ബീജിങ്: അഞ്ചുമിനിറ്റ് വീഡിയോ കോളിനും മൂന്നുദിവസത്തെ പരിചയത്തിനും ശേഷം വിവാഹിതനായ ചൈനീസ് യുവാവ് ഒമ്പതാം ദിവസം വിവാഹമോചനം തേടി കോടതിയില്‍. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഗു എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യയ്ക്കും മാട്രിമോണിയല്‍ ഏജന്സിക്കുമെതിരേ നിയമപോരാട്ടത്തിനിറങ്ങിയത്. കുടുംബത്തില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണു ധൃതിപിടിച്ചു വിവാഹം കഴിച്ചതെന്ന് യുവാവ് പറയുന്നു.
മാട്രിമോണിയല്‍ ഏജന്‍സി വഴി പരിചയപ്പെട്ട ഷാന്‍സി പ്രവിശ്യയില്‍നിന്നുള്ള മുപ്പതുകാരിയെയാണു ഗു വിവാഹം കഴിച്ചത്. യുവതിക്കു കടബാധ്യതകളോ ക്രിമിനല്‍ പശ്ചാത്തലമോ ഗുരുതരമായ രോഗങ്ങളോ ഇല്ലെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. വിവാഹത്തിന് മുമ്പ് മെഡിക്കല്‍ റിപ്പോര്‍ട്ടും ക്രെഡിറ്റ് ഹിസ്റ്ററിയും നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഏജന്‍സി അതു പാലിച്ചില്ല. വിവാഹശേഷം ഭാര്യയുമായി ബാങ്കിലെത്തിയപ്പോള്‍ ലക്ഷങ്ങളുടെ കടബാധ്യത യുവതിക്കുണ്ടെന്ന് യുവാവിന് മനസിലാകുകയായിരുന്നു. എന്നാലിത് മുന്‍ കാമുകന്റെ കടമാണെന്നായിരുന്നു യുവതിയുടെ വിശദീകരണം.
യുവതിയുടെ മൊബൈല്‍ പേയ്മെന്റ് ആപ്പിലെ പേര് വ്യാജമാണെന്നും കരള്‍ സംബന്ധമായ അസുഖങ്ങളുണ്ടെന്നുമാണ് ഗു ഇപ്പോള്‍ പറയുന്നത്.
താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമായതിനാലാണു വിവാഹമോചനം ആവശ്യപ്പെടുന്നതെന്നും യുവാവ് വിശദീകരിക്കുന്നു. ഏജന്‍സിക്കു നല്കിയ ഫീസും വധുവിനു നല്കിയ പണവുമുള്‍പ്പെടെ 265,000 യുവാന്‍ (ഏകദേശം 31.8 ലക്ഷം രൂപ) ഗു വിവാഹത്തിനായി ചെലവഴിച്ചു. ഇതില്‍ നല്ലൊരു പങ്ക് ഏജന്‍സി ഫീസായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നേരിട്ടു കാണുകപോലും ചെയ്യാതെയായിരുന്നു ധൃതിപിടിച്ചുള്ള വിവാഹം.
വിവാഹമോചനത്തിന് യുവതി ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. ഭര്‍ത്താവ് പെട്ടെന്നു വിവാഹമോചനം ആവശ്യപ്പെക്കത് കടുത്ത മാനസിക വിഷാദത്തിലേക്കു തന്നെ തള്ളിവിട്ടതായി ആരോപിച്ച് അവരും കോടതിയെ സമീപിച്ചിട്ടുണ്ട്. വീട്ടുജോലികള്‍ ചെയ്യിപ്പിക്കാനും മേക്കപ്പ് ധരിക്കാനും ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായി അവര്‍ കോടതിയെ അറിയിച്ചു. വലിയൊരു തുക നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വാഗ്ദാനം ചെയ്ത വിവാഹം നടത്തിക്കൊടുത്തതിനാല്‍ വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണു മാട്രിമോണിയല്‍ ഏജന്‍സി. ഏജന്‍സിയില്‍നിന്നു പണം തട്ടിയെടുക്കാന്‍ ദമ്പതികള്‍ ഒത്തുകളിക്കുകയാണെന്ന വിചിത്രമായ ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. വിവാഹത്തെ കളിതമാശയായി കാണുന്നവര്‍ക്ക് ഇതൊരു പാഠമാണെന്ന പ്രതികരണവുമായി സാമൂഹിക മാധ്യമങ്ങള്‍ വിഷയത്തില്‍ സജീവമായിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ആലോചനയില്ലാതെ എടുത്തതിലുള്ള അത്ഭുതവും അവര്ഷവും പലരും പങ്കുവയ്ക്കുന്നു. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കു വഴിവച്ചിട്ടുണ്ട്.




