ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ ഉടന്‍ രാജിവയ്ക്കുമെന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളി ആന്‍ഡി ബര്ണ്ഹാം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്ലമെന്റിലെത്തിയതോടെയാണു രാജിസമ്മര്‍ദം കനത്തത്. ജനപ്രീതിയിലുണ്ടായ ഇടിവും തെറ്റായ നയരൂപീകരണങ്ങളും വിവാദങ്ങളും കാരണം ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ സ്റ്റാര്‍മര്‍ നേരത്തെ തന്നെ കടുത്ത സമ്മര്‍ദത്തിലായിരുന്നു.
വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബര്ണ്ഹാം ഇന്നു പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനു പിന്നാലെ സ്റ്റാര്‍മര്‍ തന്റെ രാജി തീയതി പ്രഖ്യാപിച്ചേക്കുമെന്ന സൂചന ശക്തമാണ്. വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ സ്റ്റാര്‍മറോട് രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. നിലവില്‍ ലേബര്‍ പാര്‍ട്ടിയിലെ ജനപ്രിയരായ രാഷ്ട്രീയക്കാരില്‍ ഒന്‍പതാം സ്ഥാനത്താണ് അദ്ദേഹം. ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍, പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ബര്ണ്ഹാം നേരിട്ട് പ്രധാനമന്ത്രി പദത്തിലെത്തും.

