
ഇസ്ലാമാബാദ്: മൂന്നു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനു വിരാമമിട്ട് അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍ പ്രാഥമിക സമാധാനക്കരാര്‍ ഒപ്പുവച്ചേക്കുമെന്ന് പാകിസ്താന്. സമാധാന ഉടമ്പടിയുടെ കരട് രൂപത്തിന് ഇരുരാജ്യങ്ങളും അംഗീകാരം നല്‍കിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. പശ്ചിഷ്യേന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണു പാകിസ്താന്.
ഇലക്ട്രോണിക് സംവിധാനം വഴി കരാര്‍ ഒപ്പുവയ്ക്കാനുള്ള തയാറെടുപ്പുകള്‍ പാകിസ്താന് നടത്തിവരികയാണെന്നാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ ഷെഹ്ബാസ് ഷെരീഫ് കുറിച്ചത്. സാങ്കേതികതല ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സമാധാനക്കരാറിനോട് നാം എന്നത്തേക്കാളും അടുത്തിരിക്കുകയാണ്. ചരിത്രപരമായ ഈ ഉടമ്പടി ശാശ്വതമായ സമാധാനത്തിനു ശക്തമായ അടിത്തറയിടുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'- ഷെഹ്ബാസ് ഷെരീഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ ഇറാന് പ്രത്യാക്രമണം നടത്തി. ഇറാനെ അനുകൂലിച്ച് ഇസ്രയേലിനു നേരേ ലെബനനിലെ ഹിസ്ബുള്ളയും ആക്രമണം അഴിച്ചുവിട്ടു. ആയിരങ്ങളുടെ ജീവന് നഷ്ടപ്പെടാനിടയാക്കിയ ഈ യുദ്ധം ആഗോള ഇന്ധനവില കുത്തനെ ഉയരാനും കാരണമായി.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതൂള്പ്പെടെ സുപ്രധാനമായ പല വ്യവസ്ഥകളും നിര്‍ദ്ദിഷ്ട സമാധാന ഉടമ്പടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
യുദ്ധത്തെത്തുടര്‍ന്ന് അടച്ചിടപ്പെട്ട ഹോര്‍മുസ് കടലിടുക്ക് ആഗോള എണ്ണ വ്യപാരത്തിലെ തന്ത്രപ്രധാന മേഖലയാണ്. കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള യു.എസ് നാവിക ഉപരോധം നീക്കാനുമാണു പ്രാഥമിക ധാരണ. അമേരിക്ക മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കോടിക്കണക്കിനു ഡോളറിന്റെ ഇറാനിയന്‍ ആസ്തികള്‍ കരാറിന്റെ ഭാഗമായി വിട്ടുനല്‍കുമെന്നും അറിയുന്നു. ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങളിലും ഇളവ് വരുത്തും.
കരാര്‍ ഒപ്പിട്ട് 60 ദിവസത്തിനകം ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുകയോ അവിടെനിന്നു മാറ്റുകയോ ചെയ്യുമെന്ന് യു.എസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം, ആണവപദ്ധതി പൂര്‍ണമായി നിര്‍ത്താന്‍ ഇറാന് തയാറായിട്ടില്ലെന്നു യുറേനിയം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും മേഖലയില്‍ ചെറിയ തോതില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിനു നേരേ വന്ന ഇറാനിയന്‍ ഡ്രോണുകള്‍ കഴിഞ്ഞദിവസം യു.എസ് സൈന്യം വെടിവച്ചിട്ടിരുന്നു. എങ്കിലും ഡോണള്‍ഡ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമാധാനക്കരാറിലൂടെ സാധിച്ചതായും ചര്‍ച്ചകള്‍ അനുകൂലമായ ദിശയിലാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
കരാര്‍ ഉടനെന്ന് ഇറാന് അവകാശപ്പെടുന്നതിനിടെ, ഇസ്രയേല്‍ ലെബനനില്‍ വ്യോമാക്രമണം നടത്തി. ഇരുപതോളം സ്ഥലങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് ശേഷം ഇസ്രയേല്‍ ദക്ഷിണ ലെബനനില്‍ വ്യോമാക്രമണം നടത്തിയതായി ലെബനന് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. യു.എസ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലെബനന് ഈ കരാറിന്റെ ഭാഗമാകാന്‍ സാധ്യതയില്ലെന്നാണ്;ഇറാന് ഇതിനായി നിര്‍ബന്ധം പിടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.




