മാഞ്ചസ്റ്റര്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് 2 മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ സ്കോട്ട്ലന്‍ഡിന് 40 റണ്ണിന്റെ ജയം. ഓള്‍ഡ്ട്രാഫോഡില്‍ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് അഞ്ച് വിക്കറ്റിന് 161 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അവസാന ഓവറില്‍ 121 റണ്ണിന് ഓള്‍ഔട്ടായി.
മൂന്ന് വിക്കറ്റ് വീതമെടുത്ത ക്രിസ്റ്റി ഗോള്‍ഡനും കാതറീന ഫ്രേസറുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. നായികയും ഓള്‍റൗണ്ടറുമായ കാതറിന് ബ്രൈസ് രണ്ട് വിക്കറ്റെടുത്തു.
ഓപ്പണര്‍ ആമി ഹണ്ടര്‍ (36 പന്തില്‍ 39), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് (23 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 33) എന്നിവര്‍ മാത്രമാണു പൊരുതിയത്. നായിക ഗാബി ലെവിസ് (11), അലാന ഡാല്‍സെല്‍ (ആറ്), റെബേക സ്റ്റോകല് (രണ്ട്), ലിയ പോള്‍ (0), അലിസ് ടെക്റ്റര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ടോസ് നേടിയ ഗാബി ലെവിസ് സ്കോട്ട്ലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായിക കാതറീന് ബ്രൈസിന്റെ (39 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 60) വെടിക്കെട്ടാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്. സാറാ ബ്രൈസ് 35 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 49 റണ്ണെടുത്തു പുറത്തായി. അയര്‍ലന്‍ഡിനായി അവാ കാനിങ് മൂന്ന് വിക്കറ്റെടുത്തു.






