വാഷിങ്ടണ്‍: ഫുട്ബോള്‍ ലോകകപ്പിന്റെ പേരില്‍ വിപണിയില്‍ ബ്രാന്‍ഡുകളുടെ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട്, ലെബ്രോണ്‍ ജെയിംസ് എന്നിവര്‍ നൈക്കിയുടെ 'റിപ്പ് ദ് സ്ക്രിപ്റ്റ്' എന്ന ലോകകപ്പ് പരസ്യത്തില്‍ അണിനിരക്കുന്ന പ്രമുഖരില്‍ ചിലലാണ്.
അഡിഡാസിന്റെ 'ബാക്ക്യാര്‍ഡ് ലെജന്‍ഡ്സ്' എന്ന പരസ്യത്തിലും പ്രശസ്ത താരങ്ങളുടെ നിര തന്നെയുണ്ട്. ലാമിന് യമാല്‍, ജൂഡ് ബെല്ലിങ്ഹാം, ലയണല്‍ മെസി, സിനദിന്‍ സിദാന് എന്നിവര്‍ അതിലുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) വഴി പുനര്‍സൃഷ്ടിച്ച ഡേവിഡ് ബെക്കാമും ഇതില്‍ പ്രത്യക്ഷപ്പെടുന്നു.പരമ്പരാഗത പരസ്യങ്ങളേക്കാള്‍ ഹോളിവുഡ് ബേ്ലാക്ക്ബസ്റ്റര് സിനിമകള്‍ പോലെയാണ് ഇവ കാണപ്പെടുന്നത്. ഈ താരങ്ങളെ പരസ്യത്തില്‍ എത്തിക്കുക എന്നത് ഒട്ടും ചെലവ് കുറഞ്ഞ കാര്യമല്ല.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മന്‍ ബ്രാന്‍ഡായ അഡിഡാസ് തങ്ങളുടെ പരസ്യം നിര്‍മിക്കാന്‍ മാത്രം ഏകദേശം 550 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. ഇരു കമ്പനികളും തങ്ങള്‍ കൃത്യമായി എത്ര തുക ചെലവഴിച്ചുവെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ ബില്ലുകള്‍ കോടിക്കണക്കിന് രൂപയുടേതാണെന്ന് ഉറപ്പാണ്.
ഇത്തരം വന്‍ തുകകള്‍ ചെലവാക്കുന്നത് പുതിയ കാര്യമല്ലെങ്കിലും, ഈ വര്‍ഷം നൈക്കിയും അഡിഡാസും മുന്പത്തേക്കാള് വലിയ രീതിയിലാണ് രംഗത്തിറങ്ങിയിരിക്കുന്നത്.യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണം മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുകയാണെങ്കില്‍, നിലവില്‍ നൈക്കിയാണു വിജയി. നൈക്കിയുടെ പരസ്യം 7.6 കോടിപ്പേര്‍ കണ്ടു. അഡിഡാസിന്റെ പരസ്യം ഏകദേശം 70 ലക്ഷം കാഴ്ചക്കാരില്‍ എത്തിനില്‍ക്കുന്നു.1970 ല്‍ 'ടെല്‍സ്റ്റാര്‍' മാച്ച് ബോള്‍ നിര്‍മിച്ചതു മുതല്‍ അഡിഡാസ് ലോകകപ്പിനെ ആഘോഷമാക്കുന്ന ബ്രാന്‍ഡാണ് അഡിഡാസ്.
ലോകകപ്പ് പരസ്യങ്ങള്‍ വര്‍ഷങ്ങളായി ആരാധകരെ രസിപ്പിക്കുകയും ബ്രാന്‍ഡുകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 1998ലെ ഫ്രാന്‍സ് ലോകകപ്പിലെ ബ്രസീല്‍ ടീമിന്റെ ഓര്‍മ്മിക്കപ്പെടുന്ന എയര്‍പോര്‍ട്ട് പരസ്യവും, 2006ലെ അഡിഡാസിന്റെ 'ജോസ് +10' പരസ്യവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
'നമ്മള് ആ പഴയ പരസ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പണ്ടേ നഷ്ടപ്പെട്ട സുഹൃത്തുക്കളെക്കുറിച്ചോ സിനിമകളെക്കുറിച്ചോ സംസാരിക്കുന്നത് പോലെയാണ്. അവയോട് നമുക്കൊരു പ്രത്യേക നൊസ്റ്റാള്‍ജിയ ഉണ്ട്. എന്നാല്‍ ഇന്ന് ഹോളിവുഡ് നടന് തിമോത്തി ചാലമേറ്റ് അഡിഡാസിന്റെ പരസ്യത്തില്‍ ടാക്സി ഓടിക്കുന്നത് തികച്ചും സാധാരണ കാര്യമായി മാറിയിരിക്കുന്നു. ഫുട്ബോള്‍ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ്. സംഗീതം, ഫാഷന്‍, ഗെയിമിംഗ്, ഡിസൈന്‍ എന്നിവയെല്ലാം ഇന്ന് ഫുട്ബോളിന് ചുറ്റുമാണ് കറങ്ങുന്നത്.'- സ്പോര്‍ട്സ് ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റായ ജെയിംസ് കിര്‍ഖാം വിലയിരുത്തി.
ലോകകപ്പ് കിറ്റുകളുടെ കാര്യത്തില്‍ 14 ടീമുകളുമായി കരാറുണ്ടാക്കിയ അഡിഡാസിന് ചെറിയൊരു മുന്‍തൂക്കമുണ്ട് (നൈക്കിക്ക് 12 ടീമുകളാണുള്ളത്). പ്യൂമ 11 ടീമുകളുമായി തൊട്ടുപിന്നിലുണ്ട്.
ബൂട്ട് കരാറുകളും വലിയ ബിസിനസ്സാണ്. ഇതിലൂടെ മുന്‍നിര കളിക്കാര്‍ക്ക് വന്‍ തുകയാണ് ലഭിക്കുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നൈക്കിയുമായി ഒരു പതിറ്റാണ്ട് നീളുന്ന കരാറുണ്ട്, ഇതിലൂടെ വര്‍ഷത്തില്‍ ഏകദേശം 18 ദശലക്ഷം ഡോളറാണ് (ഏകദേശം 150 കോടിയോളം രൂപ) അദ്ദേഹത്തിന് ലഭിക്കുന്നത്.
ആരാണ് ഏറ്റവും കൂടുതല്‍ കായിക വസ്ത്രങ്ങള്‍ വില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ കൃത്യമായ ഉത്തരം നല്കാന് കഴിയില്ല. ലോകകപ്പ് ട്രോഫി സമ്മാനിച്ച് കഴിഞ്ഞതിന് ശേഷം മാത്രമേ അതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവരൂ.

