
ബെയ്ജിങ്: ചൈനയിലെ തെരുവില്‍ ഭിക്ഷ യാചിച്ച് റൊബോട്ട്. റീചാര്‍ജ് ചെയ്യാന്‍ പണമാണു വേണ്ടത്. കഴിഞ്ഞ ആഴ്ച ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തെരുവോരത്താണു ഹ്യൂമനോയിഡ് റൊബോട്ട് ഭിക്ഷ യാചിക്കുന്നതായി കാണപ്പെട്ടത്.
ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയില്‍, ഈ റൊബോട്ട് തെരുവില്‍ മുട്ടുകുത്തി നിന്ന്, കൈകള്‍ കൂപ്പി വഴിയാത്രക്കാരെ വണങ്ങുന്നത് കാണാം. അതേസമയം, അതിലുണ്ടായിരുന്ന ഒരു എല്‍.ഇ.ഡി ബോര്‍ഡിലൂടെയും ലൗഡ്സ്പീക്കറിലൂടെയും, തനിക്ക് റീചാര്‍ജ് ചെയ്യാന്‍ പണമില്ലെന്നും വൈദ്യുതി ബില്‍ അടയ്ക്കാന്‍ സഹായിക്കണമെന്നും നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
ഈ ഡിജിറ്റല്‍ യാചകന് നാണയങ്ങള്‍ ശേഖരിക്കാന്‍ ഒരു ചെറിയ പ്ലേറ്റും, ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഒരു ക്യു.ആര് കോഡും ഉണ്ടായിരുന്നു.
ഈ റൊബോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യര്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും, ഇത് ഏകദേശം 16,000 ഡോളര്‍ (ഏകദേശം 13 ലക്ഷത്തിലധികം രൂപ) വിലവരുന്ന 'യൂണിട്രീ ജി1' ഹ്യൂമനോയിഡ് റൊബോട്ട് ആണതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
അതൊരു തമാശയാണോ, വിചിത്രമായ ഒരു പെര്‍ഫോമന്‍സ് ആര്‍ട്ട് (കലാനിര്‍മിതി) ആണോ, അതോ പണം സമ്പാദിക്കാനുള്ള തന്ത്രമാണോ എന്നതിനൈച്ചാല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്.
ഹ്യൂമനോയിഡ് റൊബോട്ടുകള്‍ക്ക് ചൈനയില്‍ സംഭവിച്ച ചില രസകരമായ പരാജയങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ സംഭവം.
ചൈനയില്‍ പുതിയ കടകളുടെയും റെസ്റ്റോറന്റുകളുടെയും പ്രമോഷനുകള്‍ മുതല്‍ സ്കൂളുകളിലെ കായിക മേളകളില്‍ വരെ റൊബോട്ടുകള്‍ ഇപ്പോള്‍ സാധാരണമാണ്. ജനസംഖ്യയിലെ വാര്‍ദ്ധക്യവും സാമ്പത്തിക വളര്‍ച്ചയിലെ മന്ദഗതിയും കണക്കിലെടുത്ത്, വ്യവസായ മേഖലയില്‍ റൊബോട്ടുകളെ ഒരു പ്രധാന ശക്തിയായിട്ടാണ് രാജ്യം കാണുന്നത്.
എന്നിരുന്നാലും, മനുഷ്യരുമായുള്ള ഇവരുടെ അമിതമായ സമ്പര്‍ക്കം ഇതിനകം തന്നെ നിയന്ത്രണം വിട്ട റൊബോട്ടുകളുമായുള്ള ചില അപകടകരമായ സാഹചര്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.




