്ത്യക്കാരനും. സ്കൈ ഡൈവറും കന്‍സാസ് സിറ്റിയിലെ ടെക്നോളജി പ്രഫഷണലുമായ സായി കാര്‍ത്തിക് വര്‍മ ഡാറ്റ്ല(24)യാണു മരിച്ചത്. സെന്‍ട്രല്‍ മിസൗറി യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയശേഷം ഹെല്‍ത്ത് കെയര്‍ ടെക്നോളജി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു സായി.
ക്യാപ്ജെമിനി ഉദ്യോഗസ്ഥനായിരുന്ന സായ് നിലവില്‍ അഡ്വെന്റ് ഹെല്ത്തിലാണു ജോലി ചെയ്യുന്നതെന്ന് സാമൂഹിക മാധ്യമ പ്ര?ഫൈലില്നിന്നുള്ള വിവരങ്ങളെ ആസ്പദമാക്കി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്കൈ ഡൈവിങ് ഗവേണിങ് ബോഡിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് പാരച്യൂട്ട് അസോസിയേഷന് ടെക്നോളജി ഡയറക്ടര്‍ യെന്‍ ഷാര്‍പ്പും കൊല്ലപ്പെട്ടവരിലുണ്ട്.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. സ്കൈ ഡൈവിങ്ങില്‍ പ്രഗത്ഭരായ സായി ഉള്‍പ്പെടെ 11 പേരും വിമാനത്തിന്റെ പൈലറ്റുമാണ് ദുരന്തത്തില്‍പ്പെട്ടത്. കന്‍സാസ് സിറ്റിയില്‍നിന്ന് എണ്പതു മൈലോളം അകലെ ബെയ്റ്റ്സ് കൗണ്ടിയിലെ ബട്ട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിലംപൊത്തുകയും തീപിടിക്കുകയുമായിരുന്നു. നൂറുമീറ്ററോളം ഉയരത്തിലെത്തിയപ്പോള്ത്തന്നെ വിമാനം ഇടതുവശത്തേക്കു ചെരിഞ്ഞ് കൂപ്പുകുത്താന്‍ തുടങ്ങിയതായി ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞ പൈലറ്റ്, വിമാനം ഹൈവേയിലിറക്കാന് ശ്രമിച്ചെങ്കിലും മൂക്കുകുത്തിവീണ് തകര്ന്നതായിരിക്കാമെന്നു ബട്ലര് മെമ്മോറിയല്‍ വിമാനത്താവളം അധികൃതര്‍ അനുമാനിക്കുന്നു. സ്കൈഡൈവര്‍മാരുടെ പ്രിയങ്കരമായ ഒറ്റ എന്ജിന് ടര്‍ബോപ്രോപ് വിമാനമായ പസിഫിക് എയ്റോസ്പേസ് 750 എക്സ്. എലാണ് തകര്‍ന്നത്.
2010-ല്‍ നിര്‍മിച്ച വിമാനം അപകടദിനം രാവിലെകൂടി രണ്ടുവട്ടം യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതര വിമാനങ്ങളിലേതില്നിന്നു വിഭിന്നമായി ഈ ഗണത്തില്പ്പെടുന്നവയ്ക്ക് 'ബ്ലാക്ക് ബോക്സ്' ഇല്ലാത്തത് അപകടകാരണം കണ്ടെത്തുന്നത് ദുഷ്കരമാക്കുന്നതായി യു.എസ്. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് (എന്‍.ടി.എസ്.ബി) വ്യക്തമാക്കി.




