വാഷിങ്ടണ്‍: ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, രൂക്ഷ വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ ട്രംപിന്റെ ജന്മദിനമായിരുന്നു. ജന്മദിനത്തില് ഇറാനുമായുള്ള സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം നീക്കം നടത്തുന്നതിനിടെയാണ് ലബനനുനേരേ ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതോടെ കരാര്‍ വൈകുകയായിരുന്നു. ലെബനനെ ഇസ്രയേല്‍ ആക്രമിക്കുന്നത് നിര്‍ത്തണമെന്നുള്ളത് ഇറാന്റെ ആവശ്യങ്ങളിലൊന്നാണ്.
എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് മേഖലയില്‍ വിപുലമായ സമാധാന കരാര്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബെയ്റൂട്ടിന് നേരെയുണ്ടായ ആക്രമണം 'സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു' എന്ന് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അദ്ദേഹം കുറിച്ചു. 'ഇറാനുമായുള്ള സമാധാന കരാറിനോട് ഇത്രയടുത്ത് നില്ക്കുന്ന ഘട്ടത്തില്‍ സംഘര്‍ഷം ഒഴിവാക്കേണ്ടതായിരുന്നു. ഭീഷണികള്‍ക്കെതിരേ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്, എന്നാല്‍ അവര്‍ പ്രതികരിച്ച സമയം തെറ്റായിരുന്നു. - അദ്ദേഹം കുറിച്ചു. ഇസ്രയേലിന്റെ തിരിച്ചടിക്ക് കാരണമായ സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവന് നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന്ു ട്രംപ് അവകാശപ്പെട്ടു.
'ഇനി ലെബനനിലെ ഒരിടത്തും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങള്‍ ഉണ്ടാകരുത്, അതേസമയം ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള മറ്റൊരു കക്ഷിയുടെ ഭാഗത്തുനിന്നും ഇസ്രയേലിനെതിരേ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ല,' അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യം ഒരു നിര്‍ണായക വഴിത്തിരിവാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച ട്രംപ്, 'ഇത് ദീര്‍ഘവും മനോഹരവുമായ ഒരു സമാധാനത്തിന്റെ തുടക്കമാകാം, നമുക്കിത് നശിപ്പിക്കാതിരിക്കാം' എന്നും കൂട്ടിച്ചേര്‍ത്തു. ഇറാന് അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രമായി കരുതപ്പെടുന്ന ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശത്തെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണു ട്രംപിന്റെ പ്രതികരണം.




