
2026ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനം, കാര്‍ഷിക വ്യാപാരം തീരുവകളെയും വിപണി പ്രവേശനത്തിനുമപ്പുറം പുനര്‍നിര്‍വചിക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് വരുന്നത്. കാലാവസ്ഥാ ആഘാതങ്ങള്‍, ഭക്ഷ്യവിലയിലെ അസ്ഥിരത, വളവിതരണത്തിലെ തടസങ്ങള്‍, സുസ്ഥിരതാ മാനദണ്ഡങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗങ്ങളുടെ ആവശ്യകതകള്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ വിപണികള്‍ തുറന്നുനിലനിര്ത്തേണ്ടതിന്റെ അനിവാര്യത എന്നിവ ഇന്ന് വ്യാപാര അജന്‍ഡയിലെ കേന്ദ്ര വിഷയങ്ങളായി മാറിയിരിക്കുന്നു.
അംഗത്വ വികസനത്തിനു ശേഷം, ബ്രിക്സ് കൂട്ടായ്മ ഇന്ന് ലോക ജനസംഖ്യയുടെ ഏകദേശം പകുതിയെയും, ആഗോള ജി.ഡി.പിയുടെ ഏകദേശം 40 ശതമാനത്തെയും, ലോക വ്യാപാരത്തിന്റെ ഏകദേശം നാലിലൊന്നിനെയും പ്രതിനിധീകരിക്കുന്നു. 2024ല്‍ പ്രസിദ്ധീകരിച്ച യു.എന്‍. സി.ടി.എ.ഡിയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം, 2003 മുതല്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് വ്യാപാരം പതിമൂന്നിരട്ടിയിലധികം വര്‍ധിച്ച് 2024ല്‍ 1.17 ട്രില്യണ്‍ യു.എസ്. ഡോളറിലെത്തിയിട്ടുണ്ട്.
ഈ വിപുലമായ വ്യാപാരകഥയിലെ ഒരു ഘടകം മാത്രമായിരിക്കാം കാര്‍ഷിക മേഖല. എന്നാല്‍, രാഷ്ട്രീയമായും സാമൂഹികപരമായും ഏറ്റവും കൂടുതല്‍ സംവേദനക്ഷമമായ മേഖലകളില്‍ ഒന്നാണ് അത്. ഭക്ഷ്യവില ഉയരുമ്പോഴോ, വളവിതരണത്തില് തടസമുണ്ടാകുമ്പോഴോ, കപ്പല്‍ഗതാഗത മാര്‍ഗങ്ങളില്‍ അനിശ്ചിതത്വം ഉണ്ടാകുമ്പോഴോ അതിന്റെ പ്രത്യാഘാതം നേരിട്ട് അനുഭവിക്കുന്നത് കര്‍ഷകരും ഉപഭോക്താക്കളും ഗവണ്മെന്റുകളും തന്നെയാണ്.
അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളിലൊന്നായി കാര്‍ഷിക രംഗം മാറുന്നു.
ബ്രിക്സ് കൂട്ടായ്മയ്ക്കുള്ളിലെ കാര്‍ഷിക പരസ്പരപൂരകത വ്യക്തമാണ്. സോയാബീന്‍, മാംസം, പഞ്ചസാര എന്നിവയുടെ പ്രധാന കയറ്റുമതിക്കാരാണ് ബ്രസീല്‍. റഷ്യ ധാന്യങ്ങളുടെയും വളങ്ങളുടെയും രംഗത്ത് നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്. അരി, സമുദ്രോല്പന്നങ്ങള്, സുഗന്ധവ്യഞ്ജനങ്ങള്‍, മാംസം, ചെറുകിട കര്‍ഷകരെ ആശ്രയിച്ചുള്ള വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉല്പന്നങ്ങള് എന്നിവയില്‍ ഇന്ത്യയ്ക്ക് ശക്തമായ മേല്‍ക്കൈയുണ്ട്. ചൈന വലിയൊരു ഭക്ഷ്യ ഇറക്കുമതി രാജ്യവും സംസ്കരണ കേന്ദ്രവുമാണ്. ദക്ഷിണാഫ്രിക്ക, ആഫ്രിക്കയിലെ പ്രധാന കാര്‍ഷികഭക്ഷ്യ വിപണികളുമായി ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നു.
പുതുതായി ചേര്‍ന്ന അംഗരാജ്യങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് കൂടുതല്‍ മാനങ്ങള്‍ നല്കുന്നു. യു.എ.ഇയും സൗദി അറേബ്യയും ലോജിസ്റ്റിക്സ്, ധനകാര്യം, ഭക്ഷ്യസുരക്ഷാ നിക്ഷേപങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈജിപ്?തും എത്യോപ്യയും ആഫ്രിക്കയിലെ ഭക്ഷ്യസംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളെ പ്രതിനിധീകരിക്കുന്നു. ഇന്തോനീഷ്യ പാം ഓയില്‍, മത്സ്യമേഖല, ഉഷ്ണമേഖലാ കാര്‍ഷികം എന്നിവയിലൂടെ ഈ കൂട്ടായ്മയ്ക്ക് പുതിയൊരു ശക്തി പകരുന്നു.
എന്നാല്‍, വലിയ തോതിലുള്ള വ്യാപാരവും പരസ്പരപൂരകതയും മാത്രം കരുത്തുറ്റ വ്യാപാര സംവിധാനത്തെ സൃഷ്ടിക്കുകയില്ല. വരാനിരിക്കുന്ന ബ്രിക്സ് കാര്‍ഷിക മന്ത്രിമാരുടെ യോഗം, സഹകരണത്തെ കൂടുതല്‍ പ്രായോഗികമായ സംവിധാനങ്ങളിലേക്ക് നയിക്കാന്‍ ഇന്ത്യയ്ക്ക് ഒരു സുപ്രധാന അവസരം നല്കുന്നു. വിശ്വസനീയമായ വ്യാപാര അടിസ്ഥാനസൗകര്യങ്ങള്‍, പ്രതിരോധശേഷിയുള്ള കാര്‍ഷിക ഉത്പാദന സാമഗ്രികളുടെ വിതരണ ശൃംഖലകള്‍, വിപണി വിവരശേഖരണ സംവിധാനങ്ങള്‍, സ്ത്രീകളെയും യുവാക്കളെയും ഉള്‍ക്കൊള്ളുന്ന ചെറുകിട കര്‍ഷക മൂല്യശൃംഖലകള്‍ എന്നിവയിലേക്കാണ് ഈ സഹകരണം കേന്ദ്രീകരിക്കേണ്ടത്.
വിശ്വസനീയമായ വ്യാപാര അടിസ്ഥാനസൗകര്യങ്ങള്‍ പ്രാരംഭ മുന്‍ഗണനകളിലൊന്നായിരിക്കണം. പരസ്പരം പ്രവര്‍ത്തനക്ഷമമായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വിശ്വസനീയമായ സംവിധാനങ്ങള്‍, വേഗമേറിയ നിയന്ത്രണ വിവരവിനിമയം, ഉല്പാദകരുടെയും കയറ്റുമതിക്കാരുടെയും ശേഷിവികസനം എന്നിവയിലൂടെ ഈ അജന്‍ഡയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തിന് നിര്‍ണായകമായ മൂല്യം കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.
രണ്ടാമത്തെ മുന്‍ഗണന കാര്‍ഷിക ഉത്പാദന സാമഗ്രികളുടെ കരുത്തുറ്റ വിതരണ ശൃംഖലകളായിരിക്കണം. ഭക്ഷ്യവ്യാപാരത്തെ വളം, ഊര്‍ജം, മൃഗതീറ്റ, വിത്ത്, ലോജിസ്റ്റിക്സ്, ധനസഹായം എന്നിവയില്‍നിന്ന് വേര്‍തിരിച്ചു കാണാനാവില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൈദ്ധാന്തിക ആശങ്ക മാത്രമല്ല. ഇന്ത്യയുടെ വള ഊര്‍ജ ഇറക്കുമതികളില്‍ പകുതിയിലധികവും ബ്രിക്സ് അംഗരാജ്യങ്ങളില്നിന്നാണ് വരുന്നത്. അതിനാല്‍ കാര്‍ഷിക മേഖലയുടെ കരുത്തിന് ഉല്പാദന സാമഗ്രികളുടെ സുരക്ഷ നിര്‍ണായകമാണ്.
മൂന്നാമത്തെ മുന്‍ഗണന വിപണി വിവരശേഖരണവും വിശകലനവുമാണ്. ബ്രിക്സ് ധാന്യ വിനിമയ ആശയം, കൂടുതല്‍ സുതാര്യതയും വിലനിര്‍ണയ കാര്യക്ഷമതയും ഭക്ഷ്യസുരക്ഷാ തയാറെടുപ്പും ആവശ്യമാണ് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനകം തന്നെ അറിവില്‍നിന്ന് പ്രവര്‍ത്തനത്തിലേക്ക് എന്ന കേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രിക്സ് കാര്‍ഷിക ഗവേഷണ പ്ലാറ്റ്ഫോമിനുള്ളില്‍ ഒരു കാര്‍ഷിക വിപണി വിവരശേഖരണ സംവിധാനം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ദേശിക്കാനാകും.
നാലാമത്തെ മുന്‍ഗണന സ്ത്രീകളെയും യുവാക്കളെയും ഉള്‍ക്കൊള്ളുന്ന ചെറുകിട കര്‍ഷക മൂല്യശൃംഖലകളായിരിക്കണം. കാര്‍ഷിക വ്യാപാരം വലിയ തോതിലുള്ള ചരക്ക് പ്രവാഹങ്ങളില്‍ മാത്രം ഒതുങ്ങുകയാണെങ്കില്‍, അതിന്റെ വികസനപരമായ പ്രയോജനം പരിമിതമായിരിക്കും.
ചെറുകിട കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് വനിതാ കര്‍ഷകര്‍ക്കും ഗ്രാമീണ യുവാക്കള്‍ക്കും, വിപണിക്കായി ഉല്പാദനം നടത്താന്‍ മാത്രമല്ല, മൂല്യശൃംഖലകളില്‍ കൂടുതല്‍ ഫലപ്രദമായി പങ്കാളികളാകാനും ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിലൂടെ ഈ ആശയത്തിന്റെ ചൈതന്യത്തെ ഇന്ത്യയ്ക്ക് കാര്‍ഷിക വ്യാപാര അജന്‍ഡയിലേക്ക് കൊണ്ടുവരാന്‍ കഴിയും.
ഈ അജന്‍ഡയ്ക്ക് പ്രായോഗിക രൂപം നല്കാന് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷസ്ഥാനം സമയോചിതമായ അവസരം ഒരുക്കുന്നു. ചെറുതെങ്കിലും സൂക്ഷ്മമായി രൂപകല്പന ചെയ്ത സഹകരണ നടപടികള്‍ക്ക് പോലും പ്രതിസന്ധി ഘട്ടങ്ങളില്‍ കാര്‍ഷിക വ്യാപാരത്തെ കൂടുതല്‍ വിശ്വസനീയമാക്കാനും, അതിന്റെ നിയമങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ സുതാര്യമാക്കാനും, കര്‍ഷകര്‍ക്ക് അതിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കാനും കഴിയും.
ഡോ. എം. എല്‍. ജാട്ട്,
ഡോ. സ്മിത സിറോഹി
(ഐ.സി.എ.ആര്. ഡയറക്ടര്‍
ജനറലും ഡി.എ.ആര്.ഇ. സെക്രട്ടറിയുമാണ് ഡോ. എം. എല്‍. ജാട്ട്.
ഐ.സി.എ.ആര്. ദേശീയ പ്രഫസറാണ് ഡോ. സ്മിത സിറോഹി.)





