
ജറുസലേം: പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷ പുലര്‍ത്തി യു.എസും ഇറാനും ഇടക്കാല സമാധാനക്കരാറിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചെങ്കിലും വഴങ്ങാതെ ഇസ്രയേലും ഹിസ്ബുള്ളയും. ഇറാനെ പിന്തുണയ്ക്കുന്ന സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടു നടത്തുന്ന ആക്രമണങ്ങള്‍ തുടരുമെന്നും ആവശ്യമുള്ളിടത്തോളം കാലം ദക്ഷിണലെബനനില് ഇസ്രേലി സേനയുടെ സാന്നിധ്യമുണ്ടാകുമെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. സമാധാനക്കരാറില്‍ മഷിപുരണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ആക്രമണങ്ങളില്‍ ഇരുപക്ഷത്തുമായി 20 പേര് കൊല്ലപ്പെട്ടു. ഇറാനുമായി നിശ്ചയിച്ചിരുന്ന തുടര്ചര്ച്ചയ്ക്കായുള്ള സ്വിറ്റ്സര്ലന്ഡ്യാത്ര വൈകിപ്പിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചതോടെ കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രാത്രിയാക്രമണത്തിനു പിന്നാലെ വിവിധ കോണുകളില്‍നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമായി ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിനു സമ്മതിച്ചെന്ന റിപ്പോര്‍ട്ടുമുണ്ട്.
ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിന് ഇസ്രയേല്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാകില്ലെന്ന സൂചനകള്‍ക്ക് ആധാരം. കഴിഞ്ഞ ദിവസം രാത്രിയിലെ ഹിസ്ബുള്ള വ്യോമാക്രമണത്തില്‍ നാല് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്കു പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.
തെക്കന്‍ ലെബ്നനില് നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേലി സേനാംഗങ്ങളാണ് ആക്രമണത്തിനിരയായതെന്നാണു വിവരം. സമാധാനക്കരാറിന്റെ നഗ്നമായ ലംഘനം നടത്തിയ ഹിസ്ബുള്ളയുടെ ക്രിമിനല്‍ ചെയ്തിക്കു ചുട്ടമറുപടി നല്കാന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യ്ക്കു പ്രധാനമന്ത്രി നെതന്യാഹു നിര്‍ദേശം നല്കി. പിന്നാലെ ദക്ഷിണ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ തീമഴ പെയ്യിച്ചു. ആക്രമണങ്ങളില്‍ കുറഞ്ഞത് 16 പേര് കൊല്ലപ്പെട്ടതായി ലെബനനിലെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അര്‍ധരാത്രിക്കുശേഷം ഹിസ്ബുള്ളയുടെ എണ്‍പതിലധികം കേന്ദ്രങ്ങളിലേക്ക് രാത്രിയില്‍ ആക്രമണം നടത്തിയെന്ന് ഐ.ഡി.എഫ്. അവകാശപ്പെട്ടു. ഇതിനു പുറമേ ഇന്നലെ രാവിലെ ബെഖാ വാലിയിലെ ഹിസ്ബുള്ള കമാന്‍ഡും ആക്രമണത്തിന് ഇരയായി. സൈനികര്ക്കുനേരേയുള്ള ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു. അത്തരം ചെയ്തികള്‍ക്കു ഹിസ്ബുള്ള വലിയ വില നല്‍കേണ്ടിവരും. ദക്ഷിണ ലെബനനില്‍ ആവശ്യമുള്ളിടത്തോളം കാലം ഇസ്രയേല്‍ സേനാംഗങ്ങള്‍ തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ലെബനനിലെ ഇസ്രയേല്‍ ആക്രമണം കരാര്‍വ്യവസ്ഥകളുടെ ലംഘനമാണെന്ന് കടുത്തഭാഷയില്‍ ഇറാന് പ്രതികരിച്ചു. യു.എസുമായുള്ള തുടര്‍ചര്‍ച്ചകള്‍ ടെഹ്റാന്റെ 'ലക്ഷ്മണരേഖാ' ചട്ടക്കൂടിന് അനുസൃതമായിരിക്കുമെന്ന് ഇറാന്റെ പ്രധാന പ്രതിനിധി മുഹമ്മദ് ബാഖര്‍ ഖലിബാഫ് പ്രസ്താവിച്ചു. മുന്‍നിശ്ചയപ്രകാരമുള്ള നിബന്ധനകളും ലക്ഷ്മണ രേഖകളും പാലിക്കുന്നതിലും ദേശീയ താല്‍പ്പര്യം സംരക്ഷിച്ച് ഇറാന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഉറച്ചു നില്ക്കും. എന്നാല്‍, പരിധികള്‍ ലംഘിക്കാന്‍ ശത്രു ശ്രമിക്കുന്നപക്ഷം 'ഞങ്ങളുടെ വിരലുകള്‍ തോക്കിന്റെ ട്രിഗറി'ലാണെന്ന് വിസ്മരിക്കരുതെന്നും ഖലിബാഫ് മുന്നറിയിപ്പു നല്കി.
തുടര്യുദ്ധങ്ങള് മാത്രമാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന് ഇറാന് വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എക്സില്‍ കുറിച്ചു. തങ്ങളുടെ നാലു സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ 'ലെബനന് കത്തിയെരിയണം' എന്ന് ആഹ്വാനം ചെയ്ത ഇസ്രയേലി സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അരാഗ്ചി. കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്യുന്ന ഒരു ഭ്രാന്തന്റെ ജല്പ്പനമല്ല. ഇസ്രയേല്‍ മന്ത്രിയുടെ കുറിപ്പാണിത്. മരണത്തെ അതിരറ്റ് ആരാധിക്കുന്ന, ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം മനുഷ്യരാശിക്കു ഭീഷണിയാണ്. നിരന്തരയുദ്ധം മാത്രമാണ് അവരുടെ ലക്ഷ്യം- അരാഗ്ചി കുറിച്ചു.
ധാരണാപത്രം സംബന്ധിച്ച് ഇറാനുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡിലേക്കു പുറപ്പെടാനിരുന്ന യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് യാത്ര വൈകിപ്പിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇസ്രയേലും ഹിസ്ബുള്ളയും ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണിതെന്നു കരുതുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ ഡിജിറ്റല്‍ ഒപ്പുപതിഞ്ഞ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരമായി യോഗം ചേരേണ്ടതില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം നിലപാടെടുത്തിട്ടുണ്ട്. ഇതായിരിക്കാം വാന്‍സിന്റെ യാത്ര വൈകിപ്പിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു. യു.എസുമായുള്ള സ്വിസ് ചര്‍ച്ച മാറ്റിവച്ചതായി ഇറാന് വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ ചേരാനിരുന്ന യോഗം തല്ക്കാലം മാറ്റിവച്ചെങ്കിലും വരുംദിവസങ്ങളില്‍ ചേരുന്നതു സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നും ഇറാന് അധികൃതര്‍ പറഞ്ഞു.




