
പാരീസ്: 'ഞാനാണ് ബോസ് . കരാര്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ തലയിലേക്ക് വീണ്ടും ബോംബുകള്‍ ഇടും' - തമാശ കലര്‍ത്തി ലോകത്തോട് പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി7 ഉച്ചകോടിയുടെ അവസാന ദിവസത്തെ യോഗത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയശേഷമായിരുന്നു ട്രംപിന്റെ വാക്കുകള്‍. അവിടെ ഒത്തുകൂടിയ രാഷ്ട്രതലവന്മാര് ചിരിയോടെ ട്രംപിന്റെ പ്രസ്താവന സ്വീകരിച്ചു.
ഇറാനുമായി യു.എസ്. പ്രസിഡന്റ് ഉണ്ടാക്കിയ താല്‍ക്കാലിക കരാറിന് ജി7 നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം.
ഇറാനുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമല്ലെന്നും ടെഹ്റാന് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ബോംബാക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഞങ്ങള്‍ അവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ക്കും, അവരുടെ തലയിലേക്ക് ബോംബുകള്‍ ഇടും'- ട്രംപ് ഉച്ചകോടിയില്‍ പറഞ്ഞു.
ഫ്രഞ്ച് ആല്‍പ്സിലെ ഒരു തടാകക്കരയിലുള്ള റിസോര്‍ട്ടില്‍വച്ച് നടന്ന ജി7 രാജ്യങ്ങളുടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി, സാമ്പത്തിക വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള സെഷനുകളോടെയാണ് അവസാനിച്ചത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്കി വിപണിയിലേക്ക് വന്‍തോതില്‍ എത്തിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ജി7 ചര്‍ച്ച ചെയ്തു. ഇത് തങ്ങളുടെ സ്വന്തം വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് അവര്‍ വിലയിരുത്തി. ഇന്ത്യ, ദക്ഷിണ കൊറിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ജി7 ചര്‍ച്ചകളില്‍ ഇറാന് കരാറിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സഖ്യകക്ഷിയായ ഇസ്രയേലിനുള്ള ആശങ്കകളെയും അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ട്.'ഇറാന് ഒരിക്കലും ഒരു ആണവായുധം കൈവശംവയ്ക്കില്ല. വാങ്ങാനോ വികസിപ്പിക്കാനോ കഴിയില്ല. ഞാന്‍ ആഗ്രഹിച്ചതിന്റെ 99.9 ശതമാനവും ഇതാണെന്ന് പറയാന്‍ കഴിയും,' - അദ്ദേഹം പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് എണ്ണക്കപ്പലുകളുടെ ഗതാഗതത്തിനായി വീണ്ടും തുറക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം പാലിക്കപ്പെടുമോ എന്ന് രാജ്യാന്തര സമൂഹം ആശങ്കയോടെ നോക്കിക്കാണുന്നു.
ഇന്നലെ പുലര്‍ച്ചെ പുറപ്പെടുവിച്ച പ്രസ്താവനകളില്‍, റഷ്യന്‍ അധിനിവേശത്തെ നേരിടുന്ന യുൈക്രനുള്ള പിന്തുണ ജി7 നേതാക്കള്‍ ആവര്‍ത്തിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വര്‍ധിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
രാജ്യാന്തര മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരേ ട്രംപ് സ്വന്തം നിലയില്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജി7ന്റെ പ്രസ്താവന.




