
ടെഹ്റാന്/ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ അമേരിക്കയും ഇസ്രയേലും ലംഘിച്ചതായി ആരോപിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതം തടയാന്‍ ഉത്തരവിട്ടതായി ഇറാന്റെ സൈനിക നേതൃത്വം. ഇറാന്റെ സൈനിക നടപടികള്‍ ഏകോപിപ്പിക്കുന്ന ഖാതര്‍ അല്‍അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആണ് പ്രഖ്യാപനം നടത്തിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടതാണ് ഇറാനു പ്രകോപനമായത്. ശാശ്വത യുദ്ധവിരാമം അനിശ്ചിതത്വത്തിലാക്കി വാക്യുദ്ധവും ഏറ്റുമുട്ടലും തുടരുന്നതിനിടെയിലും സ്വിറ്റ്സര്‍ലന്‍ഡില്‍ ഇറാന്-യു.എസ്. നയതന്ത്രചര്ച്ചകള്ക്കു പുതുജീവന്‍. ഇടക്കാല വെടിനിര്‍ത്തല്‍ക്കരാര്‍ സംബന്ധിച്ച ധാരണാപത്രം നടപ്പാക്കുന്നതിലെ സാങ്കേതികതല ചര്‍ച്ചകള്‍ ഇന്നു നടക്കുമെന്ന് ഇടനില വഹിക്കുന്ന പാകിസ്താന് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് ആദ്യ പടിയാണെന്നു വ്യക്തമാക്കിയ ഇറാന്, ആക്രമണം തുടരുകയാണെങ്കില്‍ കൂടുതല്‍ നടപടി ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്കി.
ഹിസ്ബുള്ള-ഇസ്രയേല്‍ പോരിലുടക്കി വഴിമുട്ടിയ യു.എസ്-ഇറാന് ഇടക്കാല സമാധാനക്കരാര്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ വീണ്ടും സജീവമായത് അശാന്തിയുടെ അന്തരീക്ഷത്തിലും പ്രതീക്ഷയുടെ കിരണമായി. സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ കഴിഞ്ഞ 19 നായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. പക്ഷേ, ലെബനനിലെ ഏറ്റുമുട്ടല്‍ തുടര്‍നടപടി ത്രിശങ്കുവിലാക്കി. ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധമാണെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആവര്‍ത്തിച്ചു. നീക്കങ്ങളോട് ഇറാനും അനുകൂലമായാണു പ്രതികരിച്ചത്. യു.എസുമായുള്ള ചര്‍ച്ചകളില്‍ സംബന്ധിക്കാനായി തങ്ങളുടെ പ്രതിനിധിസംഘം ഉടന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കു തിരിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഗേയി പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കു തിരിക്കുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് സ്വിസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഇടനിലക്കാരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പലവട്ടം യോഗം ചേര്‍ന്നു.
യു.എസ്-ഖത്തര്‍ ഇടപെടലില്‍ ഇസ്രയേലും ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയും താല്‍ക്കാലിക സമാധാനത്തിനു സന്നദ്ധമായെങ്കിലും മേഖലയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. ധാരണയിലെത്തി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇസ്രയേലിന്റെ രോഷാഗ്നിയില്‍ ദക്ഷിണലെബനനില് കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. പടിഞ്ഞാറന്‍ ബെക്കായിലെ സോഹ്മോറില്‍ ജനവാസകേന്ദ്രത്തില്‍ ബോംബ് പതിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിഡോണ്‍ ജില്ലയിലെ ക്വാനറിറ്റില് മാത്രം ഏഴുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരുക്കേറ്റതായും ലെബനനന്റെ ആരോഗ്യ അടിയന്തര ദൗത്യ സംഘം അറിയിച്ചു.
പോര്‍മുഖത്ത് ആള്‍നാശമുണ്ടെങ്കിലും ഇസ്രയേലിനെതിരേ വാക്മുന കൂര്‍പ്പിക്കുകയാണ് ഹിസ്ബുള്ള. വെടിനിര്‍ത്തലിനു സന്നദ്ധമാണെങ്കിലും ലെബനീസ് അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നു ഹിസ്ബുള്ളകേന്ദ്രങ്ങള് മുന്നറിയിപ്പു നല്കി.
അതേസമയം, ഹിസ്ബുള്ളയാണു പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചു.



