
ഇന്ത്യയുടെ ഭരണസംവിധാനത്തിനും വികസന ആസൂത്രണത്തിനും ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്‌ഥാന വിവരങ്ങള്‍ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ പ്രക്രിയകളിലൊന്നാണു സെന്‍സസ്. ജനസംഖ്യയുടെ വലുപ്പം, സാമൂഹിക സാമ്പത്തിക സ്‌ഥിതിവിവരങ്ങള്‍, പാര്‍പ്പിടരീതികള്‍, വിദ്യാഭ്യാസനില, തൊഴില്‍സാഹചര്യങ്ങള്‍ തുടങ്ങി അനേകം മേഖലകളിലെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഭാവി നയരൂപീകരണത്തിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ സെന്‍സസ് വിജയകരമായി പൂര്‍ത്തിയാകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.
അതേസമയം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഏകദേശം 60,000 അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കകളെയും നിസാരവത്‌കരിക്കാനാവില്ല. ആകെ 1.75 ലക്ഷം അധ്യാപകരുള്ള സംസ്‌ഥാനത്ത് മൂന്നിലൊന്നോളം പേര്‍ സെന്‍സസ് ജോലിയില്‍ ഏര്‍പ്പെടുന്നുവെന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന് അടിസ്‌ഥാനമുണ്ട്. പ്രത്യേകിച്ച് ജൂലൈ മാസത്തില്‍ വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തേണ്ട സാഹചര്യം അധ്യാപകരുടെ സാധാരണ അക്കാദമിക് ചുമതലകളുമായി ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.
അധ്യാപക സംഘടനകള്‍ ഉന്നയിക്കുന്ന എല്ലാ ആശങ്കകളും ഒരുപോലെ അംഗീകരിക്കേണ്ടതില്ല. ചില പ്രസ്‌താവനകളില്‍ അതിശയോക്‌തിയുടെ അംശമുണ്ടെന്ന അഭിപ്രായവും തള്ളിക്കളയാനാവില്ല. കാരണം, സെന്‍സസ് നിയമം പ്രകാരം ഇത്തരം ദേശീയ ചുമതലകളില്‍ അധ്യാപകരെ വിനിയോഗിക്കുന്നത് പുതുമയല്ല. രാജ്യത്ത് പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളിലും സെന്‍സസിലും അധ്യാപകര്‍ നിര്‍ണായക പങ്കുവഹിച്ചുവരുന്നു. 2011ലെ സെന്‍സസിലും അധ്യാപകരുടെ സേവനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ജനങ്ങളുമായി നേരിട്ട് ഇടപെടാനും കൃത്യമായ രേഖപ്പെടുത്തല്‍ നടത്താനുമുള്ള കഴിവ് അധ്യാപകര്‍ക്കുണ്ടെന്ന സര്‍ക്കാര്‍ വാദത്തിനും യുക്‌തിയുണ്ട്.
എന്നാല്‍, ഇത്തവണത്തെ സാഹചര്യത്തെ മുന്‍കാല അനുഭവങ്ങളുമായി നേരിട്ട് താരതമ്യം ചെയ്യാനാകില്ല. പുതിയ അധ്യയനവര്‍ഷം ആരംഭിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണു വിവരശേഖരണം നടക്കുന്നത്. ഓണപ്പരീക്ഷയ്‌ക്ക് മുമ്പുള്ള പഠനദിനങ്ങള്‍ പരിമിതമാണ്. പല ൈപ്രമറി സ്‌കൂളുകളിലും ഒന്നിലധികം അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിട്ട് വിദ്യാര്‍ഥികളിലേക്കാണ് എത്തുക. ചില സ്‌കൂളുകളില്‍ പ്രധാനാധ്യാപകരുടെ ഒഴിവുകള്‍ നിലനില്‍ക്കുന്നതും സ്‌ഥലംമാറ്റ നടപടികള്‍ തടസ്സപ്പെട്ടിരിക്കുന്നതും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
സെന്‍സസോ പഠനമോ എന്ന ചോദ്യം ഇവിടെ പ്രസക്‌തമല്ല; രണ്ടും ഒരുപോലെ നിര്‍ണായകമായ പൊതുതാല്‍പര്യ വിഷയങ്ങളാണ്. സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ല; അതുപോലെ കുട്ടികളുടെ പഠനം നഷ്‌ടപ്പെടുത്താനും പാടില്ല. ഇവിടെയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടുതല്‍ പ്രസക്‌തമാകുന്നത്. സെന്‍സസ് ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്ക് ആവശ്യമായ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതും, ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വിട്ടുനില്‍ക്കുന്ന സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതും, വിവരശേഖരണ സമയക്രമത്തില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്നതും പരിഗണിക്കേണ്ട കാര്യങ്ങളാണ്. അധ്യാപകരുടെ അഭാവം കാരണം ൈപ്രമറി ക്ലാസുകള്‍ പ്രത്യേകിച്ച് ബാധിക്കപ്പെടാതിരിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ക്രമീകരണങ്ങളും വേണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കാവുന്നതാണ്.
ദേശീയ ആവശ്യവും വിദ്യാഭ്യാസ ഉത്തരവാദിത്വവും തമ്മില്‍ തുലനം കണ്ടെത്തുകയാണ് ഈ ഘട്ടത്തിലെ ഭരണപരമായ വെല്ലുവിളി. അധ്യാപക സംഘടനകളുടെ ആശങ്കകളെ സര്‍ക്കാര്‍ കേള്‍ക്കണം; അതേസമയം ദേശീയ പ്രാധാന്യമുള്ള സെന്‍സസ് പ്രവര്‍ത്തനത്തെ അനാവശ്യ വിവാദമാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സംഘടനകള്‍ക്കും ഉണ്ട്. വിവേകപൂര്‍ണമായ ആസൂത്രണത്തിലൂടെ ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം കൈവരിക്കാനാകുമെന്നതാണ് കേരളം തെളിയിക്കേണ്ടത്.





