
വാഷിങ്ടണ്‍: തങ്ങളുടെ ഫേബിള്‍ 5, മിത്തോസ് 5 എന്നീ എഐ മോഡലുകള്‍ വിദേശ പൗരന്മാര് ഉപയോഗിക്കുന്നത് തടയാന്‍ യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദേശം ലഭിച്ചതായി ആന്ത്രോപിക്. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് അവര്‍ പുതുതായി പുറത്തിറക്കിയ എഐ മോഡലുകളുടെ സേവനം യു.എസിനു പുറത്ത് ലഭിക്കില്ല.
കേ്ലാഡ് ചാറ്റ്ബോട്ടിന്റെ നിര്‍മ്മാതാക്കളായ ആന്ത്രോപിക് പ്രസിദ്ധീകരിച്ച ബേ്ലാഗ് പോസ്റ്റില്‍, ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫേബിള്‍ 5, മിത്തോസ് 5 എന്നീ എഐ മോഡലുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് എല്ലാ വിദേശ പൗരന്മാരെയും വിലക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തങ്ങളോട് നിര്‍ദേശിച്ചതായി വ്യക്തമാക്കി.
സര്‍ക്കാരിന്റെ സുരക്ഷാ ആശങ്ക എന്താണെന്ന് കത്തില്‍ വിശദമായി വ്യക്തമാക്കിയിട്ടില്ലെന്നും ആന്ത്രോപിക് അറിയിച്ചു. നിലവില്‍ യു.എസിലുള്ള വിദേശ പൗരന്മാരെയും - ആന്ത്രോപിക്കില് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയും - ഈ നിരോധനം ബാധിക്കും.ആന്ത്രോപിക്കിന്റെ മിത്തോസ് എഐ മോഡലിന് പിന്നിലെ സാങ്കേതികവിദ്യ സോഫ്റ്റ്വേറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്നതില്‍ അതീവ വൈദഗ്ധ്യമുള്ളതാണ്;പതിറ്റാണ്ടുകളായി ആരും കണ്ടെത്താത്ത ചില പിഴവുകള്‍ പോലും കണ്ടെത്താന്‍ ഇതിന് കഴിയും.
യു.എസ് അധികൃതരും തെരഞ്ഞെടുക്കപ്പെട്ട ചില കമ്പനികളും തങ്ങളുടെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതിനായി ഈ ശേഷി ഉപയോഗിച്ചിരുന്നു. എഐ സാങ്കേതികവിദ്യ തെറ്റായ കൈകളില്‍ എത്തിയാല്‍ അത് അപകടകരമായ സൈബര്‍ ആയുധമായി മാറിയേക്കാം എന്ന ആശങ്കയാണു യു.എസ്. നീക്കത്തിനു പിന്നിലെന്നു സൂചനയുണ്ട്. ഈ ആഴ്ച പുറത്തിറങ്ങിയ ഫേബിള്‍ 5 മോഡല്‍ മിത്തോസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അതിന്റെ സൈബര്‍ സുരക്ഷാ, ബയോടെക്നോളജി ശേഷികള്‍ തടയപ്പെട്ടിരിക്കുന്നു.
മിത്തോസ് 5 എന്നത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത പൂര്‍ണമായ പതിപ്പാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റ് പങ്കാളികള്‍ക്കും അവരുടെ സിസ്റ്റങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ടി മാത്രമായിരിക്കും ഇത് തുടര്‍ന്നും ഉപയോഗിക്കുക.
പ്രധാന എതിരാളികളായ ഓപ്പണ്‍എഐയുടെ ജിപിടി5.5 പോലുള്ള മറ്റ് കമ്പനികളുടെ മോഡലുകള്‍ക്കും നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍ ബേ്ലാക്ക് ചെയ്യുന്നതിനോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും, ഫേബിള്‍ 5ലെ സുരക്ഷാ സംവിധാനങ്ങള്‍ വിപുലമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതാണെന്നും ആന്ത്രോപിക് വ്യക്തമാക്കി.




