പാരീസ്: ലോകത്തിലെ രണ്ടാമത്തെ വലിയ ഉരുക്ക് നിര്‍മ്മാതാക്കളായ ആര്‍സലര്‍ മിത്തലിന്റെ ഫ്രാന്‍സിലെ പ്രവര്‍ത്തനങ്ങള്‍ ദേശസാല്ക്കരിക്കാന് വീണ്ടും നീക്കം. ഇതു സംബന്ധിച്ച പ്രമേയം ഫ്രഞ്ച് നാഷണല്‍ അസംബ്ലി അംഗീകരിച്ചു. തൊഴിലവസരങ്ങള്‍ സംരക്ഷിക്കുക, ഹരിത നിക്ഷേപങ്ങള്‍ക്ക് വേഗത കൂട്ടുക, രാജ്യത്തിന്റെ വ്യവസായ പരമാധികാരം' നിലനിര്‍ത്തുക എന്നിവയാണ് പ്രമേയത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍. ഇതു രണ്ടാം തവണയാണു ഫ്രഞ്ച് നാഷണല്‍ അസംബ്ലി ബില്‍ പാസാക്കുന്നത്.
പക്ഷേ, നിയമമായി മാറാന്‍ കടമ്പകള്‍ ഇനിയുമുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ എതിര്‍പ്പാണു പ്രധാനം. സെനറ്റും(ഉപരിസഭ) ആ നിര്‍ദേശം തള്ളിക്കളഞ്ഞിട്ടുമുണ്ട്. വ്യവസായം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശസാല്‍ക്കരണം കൊണ്ട് കഴിയില്ലെന്നാണു ലക്ഷ്മി മിത്തലിന്റെ നിയന്ത്രണത്തിലുള്ള ആര്‍സലര്‍ മിത്തല്‍ കമ്പനിയുടെ നിലപാട്.
ഈ മാസം 11നാണ് ഏറ്റവും പുതിയ വോട്ടെടുപ്പ് നടന്നത്. ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലി 49നെതിരേ 106 വോട്ടുകള്‍ക്കാണ് ദേശസാല്‍ക്കരണ നിര്‍ദേശം അംഗീകരിച്ചത്. ഈ ബില്‍ 2025 നവംബറില്‍ പാസാക്കിയിരുന്നുവെങ്കിലും ഈ വര്‍ഷം ആദ്യം സെനറ്റ് ഇത് നിരസിക്കുകയായിരുന്നു. ഇടതുപക്ഷ പാര്‍ട്ടിയായ 'ലാ ഫ്രാന്‍സ് ഇന്‍സൗമിസ് പ്രതിനിധികളാണ് ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്.
ഉരുക്ക് വ്യവസായത്തെ വെറുമൊരു ബിസിനസ്സ് മാത്രമായി കാണാനാകില്ലെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം. കെട്ടിട നിര്‍മാണം, റെയില്‍വേ, വാഹന നിര്‍മാണം, പ്രതിരോധ ഉത്പാദനം, ഊര്‍ജ അടിസ്ഥാന സൗകര്യം, വന്‍കിട വ്യവസായങ്ങള്‍ എന്നിവയ്ക്കെല്ലാം ഉരുക്ക് അത്യാവശ്യമാണ്. ആഭ്യന്തര ഉരുക്ക് ഉത്പാദന ശേഷി കുറയുന്നത് രാജ്യത്തിനു തിരിച്ചടിയാകുമെന്ന് അവര്‍ വാദിക്കുന്നു.
ആര്‍സലര്‍ മിത്തല്‍ ഫ്രാന്‍സിനെ പൂര്‍ണമായും പൊതുഉടമസ്ഥതയിലേക്ക് മാറ്റാനാണ് ഈ നിയമനിര്‍മാണം ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം നിയമമായാല്‍, ഫ്രഞ്ച് സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കേണ്ട തുക എത്രയെന്ന് ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിഷന് തീരുമാനിക്കും. ആര്‍സലര്‍ മിത്തല്‍ തങ്ങളുടെ ഫ്രഞ്ച് യൂണിറ്റുകളില്‍ പ്രഖ്യാപിച്ച പുനഃസംഘടനയും ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലുമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ഒടുവില്‍ വോട്ടെടുപ്പിന് മുന്നോടിയായി പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ, ദേശസാല്ക്കരണത്തെ പിന്തുണച്ച് ജീവനക്കാരുടെ കൂട്ടായ്മകള്‍ രംഗത്തുണ്ട്.
പല പ്രമുഖ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളിലും ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെട്ടിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഊര്‍ജ ചെലവ് കുത്തനെ ഉയര്‍ന്നു. അതേസമയം, കുറഞ്ഞ ചെലവില്‍ വിദേശത്തുനിന്ന്, പ്രത്യേകിച്ച് അമിത ഉത്പാദന ശേഷിയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കാരണം ഉരുക്ക് നിര്‍മ്മാതാക്കള്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വ്യവസായങ്ങളിലൊന്നാണ് ഉരുക്ക് നിര്‍മാണം. യൂറോപ്യന്‍ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസുകളും കുറഞ്ഞ കാര്‍ബണ്‍ ഉത്പാദന രീതികളും ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു.
എന്നാല്‍ സ്വകാര്യ മാനേജ്മെന്റ് ഈ നിക്ഷേപങ്ങളുമായി വേണ്ടത്ര വേഗത്തില്‍ മുന്നോട്ട് പോയിട്ടില്ലെന്ന് ദേശസാല്ക്കരണത്തെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. വ്യവസായ നയത്തെ കാലാവസ്ഥാ നയവുമായി യോജിപ്പിക്കാനും ഗ്രീന്‍ സ്റ്റീല്‍ പരിവര്‍ത്തനത്തിനുള്ള ദീര്‍ഘകാല ധനസഹായം ഉറപ്പാക്കാനും സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. യൂറോപ്പിലെ ഉരുക്ക് വ്യവസായം കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന കാര്യം ദേശസാല്ക്കരണത്തെ എതിര്‍ക്കുന്നവരും നിഷേധിക്കുന്നില്ല. എന്നാല്‍ ഉടമസ്ഥാവകാശം മാറ്റുന്നതല്ല ഇതിനുള്ള യഥാര്‍ത്ഥ പരിഹാരം എന്നാണ് അവരുടെ വാദം.
ആ സാഹചര്യത്തില്‍, ഉടമസ്ഥാവകാശം ഓഹരി ഉടമകളില്‍നിന്ന് സര്‍ക്കാരിലേക്ക് മാറ്റുന്നത് കൊണ്ട് മാത്രം സാമ്പത്തിക പ്രതിസന്ധിക്ക് മാന്ത്രിക പരിഹാരമുണ്ടാകില്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
ചെലവിനെക്കുറിച്ചും ആശങ്കകളുണ്ട്. ദേശസാല്‍ക്കരണത്തിന് വലിയ തോതില്‍ പൊതുപണം ആവശ്യമായി വരും. ഫ്രാന്‍സ് ഇതിനകം തന്നെ സാമ്പത്തിക സമ്മര്‍ദങ്ങളോട് പോരാടുമ്പോള്‍, നികുതിദായകര്‍ ഈ ഭാരം ചുമക്കണോ എന്ന് നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. ആര്‍സലര്‍ മിത്തലിന്റെ വിശാലമായ യൂറോപ്യന്‍ ശൃംഖലയില്‍നിന്ന് ഫ്രഞ്ച് യൂണിറ്റുകളെ വേര്‍പെടുത്തുന്നത് പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്നും രാജ്യാന്തര തലത്തില്‍ ബിസിനസിന്റെ മത്സരശേഷി ഇല്ലാതാക്കുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്കുന്നു.
ദേശസാല്ക്കരണമാണ് പരിഹാരം എന്ന ആശയത്തെ ആര്‍സലര്‍ മിത്തല്‍ ശക്തമായി തള്ളിക്കളഞ്ഞു. ആഗോളതലത്തിലെ അമിത ഉത്പാദനം, മതിയായ വ്യാപാര സംരക്ഷണമില്ലായ്മ എന്നിവയാണ് യൂറോപ്യന്‍ ഉരുക്ക് നിര്‍മ്മാതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളെന്ന് കമ്പനി വാദിക്കുന്നു. ഉടമസ്ഥാവകാശം മാറ്റുന്നത് ഈ വെല്ലുവിളികളെ നേരിടാന്‍ ഒട്ടും സഹായിക്കില്ലെന്നാണ് അവരുടെ നിലപാട്.
ഫ്രാന്‍സില്‍ ഇതിനകം നടത്തിയിട്ടുള്ള വന്‍ നിക്ഷേപങ്ങളും കമ്പനി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഡണ്‍കിര്‍ക്ക് , ഫോസ്സുര്മെര് , മാര്ഡിക് എന്നിവിടങ്ങളിലെ വലിയ പ്രോജക്റ്റുകള്‍ ഉള്‍പ്പെടെ ഏകദേശം 170 കോടി യൂറോ ഫ്രഞ്ച് യൂണിറ്റുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആര്‍സലര്‍ മിത്തല്‍
വ്യക്തമാക്കുന്നു. ഇനി എന്താണ് സംഭവിക്കുക?
വോട്ടിങ്ങിന്റെ രാഷ്ട്രീയ പ്രാധാന്യം വലുതാണെങ്കിലും, പെട്ടെന്ന് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഫ്രാന്‍സിലെ നിയമനിര്‍മാണ പ്രക്രിയയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. സെനറ്റ് ഇപ്പോഴും ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നു, കൂടാതെ തങ്ങള്‍ ദേശസാല്ക്കരണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സ് ഉടമസ്ഥാവകാശത്തെക്കുറിച്ചും വ്യവസായ പരമാധികാരത്തെക്കുറിച്ചും തര്‍ക്കിക്കുമ്പോള്‍ ഇന്ത്യ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.
2030ഓടെ 30 കോടി ടണ്‍ ഉരുക്ക് ഉത്പാദന ശേഷി ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രമുഖ ഉരുക്ക് നിര്‍മ്മാതാക്കള്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. എസ് ആന്‍ഡ് പി ഗേ്ലാബലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ശക്തമായ ആഭ്യന്തര ആവശ്യം, വര്‍ധിച്ചുവരുന്ന ഉപഭോഗം, വിലകുറഞ്ഞ ഇറക്കുമതിക്കെതിരേയുള്ള വ്യാപാര സംരക്ഷണ നടപടികള്‍ എന്നിവയുടെ പിന്‍ബലത്തില്‍, ഇന്ത്യയിലെ മുന്‍നിരയിലുള്ള ഉരുക്ക് ഉല്‍പ്പാദകര്‍ തങ്ങളുടെ മൂലധനെച്ചലവ് കുത്തനെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




