
സനാ: സാഹസികതയുടെ പേരില്‍ യമനിലെ 'സ്പൈഡര്മാന്' എന്ന വിളിപ്പേര് നേടിയ അല്‍ഖാഖാ ഇബ്നു അന്തര്‍(30) അഗ്നിപര്‍വത ഗര്‍ത്തത്തില്‍ (വൊള്‍ക്കാനിക് ക്രേറ്റര്‍) വീണു മരിച്ചു.
സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ കുത്തനെയുള്ള അഗ്നിപര്‍വതത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തെക്കന്‍ പ്രവിശ്യയായ ദാലെയിലുള്ള ഹര്‍ദ ഡാം അഗ്നിപര്‍വത ഗര്‍ത്തത്തിലേക്കാണു അന്തര്‍ വീണത്.
393 അടി ആഴത്തിലേക്കാണ് അദ്ദേഹം പതിച്ചതെന്നു സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. അദ്ദേഹം വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ അന്തര്‍ ഒരു പാറയിടുക്കില്‍ കയറുന്നത് കാണാം.
അദ്ദേഹം കയറുന്ന പാറക്കെട്ടില്‍ വെള്ള നിറത്തില്‍ അറബിക് ഭാഷയില്‍ പേരുകള്‍ എഴുതിയിട്ടുണ്ട്. തുടര്‍ന്ന് വലതുകൈകൊണ്ട് പാറയില്‍ പിടിച്ച് ഇടതുകൈ വായുവില്‍ ഉയര്‍ത്തി നില്ക്കുന്ന അന്തറിന് പെട്ടെന്ന് വലതുകൈയിലെ പിടി നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയുമായിരുന്നു.
നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനുശേഷമാണു മൃതദേഹം ലഭിച്ചത്.
യമനിലെ തെക്കന്‍ ദാലെ പ്രവിശ്യയിലെ ദംത് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന സവിശേഷമായ അഗ്നിപര്‍വത ഗര്‍ത്തമാണ് ഹര്‍ദ ഡാം.
കുത്തനെയുള്ള പാറക്കെട്ടുകളും അതിന് താഴെ ഗന്ധകം നിറഞ്ഞ ചൂടുവെള്ള തടാകവുമുള്ള ഈ ഗര്‍ത്തം ഈ പ്രദേശത്തിന്റെ ഒരു പ്രധാന അടയാളമാണ്.
യമനിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ അതീവ അപകടസാധ്യതയുള്ള രീതിയില്‍ മലകയറുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിലൂടെയാണ് അന്തര്‍ പ്രശസ്തനായത്.




