വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിനു സമ്മതിച്ചെന്നു സൂചന. പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത അമേരിക്കന്‍ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് നാലിനു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായാണു വിവരം. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലുമായി ധാരണയിലെത്തിയതായി ഹിസ്ബുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ സഹകരണത്തോടെ അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലുകളാണ് കരാറിനു വഴിതെളിച്ചെതെന്ന് യു.എസ്. ഉന്നതന് അറിയിച്ചു. മണിക്കൂറുകള്ക്കുമുമ്പും ആക്രമണമുണ്ടായെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും നിലവില്‍ സമാധാനപാതയിലെത്തിയെന്നാണു മനസിലാക്കുന്നതെന്നും ഉന്നതന് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രഖ്യാപനത്തിനു പിന്നാലെയും ദക്ഷിണ ലബനനില്‍ ആക്രമണം തുടരുന്നതായി അല്‍ ജസീറ വാര്‍ത്ത നല്കി. പ്രാദേശികസമയം നാലിനുശേഷം കുറഞ്ഞത് 12 വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.




