മസ്കറ്റ്: കഴിഞ്ഞ 107 ദിവസമായി ഹോര്‍മൂസ് കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി കുടങ്ങിക്കിടക്കുന്നത് 562 ഇന്ത്യന്‍ നാവികര്‍. ഇന്ത്യന്‍ പതാകവഹിച്ച 13 ചരക്കുകപ്പലുകളിലായി ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷത്തിലാണ് ഇവര്‍ കഴിയുന്നത്. ഫെബ്രുവരി 28 ന് യു.എസും ഇസ്രയേലും ഇറാനുമേല്‍ സംയുക്ത ആക്രമണം തുടങ്ങിയതു മുതലാണു കപ്പലുകളും നാവികരും ഹോര്‍മൂസ് കടലിടുക്ക് കടക്കാനാകാതെ കുടുങ്ങിയത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 329 പേര് കടലിടുക്കിന് പടിഞ്ഞാറും 233 പേര് കടലിടുക്കിനു കിഴക്ക് ഒമാന്‍ ഉള്ക്കടലിലുമാണു കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ, എം.ടി. സെലസ്റ്റിയല്‍ എന്ന കപ്പലില്‍ അസുഖം ബാധിച്ച് മരിച്ച ഇന്ത്യന്‍ പൗരന് നിഷാന്ത് ഉര്ത്തനാഥന്റെ മൃതദേഹം ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ഒമാനിലെ മസ്കറ്റിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമാനിലെ ദഖം തുറമുഖത്താണ് കപ്പല്‍. ഒമാന്‍ തീരത്ത് 14 ഇന്ത്യന്‍ നാവികരുള്ള പായ്ക്കപ്പല്‍ എന്ജിന് തകരാറിനെത്തുടര്‍ന്നു മുങ്ങുന്നതായും റിപ്പോര്‍ട്ട്. വിരാട് 1 എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. നാവികരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.



