ബോണ്‍: രാജ്യത്തിന്റെ ജനസംഖ്യ ഒരു കോടിയായി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ഇന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വോട്ടെടുപ്പ്. കുടിയേറ്റം തടയണമെന്ന ലക്ഷ്യത്തോടെ വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണു നിയന്ത്രണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഭവനനിര്‍മാണം, പൊതുസേവനങ്ങള്‍, പരിസ്ഥിതി എന്നിവയ്ക്കു മേലുള്ള സമ്മര്‍ദം കുറയ്ക്കുന്നതിനാണു നിര്‍ദേശമെന്നാണ് അവരുടെ വാദം.
എന്നാല്‍ സര്‍ക്കാര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യവസായികള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ ഇതിനെ നിര്‍ദേശത്തെ എതിര്‍ക്കുന്നു. നിര്‍ദേശം ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യമായ ജീവനക്കാരെ ലഭിക്കാതാക്കുമെന്നാണ് അവരുടെ വാദം. 2002ല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ജനസംഖ്യ 73 ലക്ഷമായിരുന്നു. ഇപ്പോള്‍ അത് 91 ലക്ഷമായി ഉയര്‍ന്നു. അതില്‍ 27 ശതമാനം പേരും വിദേശത്ത് ജനിച്ച് പിന്നീട് സ്വിറ്റ്സര്‍ലന്‍ഡില്‍ താമസമാക്കിയവരാണ്.
സ്വിറ്റ്സര്‍ലന്‍ഡിന്റെ നേരിട്ടുള്ള ജനാധിപത്യ സംവിധാനമനുസരിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം ജനവിധിയിലൂടെയാണ് എടുക്കുന്നത്. ഒരു വിഷയത്തില്‍ രാജ്യവ്യാപക വോട്ടെടുപ്പ് നടത്താന്‍ പ്രചാരണ പ്രവര്‍ത്തകര്‍ക്ക് 100,000 ഒപ്പുകള്‍ ശേഖരിച്ചാല്‍ മതി. സര്‍വേകള്‍ സൂചിപ്പിക്കുന്നത്, വളരെ ചെറിയ ഭൂരിപക്ഷത്തോടെ 'വേണ്ട' എന്ന നിലപാടിലേക്കാണ് വോട്ടര്‍മാര്‍ നീങ്ങുന്നതെന്നാണ്. 52 ശതമാനം പേര് ഈ നിര്‍ദേശത്തെ എതിര്‍ക്കുമ്പോള്‍ 45 ശതമാനം പേര് പിന്തുണയ്ക്കുന്നു. എന്നാല്‍ ഇപ്പോഴും ഗണ്യമായ എണ്ണം വോട്ടര്‍മാര്‍ തീരുമാനമെടുക്കാതെ നില്‍ക്കുകയാണ്. ഭവനക്ഷാമം, ഗതാഗതക്കുരുക്ക്, വിദ്യാലയങ്ങളിലെ അമിതഭാരം, സാമൂഹിക സേവനങ്ങളിലെ സമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം കുടിയേറ്റമാണെന്നാണ് വലതു പാര്‍ട്ടികളുടെ വിശ്വാസം.




