
ജനീവ/ടെല്‍അവീവ്/ബെയ്റൂട്ട്: യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്- യു.എസ്. സമാധാന ചര്‍ച്ചയില്‍ പുരോഗതിയെന്നു യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഒന്നാംഘട്ട ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ലബനനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചതും ലബനന് സര്‍ക്കാര്‍ ഉണ്ടാക്കുന്ന കരാറുകള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നു ഹിസ്ബുള്ള നിലപാടെടുത്തതും ചര്‍ച്ചയില്‍ കല്ലുകടിയായി. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനു കനത്ത തിരിച്ചടി നല്കുമെന്നു യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്കി. ആദ്യ ഘട്ട ചര്‍ച്ച 80 മിനിറ്റാണു നീണ്ടത്.
ലെബനനിലെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ജെ.ഡി. വാന്‍സ് അറിയിച്ചു.
ലെബനനിലെ വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നും, ഹിസ്ബുള്ളയുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ സേന സജ്ജരായിരിക്കണമെന്നും ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സാമിര്‍ വ്യക്തമാക്കി. യു.എസുമായുള്ള ലെബനന് സര്‍ക്കാരിന്റെ നേരിട്ടുള്ള ചര്‍ച്ചകളെ ഹിസ്ബുള്ള തള്ളിക്കളഞ്ഞു. ഈ ചര്‍ച്ചകള്‍ ലെബനന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നും ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു.
ചര്‍ച്ചയുടെ ആദ്യഘട്ടം ലെബനനെക്കുറിച്ചായിരുന്നു. തുടര്‍ന്നു ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചും ആണവ കരാറിനായും ചര്‍ച്ച നടക്കും. അതിനുശേഷം ഇറാന് മേലുള്ള ഉപരോധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ ക്രിയാത്മകമായ അന്തരീക്ഷത്തിലാണ് പുരോഗമിക്കുന്നതെന്നു മധ്യസ്ഥര്‍ അറിയിച്ചു.
ലബനനു നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ പ്രതിഷേധത്തോടെയാണു ചര്‍ച്ച തുടങ്ങിയത്. യു.എസ് പ്രതിനിധി സംഘവുമായി കൈകൊടുക്കുന്നതിനും ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനും നിശ്ചയിച്ചിരുന്ന ചടങ്ങ് ഇറാന്റെ സംഘം നിരസിച്ചു. ചര്‍ച്ചയിലെ പുരോഗതിയെ തുടര്‍ന്ന് 67 കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയതായി യു.എസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗതാഗതത്തിന് സമാനമാണിത്.
കടലിടുക്കിലെ പ്രധാന കപ്പല്‍ ചാലിലെ മൈനുകള്‍ ഇറാന് ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും തെക്ക് ഭാഗത്തായി പ്രത്യേക പാത തുറന്നാണു കപ്പലുകള്‍ കടത്തിവിടുന്നതെന്നും അദ്ദേഹം അറിയിച്ചു.




