
ഫിലാഡെൽഫിയ: ഹെയ്തിക്കെതിരായ ലോകകപ്പ് മത്സരത്തിൽ സ്കോട്ട്ലാൻഡിന് ആവേശകരമായ ജയം. 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിനെത്തിയ സ്കോട്ലൻഡ്, 28–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ജയം സ്വന്തമാക്കി . സ്കോട്ട്ലൻഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹെയ്തിയെ തോൽപ്പിച്ചത്. സ്കോട്ട്ലാൻഡിനു വേണ്ടി ജോൺ മക്ഗിൻ ആണ് ഗോൾ നേടിയത്.1998ൽ നോർവെയ്ക്കെതിരെ ഗോൾ നേടിയ ക്രെയ്ഗ് ബേർളിക്ക് ശേഷം സ്കോട്ടിഷ് ടീമിനായി ഗോൾ നേടുന്ന ആദ്യത്തെ താരമായാണ് മക് ഗിൻ മാറിയത്.
കളി തുടങ്ങി 16-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതോടെയാണ് കളി ചൂടുപിടിച്ചത്. ടോറിനോ സ്ട്രൈക്കർ ചെ ആഡംസ് നൽകിയ പന്ത് ബെൻ ഗാനൻ-ഡോക്ക് ബോക്സിലേക്ക് ക്രോസ്സ് ചെയ്തു. ആഡംസ് തൊടുത്ത ആദ്യ ഷോട്ട് ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് ജോൺ മക്ഗിൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒരു സ്കോട്ടിഷ് പ്രതിരോധ താരം തട്ടിയ പന്ത് ഹെയ്തി ഡിഫെൻഡറുടെ കാലിൽ തട്ടിയാണ് ഗോളായി മാറിയത്.
രണ്ടാം പകുതിയിലും സ്കോട്ടിഷ് പ്രതിരോധ നിരയും ഗോൾകീപ്പർ ആംഗസ് ഗണ്ണും ചേർന്ന് ഹെയ്റ്റിയുടെ ഹെയ്റ്റിയുടെ മുന്നേറ്റങ്ങൾക്ക് തടയിട്ടു. 84-ാം മിനിറ്റിൽ ഹെയ്റ്റി താരം ഫ്രാന്റ്സ്ഡി പിയറോട്ടിന് ലഭിച്ച മികച്ചൊരു ഹെഡ്ഡർ അവസരം പോസ്റ്റിന് പുറത്തേക്ക് പോയി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റൂബൻ പ്രൊവിഡൻസ് തൊടുത്ത ഷോട്ടുകൾ സ്കോട്ടിഷ് പ്രതിരോധത്തിൽ തട്ടി തകർന്നു .
36 വർഷത്തിനിപ്പുറമാണ് ലോകകപ്പിൽ സ്കോട്ട്ലൻഡ് ഒരു വിജയം നേടുന്നത്. 1990ലാണ് ഇതിന് മുമ്പ് അവസാനമായി ഒരു ഫുട്ബോൾ ലോകകപ്പ് മത്സരം ജയിച്ചത്. ജയത്തോടെ 3 പോയിന്റുമായി സ്കോട്ട്ലൻഡ് ബ്രസീലിനെയും മൊറോക്കോയെയും മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ബ്രസീലും മൊറോക്കോയും സമനിലയില്‍ പിരിഞ്ഞിരുന്നു.






