More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ശ്രദ്ധിച്ചത്‌ ശിംശോന്റെ ദെലീലയെ; ലാമറെ ആരും കണ്ടില്ല....

Authored by Web Desk | Last updated: 14 Jun 2026, 11:43 PM | 4 min read

Print
ശ്രദ്ധിച്ചത്‌ ശിംശോന്റെ ദെലീലയെ; ലാമറെ ആരും കണ്ടില്ല....

ഏതു സദസിലെത്തിയാലും എല്ലാ കണ്ണുകളും ഹെഡി ലാമറിലേക്കു കേന്ദ്രീകരിക്കും. അവരുടെ ഓരോ ചലനവും ലോകം നിരീക്ഷിച്ചു. നടിയെന്ന ആരാധനയല്ല അവര്‍ ആഗ്രഹിച്ചത്‌. അവര്‍ക്ക്‌ വേണ്ടത്‌ ആദരവായിരുന്നു. ആരും അറിഞ്ഞില്ല, ആ തലച്ചോര്‍ ഒരു ശാസ്‌ത്രജ്‌ഞയുടേതാണെന്ന്‌. അതറിഞ്ഞിട്ടും അംഗീകരിക്കാന്‍ ലോകം വിസമ്മതിച്ചു. വാര്‍ധക്യത്തിലെത്തിയപ്പോള്‍ അംഗീകാരങ്ങളെത്തി. പക്ഷേ, വൈകിപ്പോയിരുന്നു. ആധുനിക വൈഫൈക്കും ബ്ല്യൂടൂത്തിനു പിന്നില്‍ ലാമറുണ്ട്‌. പക്ഷേ, ലോകം അവരെ അറിഞ്ഞത്‌ നടിയായിട്ടാണ്‌, ഹോളിവുഡ്‌ താരം ഹെഡി ലാമര്‍! എല്ലാ നിഷേധങ്ങളോടുമുള്ള പ്രതികരണം അവര്‍ ഏതാനും വാക്കുകളില്‍ ചുരുക്കി- 'ഏതൊരു പെണ്‍കുട്ടിക്കും ആകര്‍ഷകയാകാന്‍ കഴിയും. നിങ്ങള്‍ ചെയ്യേണ്ടത്‌ അനങ്ങാതെ മാറിനിന്ന്‌ വിഡ്‌ഢിയെപ്പോലെ ഭാവിക്കുക മാത്രമാണ്‌. എന്നാല്‍ ഒതുങ്ങിനില്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല'.


**************************************


1938ല്‍, നിഗൂഢതകള്‍ നിറഞ്ഞ ഒരു യൂറോപ്യന്‍ നടിയുമായി ഒരു കപ്പല്‍ ന്യൂയോര്‍ക്ക്‌ തുറമുഖത്ത്‌ എത്തിച്ചേര്‍ന്നു. മാധ്യമങ്ങള്‍ അവരെ ലോകത്തിലെ ഏറ്റവും മനോഹരി എന്നു വിശേഷിപ്പിച്ചു. ഹോളിവുഡ്‌ അവരില്‍ കണ്ടത്‌ ഗ്ലാമറും പ്രൗഢിയും ബോക്‌സ്‌ ഓഫീസ്‌ വിജയസാധ്യതകളുമായിരുന്നു. ആ സൗന്ദര്യത്തിന്‌ പിന്നിലുള്ള അസാധാരണ ബുദ്ധിശക്‌തിയെ ആരും തിരിച്ചറിഞ്ഞില്ല. യാതനകളുടെ ഒരു കാലംപിന്നിട്ടാണ്‌ അവര്‍ യു.എസിലെത്തിയത്‌. നിരീക്ഷണങ്ങളിലൂടെ നേടിയ അറിവുകള്‍ ആ മനസിലുണ്ടായിരുന്നു. ഇനി വേണ്ടത്‌ അതു പ്രയോഗിക്കാനുള്ള അവസരം.


നിരീക്ഷക


1914ല്‍ ഓസ്‌ട്രിയയിലെ വിയന്നയിലാണു ഹെഡി ലാമര്‍ ജനിച്ചത്‌. ഹെഡ്‌വിഗ്‌ ഇവ മരിയ കീസ്‌ലര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്‌. ബാങ്കറായിരുന്ന ജെട്രൂഡ്‌ കീസ്‌ലറുടെയും എമിലിന്റെയും ഏക മകളായിരുന്നു.

ഹെഡിക്ക്‌ എപ്പോഴും സംശയങ്ങളായിരുന്നു. അതു പരിഹരിക്കാനുള്ള മാര്‍ഗം അവള്‍ തന്നെ കണ്ടെത്തി, നിരീക്ഷണം. സംഗീത പെട്ടികളും കളിപ്പാട്ടങ്ങളുമെല്ലാം അവള്‍ തുറന്നുനോക്കി. അവയിലെ സ്‌പ്രിങ്ങുകളും ഗിയറുകളും എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അറിയേണ്ടത്‌. ജീവനില്ലാതെ അവ ചലിക്കുന്നത്‌ അവളെ അത്ഭുതപ്പെടുത്തി. അതു പഠിക്കണമെന്ന ആഗ്രഹം മനസിലൊതുങ്ങി. 1930കളിലെ യൂറോപ്യന്‍ അന്തരീക്ഷം ശാസ്‌ത്രത്തെ സ്‌നേഹിച്ച പെണ്‍കുട്ടികള്‍ക്ക്‌ അത്ര അനുകൂലമായിരുന്നില്ല. നിരീക്ഷണപാടവം മറ്റൊരു പാതയാണു ഹെഡിക്ക്‌ ഒരുക്കിക്കൊടുത്തത്‌, അഭിനയം.

19ാം വയസില്‍ 'എക്‌സ്‌റ്റസി' എന്ന വിവാദ ചലച്ചിത്രം ഹെഡിക്ക്‌ രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു. ഹിറ്റ്‌ലറും ഫാസിസവും കരുത്താര്‍ജിക്കുന്ന കാലംകൂടിയായിരുന്നു അത്‌. ഫാസിസ്‌റ്റ്‌ നേതാക്കളുമായി അടുത്ത ബന്ധമുള്ള, ഓസ്‌ട്രിയയിലെ പ്രമുഖ ആയുധ നിര്‍മ്മാതാവായ ഫ്രെഡറിക്‌ മാന്‍ഡ്‌ലിനെ അവര്‍ വിവാഹം ചെയ്‌തു. അതോടെ ജീവിതം മാറി.

സ്വാതന്ത്ര്യമാണ്‌ ആദ്യം നഷ്‌ടമായത്‌. ഹെഡിയെ അഭിനയിക്കുന്നതില്‍നിന്ന്‌ അയാള്‍ വിലക്കി.

ഭര്‍ത്താവിനൊപ്പമുള്ള ഔദ്യോഗിക യാത്രകളായിരുന്നു ആശ്വാസം. ആ യാത്രകളില്‍ കേട്ടത്‌ ആയുധങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍. സൈനിക എന്‍ജിനീയര്‍മാരും ആയുധ രൂപകല്‍പ്പനക്കാരും പങ്കെടുത്ത അത്താഴ വിരുന്നുകളില്‍ അവര്‍ ശ്രദ്ധാകേന്ദ്രമായി. പക്ഷേ, അവര്‍ ശ്രദ്ധിച്ചത്‌ അവിടെനടന്ന ചര്‍ച്ചകളെയാണ്‌. ശ്രദ്ധയോടെ കാര്യങ്ങള്‍ കേട്ടു മനസിലാക്കി. റേഡിയോ സിഗ്നലുകള്‍, ടോര്‍പ്പിഡോകള്‍, വളര്‍ന്നുവരുന്ന ആശയവിനിമയ സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവര്‍ മനസിലേക്ക്‌ ആവാഹിച്ചു. മറ്റുള്ളവര്‍ അവരെ കേവലം ഒരു അലങ്കാരവസ്‌തുവായി കണ്ടപ്പോള്‍, അവര്‍ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു. അതിനുശേഷം 'സ്വാതന്ത്ര്യം' നേടാനുള്ള തീരുമാനത്തിലെത്തി. 'ജീവനും ബുദ്ധിയുമുള്ള ഒരു വ്യക്‌തിയായി എന്നെ പരിഗണിക്കാന്‍ ഫ്രെഡറിക്‌ തയാറായില്ല. അയാളുള്ള താളത്തിനൊത്ത്‌ തുള്ളുന്ന കളിപ്പാട്ടം'- പിന്നീട്‌ അവര്‍ കുറിച്ചു.


ഹോളിവുഡ്‌ താരം


ഫ്രെഡറിക്കിനൊപ്പം ജന്മനാടിനെയും ഉപേക്ഷിക്കാനായിരുന്നു തീരുമാനം. വേലക്കാരിയുടെ വേഷം ധരിച്ച്‌ അവര്‍ പാരീസിലേക്കു കടന്നു. പിന്നീട്‌ ലണ്ടനിലെത്തി. അവിടെവച്ചാണ്‌ എം.ജി.എം. സ്‌റ്റുഡിയോയുടെ ലൂയിസ്‌ ബി. മേയറെ പരിചയപ്പെട്ടത്‌. യൂറോപ്പില്‍നിന്നുള്ള പ്രതിഭകളെ തേടിയെത്തിയതായിരുന്നു അദ്ദേഹം.

ഹെഡിയുമായി അദ്ദേഹം കരാറുണ്ടാക്കി. ഹെഡി ലാമര്‍ എന്ന പേരിലേക്കുള്ള മാറ്റം കൂടിയായിരുന്നു യു.എസ്‌. യാത്ര. 1940കളുടെ തുടക്കത്തില്‍ ക്ലാര്‍ക്ക്‌ ഗേബിള്‍, സ്‌പെന്‍സര്‍ ട്രേസി തുടങ്ങിയ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച്‌ അവര്‍ ഹോളിവുഡിലെ പ്രശസ്‌ത നടിയായി. അതിനിടെയാണു രണ്ടാം ലോകയുദ്ധം അമേരിക്കയെ 'സ്‌പര്‍ശിക്കാന്‍' തുടങ്ങിയത്‌.


ശാസ്‌ത്രജ്‌ഞ


ലോകയുദ്ധം ഹെഡിയെ അസ്വസ്‌ഥയാക്കി. ഓസ്‌ട്രിയയില്‍നിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെട്ട യഹൂദ സ്‌ത്രീ എന്ന നിലയില്‍ യുദ്ധത്തിന്റെ ഭീകരത അവര്‍ക്ക്‌ നന്നായി അറിയാമായിരുന്നു. രാജ്യത്തെ സഹായിക്കാന്‍ അവര്‍ ആഗ്രഹിച്ചു. നാഷണല്‍ ഇന്‍വെന്റേഴ്‌സ്‌ കൗണ്‍സില്‍(എന്‍.ഐ.സി) അംഗത്വമാണ്‌ മോഹിച്ചത്‌. താരത്തിളക്കം ഉപയോഗിച്ചു യുദ്ധ ബോണ്ടുകള്‍ വില്‍ക്കണമെന്നായിരുന്നു ഭരണാധികാരികളുടെ നിര്‍ദേശം. എഡ്‌ഡി റോഡ്‌സിനൊപ്പം ചില പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു. ഒപ്പം എന്‍.ഐ.സിയില്‍ ചേരാനുള്ള ശ്രമം തുടര്‍ന്നു.

റേഡിയോ തരംഗങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ടോര്‍പ്പിഡോകള്‍ (കടലിലൂടെ തൊടുത്തുവിടുന്ന മിസൈലുകള്‍) വികസിപ്പിച്ചെടുക്കുന്ന കാലമായിരുന്നു അത്‌. ആ മിസൈലുകള്‍ക്ക്‌ ഒരു പരിമിതി ഉണ്ടായിരുന്നു. ശത്രുക്കള്‍ക്ക്‌ അവയുടെ റേഡിയോ ഫ്രീക്വന്‍സികള്‍ തടസപ്പെടുത്താന്‍ കഴിയുമായിരുന്നു. ഫ്രെഡറിക്കിനൊപ്പം കഴിഞ്ഞ നാളുകളില്‍ മനസിലാക്കിയ ആയുധ തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ആ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ കഴിയുമെന്ന്‌ അവര്‍ വിശ്വസിച്ചു. സൈനിക ഉദ്യോഗസ്‌ഥരില്‍നിന്നും കേട്ടറിഞ്ഞ അറിവുകള്‍വച്ച്‌ അവര്‍ 'ഫ്രീക്വന്‍സി ഹോപ്പിങ്‌' എന്ന ആശയത്തിനു രൂപം നല്‍കി.

ഒരു സിഗ്നല്‍ ഒരൊറ്റ റേഡിയോ ഫ്രീക്വന്‍സിയിലൂടെ മാത്രം അയക്കുന്നതിന്‌ പകരം (ഇത്‌ ശത്രുക്കള്‍ക്ക്‌ എളുപ്പത്തില്‍ കണ്ടെത്താനും തടയാനും കഴിയും) മുന്‍കൂട്ടി നിശ്‌ചയിച്ച ക്രമത്തില്‍ ഒന്നിലധികം ഫ്രീക്വന്‍സികള്‍ക്കിടയിലൂടെ സിഗ്നലുകളെ അതിവേഗം മാറ്റി വിന്യസിക്കുന്ന രീതിയായിരുന്നു അത്‌. കൃത്യമായ ക്രമം അറിയാവുന്ന റിസീവറിന്‌ മാത്രമേ ആ സിഗ്നലിനെ പിന്തുടരാന്‍ സാധിക്കൂ. ആ ആശയത്തിനു പിന്നാലെയായി അവര്‍. സംഗീതസംവിധായകനായ ജോര്‍ജ്‌ ആന്തെയ്‌ലാണു സഹായിച്ചത്‌. പ്രത്യേക രീതിയില്‍ ക്രമീകരിച്ച പേപ്പര്‍ റോളുകള്‍ ഉപയോഗിച്ച്‌ ഒന്നിലധികം പിയാനോകളെ ഒരേ സമയം നിയന്ത്രിക്കുന്നതില്‍ വൈദഗ്‌ധ്യമുള്ളയാളായിരുന്നു ആന്തെയില്‍. ഇതേ തത്വം ഉപയോഗിച്ച്‌ ട്രാന്‍സ്‌മിറ്ററും റിസീവറും തമ്മിലുള്ള ഫ്രീക്വന്‍സി മാറ്റങ്ങളെ ഒരേ സമയം ക്രമീകരിക്കുന്ന ഒരു സംവിധാനം അവര്‍ രൂപകല്‍പ്പന ചെയ്‌തു. 1942ല്‍ ആ സംവിധാനത്തിന്‌ അവര്‍ക്ക്‌ യു.എസ്‌. പേറ്റന്റ്‌ ലഭിച്ചു. സ്വപ്‌നം യാഥാര്‍ഥ്യമായെന്ന്‌ ഹെഡി കരുതിയ ദിനങ്ങള്‍...


പരാജിത


ഹോളിവുഡ്‌ സുന്ദരിയുടെ സമയംപോക്കല്‍ എന്നതിനപ്പുറം ആ കണ്ടെത്തലിനു പ്രാധാന്യംകൊടുക്കാന്‍ യു.എസ്‌. നാവികസേന തയാറായില്ല. അവരുടെ സാങ്കേതികവിദ്യ യുദ്ധരംഗത്ത്‌ പ്രായോഗികമല്ലെന്നായിരുന്നു വാദം. അതോടെ ഹോളിവുഡിലേക്കു മടങ്ങി. ഗ്ലാമര്‍ താരമെന്ന പ്രതിച്‌ഛായയായിരുന്നു അവര്‍ക്ക്‌. ടേക്‌ ദിസ്‌ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ്‌ ആ ഇമേജ്‌ പതിഞ്ഞത്‌. സാംസണ്‍ ആന്‍ഡ്‌ ദലീയ(1949) എന്ന ചിത്രത്തില്‍ ദലീയയായി അവര്‍ തിളങ്ങി. ശിംശോന്റെ(സാംസണ്‍) ദെലീല വലിയ തരംഗമായി. പ്രതിച്‌ഛായ മാറ്റത്തിനായി ജോന്‍ ഓഫ്‌ ആര്‍ക്കായും അവര്‍ വേഷമിട്ടു. പക്ഷേ, ആഗ്രഹിച്ച അംഗീകാരമെത്തിയില്ല.

ആ നിരാശ അവരുടെ ജീവിതത്തെയും ബാധിച്ചു. 1950കളോടെ ലാമറുടെ താരത്തിളക്കം മങ്ങി. അവര്‍ വാര്‍ത്തകളില്‍നിന്നും സിനിമകളില്‍നിന്നും പുറത്തായി. എല്ലാവരും അവരെ മറന്നുതുടങ്ങി. അവരുടെ ജീവതം പ്രതിസന്ധികളിലേക്കു നീങ്ങി. 51 വയസിനിടെ ആറ്‌ വിവാഹം. അവയെല്ലാം തകര്‍ന്നു. അവസാന 35 വര്‍ഷം ഹെഡി ഒറ്റയ്‌ക്കായിരുന്നു. മക്കള്‍ പോലും കൈവിട്ടു.


ആദരം


1960കളില്‍ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ സമയത്ത്‌, യു.എസ്‌. സൈനിക വിദഗ്‌ധര്‍ ഫ്രീക്വന്‍സി ഹോപ്പിങ്‌ സാങ്കേതികവിദ്യ വീണ്ടും പരിശോധിച്ചു. ഇലക്‌ട്രോണിക്‌സ്‌ രംഗത്തുണ്ടായ പുരോഗതി ലാമറുടെ ആശയത്തെ പ്രായോഗികമാക്കാന്‍ സഹായിച്ചു. അപ്പോഴേക്കും യഥാര്‍ത്ഥ പേറ്റന്റ്‌ കാലാവധി കഴിഞ്ഞിരുന്നു. അതിനാല്‍ ആ കണ്ടെത്തലിന്റെ പേരില്‍ അവര്‍ക്ക്‌ പ്രതിഫലമൊന്നും ലഭിച്ചില്ല.

പിന്നീട്‌ വൈഫൈ, ബ്ലൂടൂത്ത്‌ , ജിപിഎസ്‌, സുരക്ഷിതമായ സൈനിക ആശയവിനിമയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്നത്തെ ആധുനിക വയര്‍ലെസ്‌ സാങ്കേതികവിദ്യകളുടെയെല്ലാം ജീവനാഡിയായി മാറിയത്‌ ലാമറുടെ ഈ കണ്ടെത്തലായിരുന്നു.

പേറ്റന്റ്‌ ലഭിച്ച്‌ അരനൂറ്റാണ്ടിനുശേഷം, 1997ല്‍ ലാമറിന്‌ ഇലക്‌ട്രോണിക്‌ ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ പയനിയര്‍ അവാര്‍ഡ്‌ ലഭിച്ചു. അതേ വര്‍ഷം തന്നെ അവര്‍ നാഷണല്‍ ഇന്‍വെന്റേഴ്‌സ്‌ ഹാള്‍ ഓഫ്‌ ഫെയിമിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അസ്‌തമനത്തോട്‌ അടുത്തപ്പോഴാണു ശാസ്‌ത്രജ്‌ഞയെന്ന നിലയിലുള്ള പരിഗണന അവര്‍ക്കു ലഭിച്ചത്‌. ആ ആഘോഷങ്ങള്‍ക്ക്‌ മൂന്ന്‌ വര്‍ഷമായിരുന്നു ആയുസ്‌.

2000ല്‍, 85ാം വയസില്‍ അവര്‍ അന്തരിച്ചു. എന്‍ജിനീയറിങ്‌ പശ്‌ചാത്തലമോ ഗവേഷണ ശാലകളുടെ പിന്തുണയോ ഇല്ലാതെ നേടിയ അറിവുകളുമായി അവര്‍ തിരശീലയ്‌ക്കു പിന്നിലേക്ക്‌ മറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ടെലിഗ്രാം പൂട്ടിയാല്‍ ചോര്‍ച്ച അടയുമോ?

ടെലിഗ്രാം പൂട്ടിയാല്‍ ചോര്‍ച്ച അടയുമോ?

യുവാക്കള്‍ക്ക്‌ ജോലി, സമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ കരുത്ത്‌

യുവാക്കള്‍ക്ക്‌ ജോലി, സമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ കരുത്ത്‌

ഓന്ത്‌ രാഷ്‌ട്രീയത്തിന്‌ 'പാറ്റ'യുടെ വെല്ലുവിളി

ഓന്ത്‌ രാഷ്‌ട്രീയത്തിന്‌ 'പാറ്റ'യുടെ വെല്ലുവിളി

No Image

തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുവയ്‌ക്കുന്ന ഇടതുപക്ഷം

യുദ്ധത്തിന്റെ കണക്കുപുസ്‌തകം

യുദ്ധത്തിന്റെ കണക്കുപുസ്‌തകം

മരിച്ചവരേ, നിങ്ങള്‍ക്കു പോയി ചത്തുകൂടേ?

മരിച്ചവരേ, നിങ്ങള്‍ക്കു പോയി ചത്തുകൂടേ?