
വത്തിക്കാന്‍ സിറ്റി: ആദ്യത്തെ അമേരിക്കന്‍ വിശുദ്ധയായ മദര്‍ കാബ്രിനിയുടെ വടക്കന്‍ ഇറ്റലിയിലെ ജന്മസ്ഥലം സന്ദര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പ, ദുരിതമനുഭവിക്കുന്ന കുടിയേറ്റക്കാരെ പരിചരിക്കുന്നതില്‍ മദര്‍ കാബ്രിനി മാതൃകയാണെന്ന് അദ്ദേഹം. കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടികളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള ലിയോ മാര്‍പാപ്പ, മദര്‍ കാബ്രിനിയുടെ ജന്മസ്ഥലം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി.
മിലാനടുത്തുള്ള സാന്റ് ആഞ്ചലോ ലോഡിജിയാനോയിലെ മദര്‍ കാബ്രിനിയുടെ ജന്മസ്ഥലത്തുള്ള ബസിലിക്കയിലെ അവരുടെ കല്ലറയ്ക്ക് മുന്നില്‍ ലിയോ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. കുടിയേറ്റക്കാരുടെ മധ്യസ്ഥയാണു വിശുദ്ധ കാബ്രിനി, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരെ പരിചരിക്കുന്നതില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒന്നുമില്ലാത്തവര്‍ക്കായി സ്കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും സ്ഥാപിച്ചുകൊണ്ട് അവര്‍ ലോകമെമ്പാടും സഞ്ചരിച്ചു.ലിയോ മാര്‍പാപ്പയുടെ ജന്മനാടായ ഷിക്കാഗോയില്‍വച്ച് 1917ലാണ് അവര്‍ അന്തരിച്ചത്. 1946ല്‍ ആദ്യത്തെ അമേരിക്കന്‍ വിശുദ്ധയായി സഭ അംഗീകരിച്ചു. 'കുടിയേറ്റക്കാരെ സേവിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ഒരു മിഷണറി ചൈതന്യത്തേക്കാള്‍ പ്രസക്തമായി ഇന്ന് മറ്റെന്താണുള്ളത്?' - മാര്‍പാപ്പ ആരാഞ്ഞു. വിശുദ്ധ കാബ്രിനിയെക്കുറിച്ച് യുവാക്കള്‍ പഠിക്കണം. അവരുടെ എഴുത്തുകളും യാത്രാ ഡയറികളും ആത്മീയ കുറിപ്പുകളും വായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം പുറത്തുവന്ന ഒരു വോട്ടെടുപ്പ് പ്രകാരം, അമേരിക്കയിലെ ഭൂരിഭാഗം മതരാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കിടയിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ കൂടുതല്‍ ജനപ്രീതി ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്കുണ്ട്.
മേയില്‍ പബ്ലിക് റിലീജിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.ആര്.ആര്.ഐ) നടത്തിയ ദേശീയ സര്‍വേയില്‍ 56 ശതമാനം അമേരിക്കക്കാരും മാര്‍പാപ്പയുടെ നയങ്ങളെ പിന്തുണയ്ക്കുന്നു. ട്രംപിനെ അനുകൂലിക്കുന്നത് 34 ശതമാനം മാത്രം.

