
ഒരു കാലത്ത് മലയാളസിനിമയുടെ മുടിചൂടാമന്നനായിരുന്നു കുഞ്ചാക്കോ. മലയാള സിനിമയ്ക്ക് ഇന്നും അഭിമാനത്തോടെ ഓര്‍ത്തിരിക്കാവുന്ന ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ച ഉദയ സ്റ്റുഡിയോയുടെ സ്ഥാപകന്‍. മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിച്ചതിൽ നിർണായകമായൊരു പങ്കുവഹിച്ച, മലയാള സിനിമാചരിത്രത്തിൽ മറക്കാനാവാത്ത പേരുകളിൽ ഒന്നായ കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോകളിൽ ഒന്നായ ഉദയ സ്റ്റുഡിയോ സ്ഥാപിച്ച ദീർഘദർശിയായിരുന്നു ചാക്കോ കുഞ്ചാക്കോ.
ആ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് മലയാളസിനിമയുടെ ചോക്ലേറ്റ് ഹീറോയായി ഇന്നും തിളങ്ങി നില്ക്കുന്ന കുഞ്ചാക്കോ ബോബന്. റൊമാന്റിക് നായകനായി തുടങ്ങി, പിന്നീട് വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ കുഞ്ചാക്കോ ബോബനെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്താണ് നിര്‍ത്തിയിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ അപ്പച്ചന്റെ 50-ാം ചരമവാര്‍ഷികത്തില്‍ ഇമോഷണലായ കുറിപ്പ് പങ്കിടുകയാണ് നടനും കഞ്ചാക്കോയുടെ കൊച്ചുമകനുമായ കുഞ്ചാക്കോ ബോബന്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മലയാള സിനിമയ്ക്ക് ഒരു അടിത്തറ സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇതിഹാസത്തെ അനുസ്മരിക്കുന്നു എന്നാണ് ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘....കുഞ്ചാക്കോ...സ്വർഗ്ഗത്തിൽ 50-ാം വർഷം...
ദൈവത്തിന്റെ സ്വന്തം നാട്ടിൽ മലയാള സിനിമയ്ക്ക് ഒരു അടിത്തറ സ്ഥാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇതിഹാസത്തെ അനുസ്മരിക്കുന്നു. മലയാള സിനിമയെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ച ധീരനായ ദീർഘദർശി....80 വർഷമായി ഉദയ പിക്ചേഴ്സിന്റെ പാരമ്പര്യം തുടരുന്നതിൽ അഭിമാനവും അനുഗ്രഹവും ആദരവും...’’ എന്നാണ് വല്യപ്പച്ചന്റെ ചിത്രം പങ്കിട്ട് കുഞ്ചാക്കോ ബോബന് കുറിച്ചിരിക്കുന്നത്. നിരവധി സഹപ്രവര്‍ത്തകരും ആരാധകരും താരത്തിന്റെ വല്യപ്പച്ചനെ അനുസ്മരിച്ച് കമന്റുകളിലൂടെ സ്നേഹം കുറിച്ചത്.






